ആലപ്പുഴ: പോകേ്സാ നിയമ പ്രകാരം സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത ആദ്യ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചതാണെന്ന് കോടതി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നല്കിയ റിപ്പോര്‍ട്ട് തള്ളിയ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍ കോടതി ജഡ്ജ് ആഷ്. കെ. ബാല്‍ കേസിലെ 17 പ്രതികള്‍ക്കും എതിരെ ഗൂഢാലോചന, പോക്സോ നിയമം ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്ക് പുനര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എറണാകുളം സ്പെഷല്‍ ക്രൈം ബ്രാഞ്ചിന് ഉത്തരവ് നല്കി.
കരസേനാംഗവും കാര്‍ഗില്‍ യുദ്ധമേഖലയില്‍ രാജ്യത്തിനു വേണ്ടി ധീരമായി പൊരുതുകയും ധീരതയ്ക്കുള്ള സേനാ മെഡല്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത സൈനികനാണ് ഈ ദുരവസ്ഥ നേരിട്ടത്. 2008ല്‍ സേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന് മാവേലിക്കര നൂറനാട് നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി (51) യാണ് കള്ളക്കേസ്സില്പ്പെട്ട് 55 ദിവസം ജയിലില്‍ കിടന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ചു നാട്ടിലെത്തിയ ഷാജി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പൊതു പ്രശ്നങ്ങള്‍ സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും എത്തിച്ചിരുന്നു. ഇതില്‍ വിറളി പൂണ്ട ചിലര്‍ ഷാജിയെ സാമൂഹ്യ സേവന മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.
ഷാജിക്കെതിരെ 2013ല്‍ പൂജപ്പുര പോലീസ് ചാര്‍ജ് ചെയ്ത കേസ് പിന്നീട് നൂറനാട് പോലീസിന് കൈമാറി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് പോക്സോ ചുമത്തി ഷാജിയെ ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ ഷാജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൊടുത്ത പരാതിയിന്മേല് കേരള ഹൈക്കോടതി ഇടപെട്ടു. ഇയാള്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്നു കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. നിരപരാധിയായ തന്നെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചവരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജി നല്കിയ മറ്റൊരു കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: