കിട്ടം പാളയത്തെ ഗ്രാമീണര്‍ ആല്‍ത്തറയില്‍ സൊറ പറഞ്ഞിരുന്ന ഒരു സന്ധ്യയിലാണ് അത് സംഭവിച്ചത്. ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ ആയിരക്കണക്കിന് വാവലുകള്‍ ഗ്രാമത്തിലേക്ക് പറന്നിറങ്ങി. ആല്മരത്തില് അവ തലകീഴായി തൂങ്ങിക്കിടന്നു. സ്ഥലം കിട്ടാത്തവ അടുത്തടുത്ത പുളിമരങ്ങളില്‍ ചേക്കേറി. ഏതാണ്ട് അയ്യായിരത്തോളം പടുകൂറ്റന്‍ വാവലുകള്‍.
വിരുന്നെത്തിയ വാവലുകളെ ഗ്രാമീണര്‍ അതിഥികളായി കണ്ടു. അവ കൃഷിയില്‍ നന്മകൊണ്ടുവരുമെന്നും ക്ഷുദ്രകീടങ്ങളെ തിന്നൊടുക്കുമെന്നും അവര്‍ അനുഭവം കൊണ്ടറിഞ്ഞു. പരാഗണം മെച്ചപ്പെടുത്തുന്നതിലൂടെ ധാന്യങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാവുമെന്ന് മനസ്സിലാക്കി. അതിനാല്‍ അവര്‍ കുട്ടികളെ ഇങ്ങനെ ഉപദേശിച്ചു-വാവലുകളെ വലിയ ശബ്ദം ഭയപ്പെടുത്തും. ചിലപ്പോള്‍ അവ പേടിച്ച് സ്ഥലം വിടും. അതിനാല്‍ നമുക്കിനി പടക്കം പൊട്ടിക്കേണ്ട. ബഹളമയമായ ദീപാവലി ആഘോഷവും വേണ്ട.
ആ ഉപദേശം കുട്ടികള്‍ അക്ഷരംപ്രതി അനുസരിച്ചു. മധുരം വിളമ്പിയും പുത്തനുടുപ്പിട്ടും അവര്‍ ദീപാവലി കൊണ്ടാടി. വിശ്രമസമയത്ത് വാവലുകളുടെ പോക്ക് വരവ് ആസ്വാദിച്ചു. ഏതാണ്ട് ഒന്ന്-ഒന്നര മീറ്റര്‍ വരെ ചിറകിന് നീളമുള്ള കടവാവലുകള്‍ അന്തിമയങ്ങുമ്പോള്‍ ഇരതേടി പോകുന്നതും പുലരും മുന്‍പേ മരത്തില്‍ ചേക്കേറുന്നതുമൊക്കെ നോക്കിക്കണ്ടു. വാവലുകള്‍ക്ക് ലഭിച്ച ഈ സംരക്ഷണം ഇതരപക്ഷികളെയും കിട്ടംപാളയത്തിലേക്ക് ആകര്‍ഷിച്ചു. കൊക്കുകയും മയിലുകളും തത്തകളുമെല്ലാം അവിടേക്ക് പറന്നെത്തി.
ശിവഗംഗ ജില്ലയിലെ കൊല്ലുകുടി പട്ടി, സിംഗം പുനാരി എന്നീ ഗ്രാമങ്ങളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. അവിടെ ഗ്രാമീണര്‍ കാവല്‍ നില്‍ക്കുന്നത് വാവലുകള്ക്കല്ല; കാതങ്ങള്‍ താണ്ടിവരുന്ന ദേശാടന കിളികള്‍ക്കാണ്. റഷ്യയുടെ മഞ്ഞ് മൂടിയ സൈബീരിയന്‍ പ്രദേശങ്ങളില്‍നിന്നും ഉത്തരേന്ത്യയിലെ ചില മഞ്ഞ് മേഖലകളില്‍നിന്നും ന്യൂസിലന്റില്നിന്നുമെത്തുന്ന ദേശാടന കിളികള്‍ക്ക്. അവിടെയുമില്ല പടക്കവും വെടിക്കെട്ടും കോളാമ്പിയില്‍ നിന്ന് തെറിക്കുന്ന കാതടപ്പിക്കുന്ന ശബ്ദഘോഷവും. അത്തരം ശബ്ദം കേട്ടാല്‍ മുട്ടയിട്ടിരിക്കുന്ന അമ്മക്കിളികള്‍ ഞെട്ടി പറന്നുയരും. കിളിക്കൂടുകള്‍ തകരും. മുട്ടകള്‍ താഴെ വീണ് ചിതറും. അതിനാല്‍ നിശബ്ദ രാത്രികളാണ് ആ ഗ്രാമങ്ങളില്‍. കഴിഞ്ഞ 30 വര്‍ഷമായി ദീപാവലി നാളില്‍ അവര്‍ പടക്കം പൊട്ടിച്ചിട്ടില്ല. നിശബ്ദമായി അവര്‍ ദേശാടന കിളികളെ സ്നേഹിക്കുന്നു. സ്കൂളുകളില്‍ അധ്യാപകരും അതുതന്നെ പറഞ്ഞുകൊടുക്കുന്നു.
വേട്ടക്കുടി പക്ഷിസങ്കേതത്തിന്റെ സാമീപ്യമാണ് ശിവഗംഗയിലെ ഈ കൊച്ചു ഗ്രാമങ്ങളെ ദേശാടന കിളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തിരുനല്‍വേലി ജില്ലയിലെ കുന്തംകുളം ഗ്രാമത്തിലെ നാട്ടുകാരാവട്ടെ, 1994 മുതല്‍ ദേശാടനക്കിളികള്‍ക്കായി ദീപാവലി വെടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നു. കോവിലിലെ ഉത്സവത്തിനും കെട്ടുകല്യാണത്തിനുമൊന്നും അവര്‍ പടക്കം പൊട്ടിക്കില്ല. ഡിസംബര്‍ മുതല്‍ ആഗസ്റ്റ് വരെ നീളുന്ന ദേശാടന കിളി സീസണില്‍ അന്‍പതില്‍ പരം ഇനം പക്ഷികളാണ് ഈ ഗ്രാമത്തില്‍ കുടിപാര്ക്കാനെത്തുക. കോവൈ ആസ്ഥാനമായുള്ള സാലിം അലി പക്ഷികേന്ദ്രം, ദേശാടന കിളികളെ പഠിക്കുന്നതിനുള്ള ‘ബേസ് കേന്ദ്ര’മായി ഈ ഗ്രാമത്തെ മാറ്റിയിരിക്കുന്നു.
ഈറോഡ് ജില്ലയിലെ സെല്ലപ്പം പാളയം, വാടമുഖം വെള്ളോട്, സെമ്മാണ്ടം പാളയം, പൂങ്കാംപടി, കുറുക്കന്‍കാട് എന്നീ ഗ്രാമങ്ങളിലും പടക്കം പൊട്ടിക്കാറില്ല. ഈറോഡില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന വാടമുഖം വെള്ളോട് പക്ഷി സങ്കേതത്തില്‍ ഒക്ടോബര്‍-ജനുവരി കാലത്താണ് വിരുന്നെത്തുന്ന പക്ഷികള്‍ മുട്ടയിട്ട് അടയിരിക്കുക. സേലത്തെ വാവര്തോപ്പിലും, സിര്കോഴി ക്ഷേത്രനഗരത്തിനടുത്ത് പെരമ്പൂരിലും കാഞ്ചിപുരത്തിനടുത്ത് വിശാറിലുമൊക്കെ ദേശാടനക്കിളികള്‍ ദേവതുല്യരാണ്. അവര്‍ക്ക് അനിഷ്ടമായ പടക്കങ്ങള്‍ ഗ്രാമവാസികള്‍ക്കും വേണ്ട.
ബ്രഹ്മപുത്രയുടെ തീരത്ത് കാമരൂപ് ജില്ലയിലെ ഒരുപിടി ഗ്രാമങ്ങളില്‍ ഗ്രാമവാസികള്‍ സംരക്ഷിക്കുന്നത് വമ്പന്‍ കൊക്കുകളെയാണ്. അവയ്ക്കായി ഗ്രാമീണര്‍ സമയം മാറ്റിവയ്ക്കുന്നു. കൊക്കുകള്‍ക്ക് രാപാര്‍ക്കാന്‍ പറ്റിയ മരങ്ങള്‍ അവര്‍ നട്ടുപിടിപ്പിക്കുന്നു. പറ്റിയ മരച്ചില്ലകളില്‍ കൂടുകെട്ടി സഹായിച്ചുകൊടുക്കുന്നു. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ഓരോ കിളിക്കുഞ്ഞിന്റെയും ജന്മദിനം ആഘോഷിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകയായ പൂര്‍ണിമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഹാര്‍ഗില്ല’ ആര്‍മിയുടെ സംരക്ഷണയിലാണ് ദേശാടനക്കിളികള്‍. അതിലെ അംഗങ്ങള്‍ വീട്ടമ്മമാര്‍. കിളികള്‍ പാര്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിനെയും വേട്ടയാടുന്നതിനെയും അവര്‍ പ്രതിരോധിക്കുന്നു. അനാവശ്യമായ ശബ്ദശല്യത്തിനെതിരെ ഗ്രാമീണരെ ബോധവല്‍ക്കരിക്കുന്നു.
ഒരിക്കല്‍ വേട്ടക്കാരുടെ ഗ്രാമമായിരുന്നു നാഗാലാന്റിലെ ഹന്തി (പാന്തി) ഗ്രാമത്തിലും പക്ഷികള്‍ ഇന്ന് അതിഥികളാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പറന്നെത്തുന്ന ‘ഫാല്‍കോ-അമുറന്സിസ്’ എന്നയിനം കൂറ്റന്‍ പരുന്തുകള്‍ അവിടെ സ്നേഹപൂര്‍വം സംരക്ഷിക്കപ്പെടുന്നു. ഒരു സീസണില്‍ ഒരു ലക്ഷത്തിലേറെ പരുന്തുകള്‍. ചൈനയില്‍നിന്നും സൈബീരിയയില്‍ നിന്നും തെക്കന്‍ ആഫ്രിക്കയിലേക്ക് ദേശാന്ത ഗമനം നടത്തുന്നവ. ഒറീസയിലെ ചില്‍ക്ക ഉപ്പ് തടാകത്തോട് ചേര്‍ന്നുള്ള മംഗളം ജോടി വെറ്റ്ലാന്റിലും (തണ്ണീര്‍ത്തടം) പക്ഷികള്‍ ഇന്ന് സുരക്ഷിതരാണ്. രാജസ്ഥാനിലും മറ്റും അതിഥികളായെത്തുന്ന ദേശാടനക്കിളികള്‍ കൂറ്റന്‍ വിന്‍ഡ് ടര്‍ബൈനുകളുടെ ചിറകില്‍ പെടാതിരിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. പക്ഷികളെയും അവയുടെ പ്രജനന കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ രാജ്യമെങ്ങും ശ്രമങ്ങള്‍ നടക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ. സാക്ഷര-നിരക്ഷര ഭേദമില്ലാതെ. പക്ഷേ കായലോരത്ത് പറന്നെത്തുന്ന ദേശാടനക്കിളികളെയും പാടവരമ്പില്‍ ഇരതേടുന്ന ഇരണ്ടകളെയും തരം കിട്ടായാല്‍ വെടിവച്ചു പിടിക്കാന്‍ തക്കംപാര്‍ക്കുന്ന നാട്ടിലെ നരജന്മങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവാന്‍?
ടിറ്റികാക്ക വരളുന്നു
കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ആരെയും വെറുതെ വിടുന്നില്ല. ഇപ്പോഴിതാ ടിറ്റി കാക്ക തടാകവും വറ്റുന്നു. ആഗോളതാപനത്തില്‍ ആന്‍ഡിയന്‍ ഹിമാനി ഉരുകി അകന്നതാണ് തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ തടാകമായ ടിറ്റികാക്കയിലെ ജലനിരപ്പ് താഴാന്‍ കാരണമായത്. ആറ് മാസങ്ങള്‍കൊണ്ട് മുക്കാല്‍ മീറ്ററാണ് ജലനില താഴേക്ക് പോ
യത്. മഴ തീരെ കുറഞ്ഞതും താപനില ഉയര്‍ന്നതുമൊക്കെ മറ്റ് കാരണങ്ങള്‍. ഒപ്പം എല്‍-നിനോ പ്രതിഭാസവും. ടിറ്റി കാക്കയിലെ വെള്ളം കുറയുന്നത് അതിനെ ആശ്രയിച്ച് ജീവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാഴ്ത്തും. എല്‍ ആള്‍ട്ടോ നഗരത്തില്‍ കുടിവെള്ളം മുട്ടും. ഒരു ജൈവമണ്ഡലം തന്നെ നാശഭീഷണിയിലാവും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: