ബാക്കിവല്ലതുമുണ്ടോ? എന്നാണ് ചോദ്യം. കവി, സാഹിത്യകാരന്‍, പത്രാധിപര്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന എന്‍.വി. കൃഷ്ണവാര്യരുടെ ‘ബാക്കിവല്ലതുമുണ്ടോ?’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
”ബാക്കിവല്ലതുമുണ്ടോ?
ദയപോയ് ദാക്ഷിണ്യം പോയ്
ലോഹ്യംപോയ് മര്യാദപോയ്
ബാക്കിവല്ലതുമുണ്ടോ?” -നമുക്ക് നഷ്ടമായതെന്ന് കവിക്ക് ബോധ്യപ്പെട്ടവ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍, ഇത് ശരിയാണല്ലോ എന്ന് തോന്നിക്കുകയും കുറ്റക്കാരന്‍ ഞാനുമാണല്ലോ എന്ന് വിചാരിക്കുകയും തിരുത്തണമെന്ന് നിശ്ചയിക്കുകയും ചെയ്യുന്നിടത്താണ് ആ കവിതയുടെ വിജയം. ‘കവിക്ക് ഒന്നും ചെയ്യാനാവില്ല, പ്രത്യേകിച്ച് രാഷ്‌ട്രീയക്കാരനെ തിരുത്തുന്ന കാര്യത്തില്‍’ എന്ന് നിരാശപ്പെട്ട് ‘കവിയും കാലവും’ എന്ന കവിതയെഴുതിയ (”ഇമ്മട്ടിലുള്ള കാലത്തില്‍/ എന്തുചെയ്തീടണം കവി?/ചുമ്മാതെ വായും പൂട്ടി/ ഒന്നും മിണ്ടാതിരിക്കണം/ തെറ്റുചെയ്യുന്ന രാഷ്‌ട്രീയം/ നേര്‍വഴിക്കു നടത്തുവാന്‍/ തനിക്കു കഴിവില്ലെന്ന/ കാര്യം കവി മറക്കൊലാ”) എന്‍വിയുടെ ഈ കവിത നടത്തുന്ന മനപ്പരിവര്‍ത്തനമാണ് ആ കവിതയുടെ കാമ്പ്. കവിതയല്ല, ഇവിടെ നമ്മുടെ വിഷയം; ബാക്കി വല്ലതുമുണ്ടോ? എന്ന ചോദ്യം മറ്റൊരു സാഹചര്യത്തില്‍ ചോദിക്കുകയാണ്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞപ്പോഴാണ് ”ബാക്കി എന്തൊക്കെ?” എന്ന ചോദ്യങ്ങള്‍ പലരും ഉയര്‍ത്തിയത്. ”കാശി മഥുര ബാക്കി ഹെ” എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു വശത്ത്. കാശിയും മഥുരയും മാത്രമല്ല, അങ്ങനെ പലതുമുണ്ട് എന്ന് മറ്റൊരു വശത്ത്. ഒരു വശത്ത് വിജയത്തിന്റെ ആഹ്ലാദവും മറുവശത്ത് കീഴടങ്ങേണ്ടിവരുമെന്ന് ആശങ്കപ്പെടുത്തുന്ന ആക്ഷേപവുമാണ് എന്ന് വ്യത്യാസം. വാസ്തവത്തില്‍ രണ്ടിനുമിടയിലുള്ള ഒരു സമവായ സാധ്യതയുടെ സാഹചര്യം ശക്തമായി നിലനില്‍ക്കെയാണ് ഈ രണ്ടു നിലപാടുകളുമെന്നതാണ് കൗതുകകരം.
അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയശേഷം അവിടെ നടന്ന പൊതുസമ്മേളനത്തില്‍, അതിന് മേല്‍നോട്ടം വഹിച്ച് നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആ ലക്ഷ്യത്തിന് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച പ്രസ്ഥാനമായ ആര്‍എസ്എസ്സിന്റെ സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവതും പറഞ്ഞത് ”ഇത് ആരുടെയെങ്കിലും മാത്രം വിജയമോ ഒരാളുടെയും പരാജയമോ അല്ല,” എന്നാണ്. അതായത്, സര്‍വര്‍ക്കും നേട്ടമുണ്ടായ ഒരു തീരുമാനത്തിന്റെ നടത്തിപ്പ്. അതെ, അതാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും പ്രാണപ്രതിഷ്ഠയുടെയും ഫലശ്രുതി.
പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടിനു മുമ്പുവരെ അതായിരുന്നില്ല സ്ഥിതി. ധര്‍മ്മ സംസ്ഥാപനത്തിനുള്ള ‘മഹാഭാരത യുദ്ധം’ പോലും ‘സേനയോരുഭയോര്‍’ ആയിരുന്നു. ഇരു വിഭാഗം, അതില്‍ ഒരു വിഭാഗത്തിന്റെ അനര്‍ഹമായ അവകാശങ്ങള്‍ക്കായി വാദിച്ച്, അതിന് അര്‍ഹത ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശകുനിമാരും. അതേ തന്ത്രം പയറ്റുന്നവരുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ യുക്തിപൂര്‍വം ചിലര്‍ ചിന്തിച്ചതാണ് ചോര ചിന്താതെ, വിയര്‍പ്പൊഴുക്കാത, രാമജന്മഭൂമിയിലെ തര്‍ക്കം തീര്‍ത്തത്. പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതുപോലെ, നീതിക്കും നിയമത്തിനും കോടതിയുടെ നിര്‍വഹണ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരണമായിത്തന്നെ.
അപ്പോഴാണ് ബാക്കിവല്ലതും ഉണ്ടോ എന്ന ചോദ്യത്തിന്റെ പ്രസക്തി. ജ്ഞാന്‍ വാപിയിലെ പുരാവസ്തുവകുപ്പിന്റെ സര്‍വേ, കാശിമഥുര ക്ഷേത്രങ്ങളെച്ചൊല്ലി മുമ്പേ ഉണ്ടായിട്ടുള്ള അവകാശ വാദങ്ങള്‍ തുടങ്ങിയവ അങ്ങനെ വീണ്ടും പൊങ്ങി വരികയാണ്. ഒരു ഘട്ടത്തില്‍ അയോദ്ധ്യാ തര്‍ക്കം വഷളാക്കിയതിന് സമാനമായ സ്ഥിതിയും സാഹചര്യവും ഉണ്ടാക്കിയെടുക്കുകയാണ് ചിലര്‍. യുക്തിയും വിവേകവും സമവായവും സമന്വയവും നടത്താനുള്ള അവസരങ്ങള്‍ ഇല്ലാതാക്കാനുള്ള എടുത്തു ചാട്ടങ്ങളില്‍ ഒരിക്കല്‍ വീണുപോയതിന്റെ കേട് തിരിച്ചറിഞ്ഞവര്‍ക്ക് ജാഗ്രതയ്‌ക്കുള്ള അറിയിപ്പുകൂടിയാണ് ബാക്കിവല്ലതുമുണ്ടോ? എന്ന ചോദ്യം.
അയോദ്ധ്യയില്‍ രാമക്ഷേത്രം വന്നാല്‍, അതിന് ലക്ഷ്യമിട്ട് ബിജെപി അധികാരത്തില്‍ വന്നാല്‍, അവര്‍ക്ക് ഒറ്റയ്‌ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയാല്‍, രാമക്ഷേത്രം നിര്‍മ്മിച്ചാല്‍… എന്തൊക്കെ സംഭവിക്കുമെന്നായിരുന്നു ചിലര്‍ ഒരു കാലത്ത് പ്രചരിപ്പിച്ചിരുന്നത്? ഓര്‍മയുണ്ടോ? പഴയ രേഖകള്‍ പരിശോധിച്ചാല്‍ അറിയാം ഓരോ ‘പണ്ഡിതര്‍, വിദഗ്‌ദ്ധര്‍, വിശകലനക്കാര്‍, പ്രവചനക്കാര്‍, സാമൂഹ്യരാഷ്‌ട്രീയ ചിന്തകര്‍,’ മറ്റും മറ്റും പറഞ്ഞ് പേടിപ്പിച്ചിരുന്നത് എന്തൊക്കെയാണെന്ന്. പക്ഷേ ആ പേടിപ്പിച്ചതൊന്നും നടന്നില്ല, എന്നാല്‍, അയോദ്ധ്യയില്‍ ഒരു തടസവുമില്ലാതെ, സമാധാനവഴിയില്‍, സര്‍വരുടെയും അംഗീകാരത്തോടെ നിയമ വിധേയമായി ശ്രീരാമന് ഭവ്യക്ഷേത്രം നിര്‍മ്മിക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു. അപ്പോള്‍ ഉത്തരമിങ്ങനെയായി, ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ നുണയായിരുന്നു. അവരുടെ വിശ്വാസ്യതയും പോയി; അവര്‍ക്ക് ‘ബാക്കി’ ഒന്നുമില്ലാതായി. അവരുടെ കാര്യത്തില്‍: ”ബാക്കി വല്ലതുമുണ്ടോ? മാനം പോയ്, വിലപോയീ, വിശ്വാസമാകെപ്പോയീ, പിന്തുണ പൂര്‍ണം പോയി” എന്ന് കവിത മാറ്റിപ്പാടിയാല്‍ കവി എന്‍.വി. കൃഷ്ണവാര്യരുടെ ആത്മാവ് പിണങ്ങില്ല. കാരണം, മൂന്നുതവണ അയോദ്ധ്യാ ജന്മഭൂമിയിലെ രാമക്ഷേത്രത്തെക്കുറിച്ച് ആധികാരികമായി ലേഖനം എഴുതി, അവിടെ രാമക്ഷേത്രമാണെന്ന് സ്ഥാപിച്ചയാള്‍കൂടിയായിരുന്നു അദ്ദേഹം. 1985,ല്‍ 1986 ല്‍, 1987 ല്‍. ഇതില്‍ നേരിട്ടുപോയിക്കണ്ട് ബോധ്യപ്പെട്ട ശേഷമാണ് 87ല്‍ എഴുതിയത്. ആധികാരികമായി, ചരിത്രത്തെളിവുകളും സാഹചര്യത്തെളിവുകളും പുരാവസ്തുത്തെളിവുകളും വിലയിരുത്തിയശേഷം.
ബാക്കി വല്ലതുമുണ്ടോ? എന്ന് ചോദിക്കുമ്പോള്‍ ഇനിയും ശേഷിക്കുന്നത് സമവായവും സമാധാനവുമാണെന്നുതന്നെയാണ് മറുപടി പറയേണ്ടത്. ‘ഭാരത വിഭജനത്തിനു ശേഷം അയോദ്ധ്യാ തര്‍ക്കം രാജ്യത്തെ പിന്നെയും രണ്ടാക്കി’ എന്ന് വാദിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന ബുദ്ധി (കു) ജീവികളുണ്ട്. അവര്‍ പക്ഷേ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ യോജിച്ചു നിന്നത് ഈ രാജ്യം മാത്രമല്ല എന്ന വസ്തുത കണ്ടില്ലെന്ന് നടിക്കുകയാണ്. കള്ളം മാത്രം പറയുകയാണ്. അവര്‍ പറഞ്ഞതിനും പറയാന്‍ സാദ്ധ്യതയുള്ളതിനും പ്രധാനമന്ത്രി മോദി മറുപടി പറഞ്ഞു: ”രാമനില്‍ നിന്ന് രാഷ്‌ട്രത്തിലേക്കും ദേവനില്‍ നിന്ന് ദേശത്തിലേക്കും നാം പരിണമിച്ചുവെന്ന്. ചിലര്‍ പറഞ്ഞു. ക്ഷേത്രം പണിതാല്‍ അത് സമൂഹത്തില്‍ വിദ്വേഷത്തിന്റെ അഗ്‌നിയാളിക്കുമെന്ന്. പക്ഷേ, ഒന്നും സംഭവിച്ചില്ല, രാമന്‍ ഐക്യം വര്‍ദ്ധിപ്പിച്ചുവെന്ന്. നിയമവിരുദ്ധമാണ് ക്ഷേത്ര നിര്‍മ്മിതിയെന്നു പറഞ്ഞതിന് കോടതി നടപടികളേയും വിധികളേയും നിര്‍ദ്ദേശങ്ങളേയും കുറിച്ചും വിശദീകരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
കുപ്രചാരണക്കാര്‍ തുടരട്ടെ, അവര്‍ക്ക് ബാക്കിയൊന്നുമില്ലാതെ വരികയാണല്ലോ? പക്ഷേ, 36 മിനുട്ട് പ്രസംഗത്തിലൂടെ നരേന്ദ്ര മോദി സ്ഥാപിച്ചത് ബാക്കിയുള്ളതിലേക്ക്, ശേഷിക്കുന്ന കാലത്തേക്ക് ഉള്ള നിലപാടുകളും മാര്‍ഗ്ഗങ്ങളും കൂടിയായിരുന്നല്ലോ.
അയോദ്ധ്യയില്‍ തര്‍ക്കങ്ങളും തകര്‍ക്കലുകളുമില്ലാതെ തീര്‍ക്കാമായിരുന്ന ഒരു വിഷയം കലുഷമാക്കാനും, കാലം നീട്ടാനും കാരണമായത് മുമ്പ് പറഞ്ഞ കുബുദ്ധികളുടെ ഇടപെടലുകളാണ്. അവര്‍ അവസാനിപ്പിച്ചിട്ടില്ല, പക്ഷേ, വിശ്വാസ്യതയില്ലാതായി. സുപ്രീം കോടതി വിശദമായ പഠന ഗവേഷണം നടത്തി സമാഹരിച്ച വിവരങ്ങളും നിലപാടും അവരുടെ അവിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. സമവായത്തിന്റെ വഴിയിലേക്ക് ഒരിക്കല്‍ തര്‍ക്കിച്ചു നിന്നവര്‍ നടന്നടുക്കുന്നു. ഗുണപരമാണ് ഗതി.
എന്‍.വി. കൃഷ്ണവാര്യരുടെ ‘ബാക്കി വല്ലതുമുണ്ടോ?’ അവസാനിക്കുന്നത് ഇങ്ങനെയാണ്:
”…അന്തികള്‍ വാനിന്‍ ചാരം തുടുപ്പിക്കുമോ വീണ്ടും?/ വെന്തവേനലിന്‍ വിങ്ങല്‍ മാറ്റുമോ മഞ്ഞിന്‍ തുള്ളി,/ കരളിന്നടിയിലെച്ചേറ്റില്‍നിന്നൊരു വെള്ള/ക്കമലം വിടര്‍ന്നതിന്‍ ഗന്ധം നാം ശ്വസിക്കുമോ?/ ബാക്കി വല്ലതുമുണ്ടോ?/ സ്വാതന്ത്ര്യം? സത്യം? ധര്‍മ്മം? /മൈത്രി? കാരുണ്യം? ശാന്തി?/ വല്ലതുമുണ്ടോ ബാക്കി?”
വെള്ളത്താമരകള്‍ വിരിഞ്ഞ്, അതിന്റെ ഗന്ധം ശ്വസിക്കാന്‍ ഇടവരുന്ന, സ്വാതന്ത്ര്യവും സത്യവും ധര്‍മ്മവും മൈത്രിയും അതില്‍ നിന്നെല്ലാമുയിര്‍ക്കൊള്ളുന്ന ശാന്തിയും ഇപ്പോള്‍ നാടെങ്ങും പരക്കുകയാണല്ലോ! ‘ബാക്കി’യിലേക്കും അത് വ്യാപിക്കുകയാണല്ലോ!!
പിന്‍കുറിപ്പ്:
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിക്ക് മുന്നില്‍, ‘നെഞ്ചില്‍ കൈകെട്ടി നിന്ന’ നടന്‍ മമ്മൂട്ടി പ്രശംസിക്കപ്പെട്ടു, വിമര്‍ശിക്കപ്പെട്ടു. മമ്മൂട്ടിക്ക് പത്മവിഭൂഷണ്‍ ബഹുമതി കിട്ടാന്‍ പോകുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചു, കിട്ടാഞ്ഞപ്പോള്‍ അവര്‍തന്നെ പരിഹസിച്ചു, പരിതപിച്ചു. കൈ കെട്ടി നിന്നതുകൊണ്ടാണ് മമ്മൂട്ടിക്ക് കിട്ടാതെ പോയതെന്ന വ്യാഖ്യാനം വന്നാലും അതിശയിക്കേണ്ട. കാരണം, കേരളത്തില്‍ ആരുടെയൊക്കെയോ ‘പട്ടേലര്‍’മാരും ആരുടെയെല്ലാമോ ‘തൊമ്മി’കളും ചേര്‍ന്ന് ‘അമ്പലക്കുളങ്ങളിലേക്ക്’ തോട്ടകള്‍ എറിഞ്ഞു കൊണ്ടേയിരിക്കുകയാണ്. പലതിലും തിരിയറ്റംവരെ എരിയുന്നുണ്ട്, പക്ഷേ, ഒന്നും പൊട്ടുന്നില്ല. അടൂരുമാരും സക്കറിയകളും തമ്മിലുള്ള അന്തരം അതാണല്ലോ. കവി എന്‍.എന്‍. കക്കാട്, ഇംഗ്ലീഷ് കവി ടി.എസ്. എല്യറ്റിനോട് ”ശാന്തിഃ” എന്ന ആത്മീയ അവസ്ഥയെക്കുറിച്ച് പറഞ്ഞതുപോലെ: ”…ഒരു ഹിമവാന്റെ അന്തരം, പ്രണവത്തിന്റെ അന്തരം” ഉണ്ടല്ലോ തമ്മില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: