ലക്നൗ :ഉത്തര്‍പ്രദേശില്‍ കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മുസ്ലീം പളളി കൈമാറണമെന്ന് പളളി കമ്മിറ്റിയോട് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).പളളി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ജ്ഞാനവാപി-കാശി വിശ്വനാഥ കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന വിഷ്ണു ശങ്കര്‍ ജെയിന് പറഞ്ഞു.
17-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഔറംഗസേബ് ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ദേവതാ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ പളളിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയന്ന് എഎസ്ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിഷ്ണു ശങ്കര്‍ ജെയിന് ചൂണ്ടിക്കാട്ടി.
എന്നാല്‍ എ എസ് ഐ റിപ്പോര്‍ട്ട് അന്തിമവിധിയല്ലെന്ന നിലപാടിലാണ് മുസ്ലീം വിഭാഗം.
തര്‍ക്കസ്ഥലത്ത് ‘വസുഖാന എന്നറിയപ്പെടുന്ന’ ഭാഗത്ത് കാണുന്ന ശിവലിംഗത്തില്‍ പൂജകള്‍ ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നുതായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.അതിനാല്‍, 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ഇത് ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജ്ഞാന്‍വാപി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ‘കാശി വിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥലം ഹിന്ദു സമൂഹത്തിന്’ കൈമാറാനും സമ്മതിക്കണമെന്ന് വിഎച്ച്പി പള്ളിയുടെ പരിപാലകരായ ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.ഭാരതത്തിലെ രണ്ട് പ്രമുഖ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്പായിരിക്കും ഇതെന്ന് വിഎച്ച്പി കുതുന്നതായും അലോക് കുമാര്‍ പറഞ്ഞു.
ജ്ഞാന്‍വാപി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2021 ഓഗസ്റ്റില്‍ അഞ്ച് ഹിന്ദു സ്ത്രീകള്‍ ,ദേവതാ വിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പളളിയിലെ മാ ശൃംഗര്‍ ഗൗരി എന്നയിടത്തില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് പ്രാദേശിക കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്.
തുടര്‍ന്ന് പളളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. തടയാന്‍ പളളി കമ്മിറ്റി ശ്രമിച്ചെങ്കിലും സര്‍വേ പൂര്‍ത്തിയാക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: