രണ്ടു സഹസ്രാബ്ദത്തിലേറെയായി പാരമ്പര്യമുള്ള കേരളകലാരൂപമാണ് ചാക്യാര്‍കൂത്ത്. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിച്ചു പോന്നത്. പിന്നീട് നാട്യാചാര്യനായ പൈങ്കുളം രാമചാക്യാര്‍ ഈ കലാരൂപത്തെ ക്ഷേത്രമതില്ക്കെട്ടുകള്ക്ക് പുറത്തേക്ക് കൊണ്ടുവന്ന് കൂടുതല്‍ ജനകീയതയുളളതാക്കി.
ചാക്യാര്‍കൂത്തിന്റെ വേദികളില്‍ ഇക്കാലത്ത് പഴയതുപോലെയുളള പ്രാധാന്യം ലഭിക്കുന്നുണ്ടോ?
രണ്ടു കാര്യങ്ങളാണ് എന്റെ മനസ്സില്‍ തോന്നുന്നത്. ഒന്നാമത് വളരെ സങ്കീര്‍ണ്ണമായ വിഷയത്തെപ്പറ്റി പഠിക്കാനുളളതോ മനസ്സിലാക്കാനോ ഉളള ആശയപരത തീരെ കുറഞ്ഞിരിക്കുന്നു. അതിനുകാരണം സംസ്കൃതത്തിന്റെ അപചയവും കുടുംബ വ്യവസ്ഥിതിയില്‍ നിന്നുമകന്നതുമാണെന്നു പറയാം. പഴയകാലത്ത് മുത്തശ്ശന്മാരും മുത്തശ്ശിമാരും അമ്മാവന്മാരുമൊക്കെ അവരോട് പുരാണകഥകളൊക്കെ പറഞ്ഞുകൊടുത്തിരുന്നു. അതിനു ദൃഷ്ടാന്തമായിട്ടാണ് വ്യത്യസ്തമായ രംഗാവതരണങ്ങളിലൂടെ കുട്ടികളുടെ ഉളളിന്റെ ഉള്ളിലുളള പുരാണകഥകളെ രംഗത്ത് കാണുവാനുളള ആഗ്രഹമുണ്ടാകുന്നത്. കഥകളിയറിയില്ല നല്ലൊരു ശതമാനം ആളുകള്‍ക്കും അത് ഊമക്കളിയാണ്. പാട്ടുപാടാനറിയില്ല, താളമെന്താണെന്നറിയില്ല, മുദ്രയെന്താണെന്നറിയില്ല, എന്താ കഥാംശമെന്നറിയില്ല, എന്താ അഭിനയിക്കുന്നതെന്നറിയില്ല അങ്ങനെ അറിയായ്കകളാണ് ഏറ്റവും കൂടുതല്‍ അവിടെ പ്രകടമാകുന്നത്. അറിയണമെങ്കിലെന്തെങ്കിലും മെനക്കെടണ്ടേ. അതിനു താല്‍പ്പര്യവുമില്ല. ഇത് ഉള്ക്കൊളളണമെന്നുളള തോന്നല്‍ പുതിയ തലമുറയ്ക്കുണ്ടാകണമെന്നുണ്ടെങ്കില് അവര്‍ക്കതിനുളള സാഹചര്യമുണ്ടാക്കണം. സ്കൂളുകളിലും കോളജുകളിലുമിന്ന് പഠനകാലത്ത് പുരാണകഥകള്‍ പഠിപ്പിക്കുന്നുണ്ടോ. ഭക്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ടതു പോലും പഠിപ്പിക്കുന്നില്ല. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടതു പോലും ഒഴിവാക്കുന്നു. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് നാലാം ക്ലാസ്സില്‍ രാമായണം ചൊല്ലാന്‍ പഠിപ്പിച്ചിരുന്നു. അതെങ്ങനെയാണ് ചൊല്ലേണ്ടതെന്ന് പഠിപ്പിച്ചിരുന്നു.
വരികരികിലീ കിളിമകളെ നീ
വരിനെല്ലിന്നവിലരിവറുത്തെളളും
നവനാളീകേരസലിലവും പാലും
നവനീതമോടെ തരുവാന്‍ വൈകാതെ
ഇത് കേട്ടു പഠിക്കുമ്പോള്‍
അക്ഷരങ്ങളുറയ്ക്കും നാവുരുളും
ശ്രീരാമാ രാമാ രാമാ ശ്രീരാമാ രാമാ രാമ
ശ്രീരാമാ രാമാ രാമാ ശ്രീരാമഭദ്രാ ജയ
അപ്പോ രാമായണം വായിക്കാനും കേള്ക്കാനുമുളള സംവിധാനം അന്നുണ്ടാക്കിയിരുന്നു. ഇന്നിപ്പോളതൊന്നും തന്നെ പഠിപ്പിക്കാനും പഠിക്കാനും പാടില്ല എന്ന സ്ഥിതിവിശേഷമായിരിക്കുന്നു. 50 കൊല്ലം മുന്പുളള പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മാഷിനു മനസ്സിലാകും.
കലയെ ഇന്ന് വാണിജ്യവല്ക്കരിക്കുന്ന കാലമല്ലെ? കഴിഞ്ഞ ദിവസം ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ഇവന്റ് മാനേജുമെന്റുകള്‍ കഥകളിയുടെയും ചാക്യാര്‍കൂത്ത് തുടങ്ങിയ കലകളുടെയും വേഷമിട്ടവര്‍ കോപ്രായങ്ങള്‍ നടത്തുന്ന കാഴ്ചകണ്ടു ഇതിനോടു യോജിക്കുവാന്‍ കഴിയുമോ? ഇന്ന് കലയുടെ മഹത്വവല്‍ക്കരണത്തിനു പകരം അപമാനിക്കലല്ലെ നടക്കുന്നത്.
ഇന്ന് മഹത്വല്‍ക്കരണം ഉണ്ടെന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ മഹത്വം ഉണ്ട് എന്നും അറിഞ്ഞിരിക്കണം. നമുക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് വര്‍ജ്യമായി കണക്കാക്കരുത.് ഇന്നതാണ് ഉണ്ടാകുന്നത്. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാടേ ഉപേക്ഷിക്കുന്നു.
പഠിച്ച് പഠിപ്പിക്കുന്നവനാണ് അധ്യാപകന്. പഠിപ്പിക്കുന്നതിന് മുന്‍പ് നിത്യവും പഠിക്കണം. പുതിയ പുതിയ ആശയങ്ങള്‍ എന്തു കിട്ടുന്നുവോ എവിടെ നിന്ന് കിട്ടുന്നുവോ ഏതു ഭാഷയില്‍ നിന്ന് കിട്ടുന്നുവോ അത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നയാളാണ് യഥാര്‍ത്ഥ അധ്യാപകന്. അപ്പോള്‍ അധ്യാപകന് അറിയാതെ തന്നെ വിജ്ഞാനകോശമായി മാറുന്നു. ഈ ഒരു വിജ്ഞാന കോശമാകുന്നതു കൊണ്ട്. ഇത് എവിടെ എങ്കിലും പ്രയോഗിക്കണ്ടേ? അത് കുട്ടികളുടെ മുന്പില് ആകുന്നു.
ആദ്യമായിട്ട് വേദികളിലെങ്ങനെയാണ് കൂത്ത് അവതരിപ്പിച്ചത് ?
പാരമ്പര്യമായി നടത്തിപ്പോരുന്ന കുറെ അമ്പലങ്ങളുണ്ട് കൂത്തമ്പലങ്ങളുളളിടത്ത് കൂത്തമ്പലങ്ങളിലും, ഇല്ലാത്തിടത്ത് ഊട്ടുപുരയിലായിട്ടോ അല്ലെങ്കില്‍ വഴിയമ്പലങ്ങളിലായോ നടത്തിയിരുന്നു. വഴിയമ്പലത്തിലാണ് ആദ്യമൊക്കെ നടത്തിയിരുന്നത്. ഇപ്പോഴും അങ്ങനെ നടക്കുന്ന അമ്പലങ്ങളുണ്ട്. അവിടെയുളള ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് ഈ കലാവതരണം. കൂത്ത്, തുളളല്‍, പാഠകം, കഥകളി ഇതൊക്കെത്തന്നെയാണിപ്പോഴും അവിടെയൊക്കെ പ്രാധാന്യം നല്‍കുന്നത്. മുപ്പതു കൊല്ലത്തിനുളളിലാണ് വടക്കന്‍ പ്രദേശത്ത് മറ്റു പരിപാടികള്‍ കൂടി ഉത്സവ സമയത്ത് അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാലത്ത് ബാലെ ഒരു പ്രധാന പരിപാടിയായിരുന്നു. ഇത് നൃത്തമൊ കഥകളിയൊ ഭരതനാട്യമൊ മോഹിനിയാട്ടമൊ അല്ല എന്നാല്‍ എല്ലാറ്റിന്റെയും ഭാഗങ്ങളുമിതിലുണ്ട് എന്ന വിശ്വാസത്തിലാണിത് ആസ്വദിച്ചത്. പക്ഷേ അതിലൊന്നുമില്ല എന്ന് കണ്ടെത്തിയത് വളരെ താമസിച്ചാണ്.
പിന്നീട് ഇക്കിളിപ്പെടുത്തുന്ന സംഭാഷണങ്ങളിലൂടെ നാടകങ്ങളിറങ്ങി. അമ്പലത്തിന്റെ സംസ്കാരത്തിനനുസരിച്ച് നാടകം അമ്പലത്തിന്റെ കോമ്പൗണ്ടില്‍ പാടില്ല എന്ന് ചിലര്‍ ശഠിച്ചു. അങ്ങനെ മിക്ക ക്ഷേത്രങ്ങളിലും ഇത് നടത്താന്‍ വിസമ്മതിച്ചു. പക്ഷേ പരിഷ്കാരത്തിനായി ഇവയൊക്കെ കടന്നുവന്നെങ്കിലും സ്ഥായിയായി നിലനില്ക്കാതിരുന്നത് ആസ്വാദകരുടെ നിലവാരംകൊണ്ടു തന്നെയാണ്. എന്നാല്‍ പുതിയവയൊട്ടും സ്വീകാര്യമല്ലാതെ വരുമ്പോള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നതുപോലെ പഴയവയെ അനേ്വഷിച്ചു വരുന്നു.
കൂത്തിനും കൂടിയാട്ടത്തിനും ഇതു മാത്രം പോര. നേരത്തെ പറഞ്ഞതു പോലെ കുട്ടിക്കാലത്തുതന്നെ ലഭിച്ച സാംസ്കാരിക അവബോധം ഉണ്ടായിരിക്കണം. അതുകൊണ്ടു മാത്രമേ ശാശ്വതമായ സാംസ്കാരിക ഔന്നത്യമുണ്ടാകുകയുളളൂ.
അങ്ങ് ആദ്യം കൂത്ത് ആദ്യമായി അവതരിപ്പിച്ചത് എവിടെയാണ്?
കിള്ളിക്കുറിശ്ശി മംഗലത്ത്. എന്റെ ഗുരുനാഥന് സാക്ഷാല്‍ മാണിമാധവ ചാക്യാരാണ്. കുഞ്ചന്‍ നമ്പ്യാരുടെ ജന്മനാട്ടിലാണ്.
എത്രാമത്തെ വയസ്സിലാണ് കൂത്ത് അഭ്യസിച്ചു തുടങ്ങിയത്?
പത്തൊന്‍പതാം വയസ്സിലാണ് എന്റെ കുട്ടിക്കാലത്ത് എനിക്കത് പഠിക്കാന്‍ പറ്റിയില്ല. നന്നേ ചെറുപ്പത്തില്‍ത്തന്നെ അഭ്യസനം തുടങ്ങേണ്ടതാണ്, അമ്മാവന്മാര് കൂത്തവതരിപ്പിക്കുമ്പോള് ഞങ്ങള്‍ കാണാന്‍ പോകും എന്നാല്‍ എസ്എസ്എല്‍സി പഠനകാലത്തു തന്നെ എന്റെ അമ്മ മരിച്ചു. അമ്മാവന്മാരുടെ ആഗ്രഹത്തിനനുസരിച്ചാണ് പിന്നീട് ജീവിച്ചത്. 1964 ല്‍ കലാമണ്ഡലത്തില്‍ കൂത്തും കൂടിയാട്ടവും പഠിപ്പിക്കാനായി എന്നെ കൊണ്ടുചേര്‍ത്തു. അമ്മയുളളപ്പോള്ത്തന്നെ അമ്മാവന്മാര് കല അവതരിപ്പിക്കുന്നത് കാണാന്‍ കൊണ്ടുപോകുമായിരുന്നു. അവരെപ്പോലെയാകണം തന്റെ മകനെന്ന് എന്റെ അമ്മയ്ക്ക് വലിയ മോഹമായിരുന്നു. കലാമണ്ഡലത്തില്‍ ആറായിരം ഉറുപ്പികയ്ക്ക് അന്ന് ജാമ്യത്തിന് ആളിനെ കിട്ടിയില്ല 10 രൂപാ സ്റ്റൈഫന്റ്. അങ്ങനെ കലാമണ്ഡലത്തില്‍ പഠിക്കാനും പറ്റിയില്ല സ്കൂള്‍ പഠിത്തവും പോയി നിരാശയോടുകൂടി ഞാന്‍ മടങ്ങിവന്നു. നാലഞ്ചുമാസം കലാമണ്ഡലത്തില്‍ കയറിയിറങ്ങി നടന്നു. ആകെ നിരാശയായി എന്നായിനിയിപ്പം ഇതു വേണ്ട എന്നു തീരുമാനിച്ച് തിരിച്ചു വന്നു ഞാന്‍ മറ്റു മേഖലകളിലേക്ക് തിരിഞ്ഞു.
ജീവിതം വേണ്ടേ? അമ്മ മരിച്ചു കഴിഞ്ഞപ്പോ പിന്നെ മേലോട്ടും താഴോട്ടും നോക്കാന്‍ പിന്നാരുമില്ല. കാരണം ഞാനൊറ്റ മകനാണ്. മറ്റുളളവരുടെ മുന്പില് കൈനീട്ടാനും മനസ്സനുവദിച്ചില്ല. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ എല്ലാവരും ഛിന്നഭിന്നമായി മാറി ഓരോരുത്തരും അവരവരുടെ ഭാഗം വാങ്ങി പലയിടങ്ങളിലായി പോയി. അമ്മ ഇല്ലാണ്ടായതിന്റെ ദുരിതവും കഷ്ടപ്പാടും ഞാന്‍ നല്ലോണം അനുഭവിച്ചു. പിന്നീട് ഒരു ബന്ധുവിന്റെ കൂടെ തന്ത്രം പഠിക്കാന്‍ പോയി. കഴക്കൂട്ടത്തുചാക്യാര് മഠത്തിലുളള ജ്യേഷ്ഠനോടൊപ്പമാണതിനു പോയത്. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കാര്‍ഡിട്ടു മറുപടി വന്നു മാണിമാധവ ചാക്യാരുടെ ഒരു മകന് പി.കെ.ജി നമ്പ്യാര്‍ സ്കൂള്‍ മാഷാണ്. കല്യാണം കഴിച്ചിരിക്കുന്നത് തിരുവല്ലയില്‍ നിന്നുമാണ്. അവിടെ നിന്നുതന്നെ ഭാര്യയുടെ ഏടത്തിയെ കല്യാണം കഴിച്ചിരിക്കുന്നത് നമ്മുടെ കുടുംബത്തിലെ തന്നെ വേറൊരു ചാക്യാരാണ്. അപ്പോള്‍ ആ ഒരു കണക്ഷന് കൊണ്ട് കേന്ദ്ര സാംസ്കാരിക വകുപ്പില്‍ നിന്നും ഓണറേറിയത്തില്‍ ആരെങ്കിലും പഠിക്കാനുണ്ടോ എന്ന അന്വേഷണ വിവരം അറിഞ്ഞു.
പണ്ട് കലാമണ്ഡലത്തില്‍ വന്നു പഠിക്കാന്‍ കഴിയാതെ പോയൊരാളുണ്ട്, പ്രായം കുറച്ചായിക്കാണും. എന്നാലും മോഹമുണ്ടെങ്കില്‍ വരട്ടെ എന്നറിയിച്ചു. എനിക്ക് അങ്ങനെ പ്രവേശനത്തിനുളള കത്തു കിട്ടി. അമ്മാവന്മാരോട് അനുവാദം ചോദിച്ചു. കേറിക്കിടക്കാനിടമില്ല ചത്താല്‍ കുഴിച്ചിടാന്‍ സ്ഥലമില്ല. ഞാനവിടെ വന്നു താമസിക്കുമ്പോള്‍ എന്റെ ജീവിതച്ചെലവിന്റെ വിഷയമുണ്ട്. അതൊന്നും തരാനെന്റെ കയ്യിലൊന്നുമില്ല. മറ്റുളളവരുടെ മുന്നില്‍ കൈനീട്ടി നിന്ന് സമ്പാദിച്ച് കൊണ്ടുതരാനുളള സാമര്‍ത്ഥ്യവുമില്ല. പക്ഷേ പഠിക്കണമെന്ന് താല്പര്യമുണ്ട്. അമ്മയുടെ മോഹം സാക്ഷാത്കരിക്കണമെന്നുണ്ട്. പഠിക്കാന്‍ തയ്യാറാണ്, എന്താ ചെയ്ക, എന്ന് ആലോചിച്ചിരുന്നു.
കത്തുകിട്ടിയാലുടന്‍ പുറപ്പെടുക ശേഷം അതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
എന്തായാലും അവിടെ ചെന്നു 1970 ജൂണ്‍ മാസം ഏഴാം തീയതി അഷ്ടമി ദിവസമാണ് ഷൊര്‍ണ്ണൂരില്‍ നിന്നും ഞാനുച്ചയോടവിടെത്തി അന്നു ട്രെയിന്‍ നന്നെ വളരെ കുറവാണ്. അങ്ങോട്ടാണെങ്കില്‍ ബസ്സും കുറവ്. കുറച്ചു ദിവസം ഇവിടെ കൂടണം. ഇന്നും നാളെയുമൊന്നും പറ്റില്ല ഇന്നഷ്ടമിയാ, നാളെ നവമി, മറ്റന്നാള്‍ ദശമി അന്നു പോരുക.
സ്ഥലമൊക്കെ കണ്ടു അമ്പലവും കണ്ടു. രണ്ടു ദിവസം അവിടെ കഴിച്ചുകൂട്ടി ഒന്‍പതാം തീയതി ദശമി ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞിട്ട് നെയ്യ് രണ്ടു വിരലില്‍ മുക്കി രണ്ടു കണ്‍പോളകളിലും പുരട്ടി മിഴിച്ചു പിടിച്ച് കണ്ണുസാധകം നടത്തി രസാഭിനയം പഠിപ്പിക്കാന്‍ തുടങ്ങി. ഭാഷയുടെ കാര്യത്തില്‍ സംസ്കൃതത്തിന്റെ അറിവ് കുറവ് നല്ലോണമുണ്ട് അടിസ്ഥാന വിദ്യാഭ്യാസമില്ല ഇപ്പോഴാണെങ്കില്‍ സ്കൂളിലൊക്കെ ഒരധ്യാപകന്റെ പോസ്റ്റുവന്നാല്‍ മാനേജുമെന്റിന് കാശുകിട്ടുമെന്നുളളതുകൊണ്ട് സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. സംസ്കൃതപഥ് കയ്യില്‍ കാശുകിട്ടുന്ന പദ്ധതി. ഇന്ന് സംസ്കൃത ഭാഷ ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്നവര്‍ കുറവാണ്.
ഔദേ്യാഗിക ജീവിതത്തിന് കലാ പ്രവര്‍ത്തനം തടസ്സമുണ്ടാക്കിയിട്ടുണ്ടോ?
പാരമ്പര്യമല്ലേ നഷ്ടപ്പെടുത്താനൊക്കില്ലല്ലോ. കോളജുളള സമയത്ത് അവിടെ നിന്നും ലീവെടുത്തു പോകും. ചില പ്രിന്‍സിപ്പല്‍മാര്‍ ചെറിയ ഔദാര്യമൊക്കെത്തരുമായിരുന്നു. ചിലര്‍ കര്‍ക്കശമായി പറയും അങ്ങനെ പറയുന്നവരോട് ഞാന്‍ ലീവെഴുതിക്കൊടുത്തു പോകും. അടുത്തൊക്കെയാണെങ്കില് കുറച്ചു നേരത്തെ പോട്ടെ എന്നു ചോദിച്ചാല്‍ അനുവാദം തരുന്നവരുമുണ്ട്, ഇല്ലാത്തവരുമുണ്ട്. എനിക്ക് 5 സര്‍വ്വീസ് ബുക്കായിരുന്നു ലീവെടുത്ത് ലീവെടുത്ത് അതു നിറഞ്ഞു. ഭഗവാന്റെ കഥ പറഞ്ഞുനടക്കുന്നതുകൊണ്ടും കളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതുകൊണ്ടും ലീവെടുത്തു പോന്നു.
രണ്ടാമത് കലാഭ്യാസത്തിനു പോയിട്ട് തടസ്സം വല്ലതുമുണ്ടായോ?
എന്റെ അഭ്യസനം കഴിഞ്ഞിട്ടേ അവര്‍ അവിടെ നിന്നും വിട്ടുള്ളൂ. അരങ്ങേറ്റം കഴിഞ്ഞിട്ടെ അവിടുന്നു പോകുന്നുളളൂ എന്ന് ഉറപ്പിച്ചു. അരങ്ങേറ്റത്തിന് ആരേയെങ്കിലും വിളിക്കാനുണ്ടോ? എന്നു ചോദിച്ചപ്പോള്‍ എനിക്കച്ഛനും അമ്മാവനും അമ്മയുമെല്ലാം അങ്ങാണെന്ന് ഗുരുവിനോട് പറഞ്ഞു. അങ്ങനെ അതങ്ങ് നടന്നു.
മാഷിനു കിട്ടിയ വലിയ വേദികളേതൊക്കെയാണ്?
വടക്കന്‍ കേരളത്തില്‍ കൂടുതലായുളള സ്ഥലങ്ങള്‍, കോഴിക്കോട്ടു വളയനാട്ടുകാവ്, ആലത്തൂരിലെ ഹനുമാന്‍കാവ്, തൃക്കണ്ടിയൂര്‍ അതുപോലുളള സ്ഥലങ്ങളില്‍ സ്ഥിരമായി കൂത്തുകേള്ക്കേണ്ട ആളുകളുണ്ട്. അവിടൊക്കെ നടത്തിയേ പറ്റൂ. തൃക്കണ്ടിയൂരാണ് ആദ്യം തുടങ്ങുക വാവുത്സവം. തുലാമാസത്തിലെ വാവുത്സവം അതു കഴിഞ്ഞ് ഹനുമാന്കാവില് തിരുവോണ ഉത്സവം, പിന്നെ തുലാമാസത്തിലെ തിരുവോണ ഉത്സവം പൂരാടം, ഉത്രാടം, തിരുവോണം മൂന്നുദിവസത്തേതാണ്. കര്‍ക്കടകം മുതല്‍ അംഗുലിയാന്റെ കൂത്തും വേണം ചൂഢാമണി നാടകമാണ് ഹാസ്യനാടകം. ആശ്ചര്യചൂഢാമണി നാടകം ഹനുമാന്റെ വേഷം കെട്ടി പന്ത്രണ്ടു ദിവസം കൊണ്ട് രാമായണ കഥ മുഴുവനാടണം. ചടങ്ങുകളുമുണ്ടതിനിടയില്. ശരിക്ക് അംഗുലിയാഗം നടത്തിയാല്‍ അയാള്‍ നല്ലൊരു നടനായും മന്ത്രാംഗം എന്നൊരു കൂത്തുണ്ട്. അത് ചെയ്യാനറിഞ്ഞാല്‍ നല്ല വാക്ക് സാമര്ത്ഥ്യംവരും ഇവ രണ്ടും അന്നത്തെ കാലത്ത് പഠിക്കണമെന്നുളള താല്പര്യമുണ്ടായിരുന്നു. ഓരോ ദിക്കിലും പാരമ്പര്യമായി ഇതൊക്കെ നടന്നുകൊണ്ടിരുന്നു. ചില ദിക്കിലൊക്കെ ഇന്നിത് ഇല്ലാണ്ടായി. വടക്കന്‍ഭാഗത്ത് ഇങ്ങനെയുള്ളവ വേണം. അതുകൊണ്ട് അവ നടക്കുന്നുണ്ട്.
ജനപ്രീതിയുളളതും കൂടുതല്‍ ആകര്‍ഷകവുമായ കഥകളെതൊക്കെയാണ് ?
എളുപ്പം മനസ്സിലാകുന്ന നിലയ്ക്ക് രാമായണമാണ് ഏറെ ജനപ്രീതിയുളളതായി തോന്നുന്നത്. രാമായണത്തിന്റെ കഥകളാണ്. കിരാതമെന്ന് പറയുമ്പോള്‍ വംശവിസ്താരമെന്നു പറയുന്നത് സോമവംശത്തിന്റെ ചന്ദ്രവംശത്തിന്റെ ഓരോ കഥകളിങ്ങനെ പറയും. അതിലെ ഓരോ കഥകളിലെയും രാജാക്കന്മാരുടെ പേരു പറയുമ്പോള്‍ അവ ഓര്‍മ്മ നില്ക്കാന് പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് താല്പര്യവും കുറയും. ചില ഭാഗങ്ങള്‍ പറയുമ്പോള്‍ അര്‍ജുനനും ഭഗവാനും തമ്മിലുളള യുദ്ധത്തിന്റെ കഥ പറയുമ്പോള്‍ ആള്‍ക്കാര്‍ക്ക് താല്പര്യംവരും. വംശവിസ്താരം മിക്കവയും പ്രായപൂര്‍ത്തിയായവര്‍ക്കുളള കഥാവതരണമാകും. പക്ഷേ ഏഴു ദിവസം മുഴുവന്‍ കൂത്തുളളിടത്ത് വംശവിസ്താരം നടത്താറുണ്ട്.
കൃതേത കിര്മ്മര വധേ എന്ന ശ്ലോകം തൊട്ട് ഇത്യൂത്യ പ്രണവം പ്രതിനിഗ്രഹ എന്നുളളതുവരെ ഗദ്യങ്ങളും ശ്ലോകങ്ങളും ചൊല്ലി അവതരിപ്പിച്ച് കഥ അവസാനിപ്പിക്കുന്നു.
ആചാരാനുഷ്ഠാനപരമായിട്ടാണോ ഇവയൊക്കെ നടത്തുന്നത്?
അനുഷ്ഠാനപരമായിട്ടാണ്. ചടങ്ങുപരമായിട്ടും കപാലി ദിവസം വാരമിരിക്കുക എന്നൊരു ചടങ്ങുണ്ട്. വാരമിരിക്കുക എന്നാല്‍ വേദം ചൊല്ലുക എന്നാണ്. വേദം ചൊല്ലാനറിയാവുന്ന നമ്പൂതിരിയായാലും മതി. ദീപാരാധന കഴിഞ്ഞാല്‍ വാരം ചൊല്ലുക പിന്നെ മിഴാവുകൊട്ടുക. 16 അക്ക മന്ത്രം ചൊല്ലണം അതിനറിയാവുന്നവര് വേണം അതു ചൊല്ലിക്കഴിഞ്ഞ് ദീപാരാധനയ്ക്കുശേഷം മത്തവിലാസം തുടങ്ങും. അത് രണ്ട് രണ്ടരമണിക്കൂര്‍ കാണും.
കൂത്തിന് വിളക്കു വെയ്ക്കുന്നതിന്റെ പ്രതേ്യകതയെന്താണ്?
കൂത്തിന് വയ്ക്കുന്ന നിലവിളക്കിന് മൂന്നു തിരിയുണ്ട്. മൂന്നു ദിശയിലേയ്ക്ക് തിരിച്ചിടാം.
മൂത്തിരി വയ്ക്കുന്ന വിളക്ക് അത് ഏതൊക്കെ ദിശയിലേയ്ക്കാണ്?
യജ്ഞനൈമിഷാരണ്യത്തില് സൂതന്‍ ദേവന്മാരോട് കഥപറയുന്നു എന്നാണ് കൂത്തിന്റെ സങ്കല്‍പ്പം. കഥപറയുകയുമാകാം കഥകാണിക്കലുമാകാം എന്നു വെച്ചാല്‍ നടന പ്രധാനമായിട്ടുളളതുണ്ട്, അഭിനയ പ്രാധാന്യമുളളതുമുണ്ട്. കൂടിയാട്ടത്തിലെ വാചിക പ്രാധാന്യമുളളതിലെ വിദൂഷകന് വിശേഷ ദൂഷണം ചെയ്യുന്നാളാണ് വിദൂഷകന് സ്റ്റെയര്‍ ആര്‍ട്ടിസ്റ്റാണ്. ആ ആളിനെക്കൊണ്ട് തന്നെ ഗദ്യപദ്യമായ ചമ്പുകാവ്യം സംസ്കൃത കഥയുമുണ്ട്. ഇവ ചൊല്ലിയാണ് പുരാണ കഥാഖ്യാനം നടത്തുക. അവ ആക്ഷേപഹാസ്യരൂപത്തിലെന്നു പറയാം. മുന്പിലിരിക്കുന്ന ആളുകളെ കഥാപാത്രങ്ങളാക്കി പറയാം. ഇതു പറയത്തക്ക തരത്തില്‍ ചിട്ടപ്പെടുത്തി കൊണ്ടുവന്നത് കുലശേഖര വര്‍മ്മനും തോലനും കൂടിയാണെന്നാണ് ചരിത്രം പറയുന്നത്. അപ്പോ കൂത്തും കൂടിയാട്ടവും അനാദി കാലം മുതലാണ്. പക്ഷേ അത് ഇന്നു കാണുന്ന രൂപത്തില്‍ സിസ്റ്റമാറ്റിക്കാക്കി ചില ചടങ്ങുകളോടുവേണം തുടങ്ങാന്‍ വലതുഭാഗത്തു കൂടി വേണം രംഗത്തുവരാന്‍ ഇടതുഭാഗത്തുകൂടി നിഷ്ക്രമിക്കണം തുടങ്ങിയ വ്യവസ്ഥകളുണ്ടായി. ആദ്യം മിഴാവ് ഒച്ചപ്പെടുത്തുക അതായത് കൊട്ടിയറിയിക്കുക. അതോടുകൂടിയാണെല്ലാവരും വന്നിരിക്കുന്നത്.
ഗാര്‍ഹപത്യം, അന്വാഹാര്യം ആപഹരീയം എന്നിങ്ങനെ മൂന്നു യാഗാഗ്നികളായി വിളക്കിലെ 3 തിരികളെ സങ്കല്‍പ്പിക്കുന്നു. മിഴാവ് ഒച്ചപ്പെടുത്തിക്കഴിഞ്ഞാല് കലാകാരന് രംഗത്തുവരുന്നു. പിന്നീട് അഷ്ടദിക്പാലകരേയും തന്റെ പരദേവതകളെയും ചാരി, ഭ്രമരി,തട്ട് തുടങ്ങി ഏതാനും പേരുകളിലറിയപ്പെടുന്ന ക്രിയാദികള്‍ കൊണ്ടുപാസിക്കുന്നു. അതുകഴിഞ്ഞാല്‍ വിദൂഷകന്റെ രംഗപ്രവേശമാണ്. ചാക്യാര്‍ തന്നെ വിദൂഷകനാകുകയാണ് ചെയ്യുന്നത്. എന്തിനാണ് കൂത്തു പറയുന്നത്. ഈ വന്ന കഥാപാത്രം ആരാണ്, ഒരു സ്റ്റെയര്‍ ആര്‍ട്ടിസ്റ്റ് എന്നു കാണിക്കാന്‍ വേണ്ടിയുളള വിദൂഷക സ്തോഭം കാണിക്കും. പൂണൂലഴിക്കുക, വായില്‍ മുറുക്കാനിട്ടു ചുഴറ്റുന്നതുപോലെ കാണിക്കുക, കുടുമ ചിക്കിക്കെട്ടുക, അതുപോലെ വിശര്‍പ്പു വീശുക കാരണം ഇയാളൊരു സഞ്ചാരിയാണ്. സുതനെന്നു പറയുന്നയാളു തേരാളിയാണ്. ധര്മ്മോപനയനം നടത്തുന്നവനെന്നു സംസ്കൃതത്തില്‍ വ്യാഖ്യാനമുണ്ട്.
വിദൂഷകസ്തോഭവും ഇഷ്ടദേവ പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ പിന്നീട് പീഠികയാണ്. പീഠിക പറഞ്ഞുകഴിഞ്ഞാല്‍ സദസ്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കും. ഉപക്രമം കഴിഞ്ഞ് കഥാസന്ദര്‍ഭം സംക്ഷേപമായി വ്യക്തമാക്കും. പിന്നീട് ശ്ലോകങ്ങള്‍ ചൊല്ലി കഥ വ്യാഖ്യാനം നടത്തുന്നു. തുടര്‍ന്ന് പ്രബന്ധങ്ങളിലെ ഗദ്യപദ്യങ്ങള്‍ അവതരിപ്പിച്ച് വ്യാഖാനിക്കുകയാണ് ചെയ്യുന്നത്.
അങ്ങയുടെ കുടുംബത്തെപ്പറ്റി പറയാമോ?
1986-ലാണ് വിവാഹം കഴിക്കുന്നത് തൃശിവപേരൂരിലെ പേരാമംഗലം എന്ന സ്ഥലത്ത് കാരയ്ക്കാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ പാര്‍വ്വതിയെയാണ് വിവാഹം കഴിച്ചത്. അവര്‍ വി.ടി.ബി കോളജില്‍ ജോലിയായിരുന്നു. 2019 ല്‍ വിരമിച്ചു. ഒരു മകനുണ്ട്. മാധവ് സദാശിവന്. അയാളിപ്പോള്‍ വി.ടി ഭട്ടതിരിപ്പാട് കോളജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ടുമെന്റ് അധ്യാപകനാണ്. വിവാഹം സംബന്ധിച്ച് മൂന്നു നാലു തീരുമാനങ്ങളുണ്ടായിരുന്നു. അതാണ് വിവാഹം കഴിക്കാന്‍ വൈകിയത്. ഒന്ന് സമാന സംസ്കാരം വേണം. രണ്ട് അധികം ബാധ്യത വയ്യ. എന്തെങ്കിലും ജോലിയുണ്ടാകണം. ഇതു മൂന്നും ഒത്തുവന്നപ്പോള്‍ വിവാഹം കഴിച്ചു. വേളി എന്റെ കുലത്തൊഴിലിന്റെ സംസ്കാരം കൊണ്ടുനടക്കാന്‍ കഴിയുന്ന കുടുംബത്തില്‍ നിന്നാകണമെന്നായിരുന്നു ആഗ്രഹം അതുകൊണ്ടാണ് നമ്പൂതിരി കുടുംബത്തില്‍ നിന്നും വേളി കഴിച്ചത്.
പത്തുനൂറു കൊല്ലം മുന്‍പുവരെ ചാക്യാര്‍ സമുദായത്തില്‍ ആദാനപ്രദാനങ്ങള്‍ അഥവാ കൊടുക്കലു വാങ്ങല്‍ ഉണ്ടായിരുന്നു. അതിടക്കാലത്തു നിന്നുപോയി. ഇപ്പോ ഏതായാലും നമ്പൂതിരി സമുദായത്തിലുളള കുട്ടിയെതന്നെ കിട്ടി. വിവാഹം കഴിച്ചു. ജാതകര്‍മ്മം, നാമകരണം, അന്നപ്രാശം ഷോഡശക്രിയകള്‍ മുതലായവ ഭംഗിയായി നടത്തിച്ചു. ആ കാലഘട്ടത്തില്‍ത്തന്നെ അരങ്ങേറ്റവും കഴിഞ്ഞു. കൂത്ത് നാലോ അഞ്ചോ ദിവസം നടത്തുന്നതിനുളള വിഷയങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മത്തവിലാസത്തിന്റെ പുറപ്പാട് നിര്‍വഹണം എന്നിവയൊക്കെ നടത്തും. കൂത്തിന്റെ ചട്ടക്കൂട് കൊടുത്തിട്ടുണ്ട്. ഇനി വേണമെങ്കിലിത് വിപുലപ്പെടുത്തട്ടെ. അയാള്‍ അധ്യാപകനെന്ന നിലയ്ക്ക് ഇന്നല്ലെങ്കില്‍ നാളെ കുറച്ചുകൂടി തന്നെ കുലത്തൊഴില്‍ പുഷ്ടിപ്പെടുത്തണമെന്ന് സ്വയമേവ തോന്നുമ്പോള്‍ അതിനുളള വിഭവങ്ങള്‍ കണ്ടെത്തുകയും പഠിച്ച ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ട് അതിനെ വിപുലപ്പെടുത്താനാക്കുകയും ചെയ്താല്‍ അയാള്‍ക്ക് ഭാവിയില്‍ ഒരു കലാകാരനെന്ന നിലയില്‍ ഖ്യാതിനേടാം. ഒരധ്യാപകന് കലാകാരനും കൂടിയാകുമ്പോള്‍ സമൂഹത്തില്‍ ഒരു വിശ്വാസ്യതയുണ്ടാകും അതയാളുണ്ടാക്കിയെടുക്കട്ടെ. ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത് പാലക്കാട്ടു ജില്ലയിലെ കടമ്പഴിപ്പുറം എന്ന സ്ഥലത്താണ് ശ്രീകൃഷ്ണപുരം വി.ടി.വി കോളജിനടുത്താണ്. വായില്ല്യാകുന്നിലപ്പന്‍ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് പൊതിയില്‍ എന്റെ തറവാട്ടുപേരു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: