കൊച്ചി: ഹൈക്കോടതിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും ഹ്രസ്വ നാടകത്തിലൂടെ അപമാനിച്ചതില്‍ നടപടി. അസി. റജിസ്ട്രാര്‍ ടി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്കി. വിഷയത്തില്‍ ബിജെപി ലീഗല്‍ സെല്ലും അഭിഭാഷക പരിഷത്തും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ രണ്ടു ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തത്. പരിപാടിയുടെ സംഘാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നാടകമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരും അഭിഭാഷകരും അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലാണ് പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് റജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കൂടാതെ അഡ്മിനിസ്ട്രേഷന് വിഭാഗം രജിസ്ട്രാര്‍ വിവാദ സംഭവമുണ്ടായ സാഹചര്യം സംബന്ധിച്ചും വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതിയെയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചും സ്വാതന്ത്ര്യത്തിന്റെ അമൃത വര്ഷാഘോഷത്തെ വിമര്‍ശിച്ചുമാണ് ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ഹ്രസ്വ നാടകം. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു.
പരാതിയില്‍ ഹൈക്കോടതി പ്രാഥമിക പരിശോധന നടത്തി. അഡ്മിനിസ്ട്രേഷന് രജിസ്ട്രാറോട് വിശദീകരണം തേടി. സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി.എ. സുധീഷാണ് നാടകം എഴുതിയത്. വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: