കാസര്‍കോട്: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരള പദയാത്രയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചരിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും 22ന് രാമജ്യോതി തെളിയിച്ചത് എല്‍ഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങള്‍ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്‌കാരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്‌ട്രീയമാറ്റത്തിന് തയാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്ര. മോദി ഗ്യാരന്റി കേരളവും ഏറ്റെടുക്കുകയാണ്.
ഇന്‍ഡി മുന്നണി രാജ്യത്ത് തകര്‍ന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദല്‍ഹിയിലും മുന്നണി തകര്‍ന്നു. കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേരളവും മോദി ഭരണത്തില്‍ പങ്കാളിയാവണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. കേരളം തകരുന്നതിന് നരേന്ദ്ര മോദിയല്ല ഉത്തരവാദി. മാറിമാറി ഭരിച്ച് മുടിപ്പിച്ച കോണ്‍ഗ്രസ്-സിപിഎം സര്‍ക്കാരുകളാണ് കേരളത്തെ തകര്‍ത്തത്. കേരളം ഇപ്പോള്‍ നിലനില്‍ക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ്. യുപിഎ സര്‍ക്കാര്‍ നല്കിയതിനേക്കാള്‍ പത്തിരട്ടി അധികം തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്കിയത്. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്പനി മാസപ്പടിയായി നല്കിയത്. രണ്ട് മുന്നണിയിലെയും നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്.
അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് കേരള പദയാത്ര. പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക്ദിന പരേഡ് സ്വീകരിക്കുന്നത് കരാറുകാരന്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പര്‍ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ്. മോദി, ഗ്യാരന്റികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തില്‍ ഉള്‍പ്പെടെ അടിസ്ഥാന വികസന മേഖലയില്‍ വലിയ മാറ്റമാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. 1947 മുതല്‍ 2014 വരെയുള്ള വികസനവും 2014 മുതല്‍ 2024 വരെയുള്ള വികസന പ്രവര്‍ത്തനങ്ങളുമാണ് ബിജെപി വിലയിരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന സമിതിയംഗം ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: