പട്ന: ബിഹാറില്‍ ഐഎഎസ്, ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപണി. 22 ഐഎഎസ് ഉദ്യോഗസ്ഥരെയും 79 ഐപിഎസ് ഉദ്യോഗസ്ഥരെയും, 45 ബിഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച ബിഹാര്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ അഞ്ച് ജില്ലാ മജിസ്ട്രേറ്റുമാരും, 17 എസ്പിമാരും ഉള്‍പ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വം തുടരവെയാണ് ഈ ചടുലമായ നീക്കം.
ജഹാനാബാദിലെ നിലവിലെ പൊലീസ് സൂപ്രണ്ടായ ദീപക് രഞ്ജന്‍ ഐപിഎസിനെ ബിഹാര്‍ ബോധ്ഗയ സ്പെഷ്യല്‍ ആംഡ് പൊലീസിന്റെ കമാന്‍ഡന്റായി നിയമിച്ചു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരുന്ന (ഓപ്പറേഷന്‍സ്) ഐപിഎസ് സുശീല്‍ മാന്‍സിംഗ് ഖോപ്ഡെയെ എഡിജി (പ്രൊഹിബിഷന്‍) ആയി നിയമിച്ചു. അമൃത് രാജ് ഐപിഎസിനെ എഡിജി ഓപ്പറേഷനായും നിയമിച്ചു.
അതേ സമയം ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി വീണ്ടും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ബിജെപിയില്‍ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായേക്കും. ഒരു ഉപമുഖ്യമന്ത്രി മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദിയാവും. നിയമസഭ പിരിച്ചുവിടേണ്ടെന്നാണ് ജെഡിയു-ബിജെപി ധാരണ. ഇതിനിടെ ബിജെപി ദേശീയ നിര്‍വഹക സമിതി യോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ ബിഹാറില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: