കൊഹിമ: നാഗാലാൻഡിലെ വോഖ ജില്ലയിൽ അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് തൊഴിലാളികൾ വെന്തുമരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.
വോഖ ജില്ലയിലെ ഭണ്ഡാരി സബ് ഡിവിഷനു കീഴിലുള്ള റിച്ചൻയാൻ ഗ്രാമത്തിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ഒരു മണിയോടെ ഖനിയിൽ തീപിടിക്കുകയായിരുന്നെന്ന് ഭണ്ഡാരി എംഎൽഎ അച്ചുംബെമോ കിക്കോൺ വെള്ളിയാഴ്ച കൊഹിമയിൽ പിടിഐയോട് പറഞ്ഞു. അസമിൽ നിന്നുള്ള തൊഴിലാളികൾ എല്ലാവരും അനധികൃത റാറ്റ് ഹോൾ ഖനിക്കുള്ളിൽ കുഴിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ എല്ലാവർക്കും രക്ഷപ്പെടാൻ ആകാതെ വരികയും ആറ് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
പരിക്കേറ്റവരെ ദിമാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എംഎൽഎ പറഞ്ഞു. ഭണ്ഡാരിയിലെ ഇത്തരം അനധികൃത കൽക്കരി ഖനികളിൽ ആശങ്ക പ്രകടിപ്പിച്ച എംഎൽഎ, ഇത്തരം ഖനികൾ തടയാൻ സംസ്ഥാന വകുപ്പിനോട് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: