കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതി ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ജീവനൊടുക്കിയ കേസില്‍ ആരോപണ വിധേയരെല്ലാം സംസ്ഥാനത്തെ മന്ത്രിമാരുടെ അടുപ്പക്കാര്‍. ജില്ലാ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) അബ്ദുള്‍ ജലീല്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം, പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളിമണ്‍ വിനോദ് എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അബ്ദുള്‍ ജലീല്‍, ശ്യാം എന്നിവര്‍ നിയമമന്ത്രി പി. രാജീവിന്റെ അടുപ്പക്കാരാണ്. രാജീവും അബ്ദുള്‍ സലീമും പെരുമ്പാവൂര്‍ സ്വദേശികളാണ്. രാജീവിന്റെ ബന്ധുവാണെന്നാണ് ശ്യാം അവകാശപ്പെടുന്നത്.
അനീഷ്യയെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളിമണ്‍ വിനോദ് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെയും മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും അടുപ്പക്കാരനാണ്. വെള്ളിമണ്‍ വിനോദിനെതിരെ മുന്‍പും പല ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ആരോപണ വിധേയരായ കൊല്ലം ഡിഡിപി, എപിപി, പിപി എന്നിവര്‍ക്കെതിരെയുള്ള നടപടി വൈകുകയാണ്. കൊല്ലം ബാര്‍ അസോസിയേഷന്‍, ബിജെപി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ കോടതി നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ടി.എ. ഷാജി വാക്കാല്‍ നിര്‍ദേശം നല്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഡിഡിപിയെയും എപിപിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സമ്മര്‍ദം ശക്തമായതോടെ രണ്ടു ദിവസത്തിനകം സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.
അനീഷ്യയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റിന് മുന്നില്‍ വായ്മൂടി കെട്ടി പ്രതിഷേധിച്ചിരുന്നു.
അനീഷ്യ ജീവനൊടുക്കിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാനാണന്ന് വി.ടി. രമ പറഞ്ഞു. പ്രതിഷേധ പരിപാടിക്കു ശേഷം അനീഷ്യയുടെ വീട്ടിലെത്തിയ വി.ടി. രമ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന് ഇന്നലെ കോടതിയില്‍ പോകേണ്ടി വന്നതിനാല്‍ അന്വേഷണം ഏറ്റെടുത്തില്ല. ഇന്ന് റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ നാളെ മാത്രമെ കേസ് ഏറ്റെടുക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: