തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗത്തിലും തന്റെ നയം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയില്‍ വന്നതു മുതല്‍ തിരികെ പോകുന്നതു വരെ ഗവര്‍ണറുടെ ശരീരഭാഷയില്‍ ഇതു പ്രകടമായിരുന്നു.
സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ലെന്നു വ്യക്തമാക്കിയായിരുന്നു നയപ്രഖ്യാപന പ്രസംഗവും. ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഈ സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരമെന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്റെ സര്‍ക്കാര്‍ എന്നുപോലും വായിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. ഭരണഘടനാ തലവനുപോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത തരത്തില്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നതിനാല്‍ നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടു നാം കാണിക്കുന്ന ബഹുമാനത്തിലാണെന്ന് നമുക്ക് ഓര്‍ക്കാമെന്നും നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക വായിച്ച് ഗവര്‍ണര്‍ നിര്‍ത്തി. സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍, വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രത്യക്ഷമായ സൂചന നല്‍കിയാണ് നിയമസഭയില്‍ നിന്നു മടങ്ങിയത്.
ഒരുവരി മാത്രം വായിച്ചാല്പ്പോലും പ്രസംഗത്തിനു സാധുതയുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഗവര്‍ണറുടെ നടപടിയെ തുടര്‍ന്ന്, സിപിഎം അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം എകെജി സെന്ററില്‍ ചേര്‍ന്നു. ഗവര്‍ണറുമായി ഏറ്റുമുട്ടേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഒരു ഖണ്ഡിക വായിച്ചതിനാല്‍ എല്ലാം വായിച്ചതായി കണക്കാക്കാമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: