പാട്ന: ഇന്ന് പല നേതാക്കളും പിന്തുടരുന്ന കുടുംബാധിപത്യത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച പ്രതികരിച്ചു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കര്‍പ്പൂരി താക്കൂറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ പ്രവര്‍ത്തിക്കുനന്തെന്നും അതുകൊണ്ടുതന്നെ തന്റെ കുടുംബത്തിലെ ഒരു അംഗത്തെയും താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു.
ബിഹാറിലെ ജനനായക് എന്നറിയപ്പെടുന്ന അന്തരിച്ച കര്‍പ്പൂരി ഠാക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പട്നയില്‍ ജനതാദള്‍ (യുണൈറ്റഡ്) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് നിതീഷ് ഇക്കാര്യം പറഞ്ഞത്. സോഷ്യലിസ്റ്റ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ നേതാവിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും അദേഹം നന്ദി പറഞ്ഞു.
ബീഹാറില്‍ നിന്നുള്ള ഇതിഹാസ ഒബിസി നേതാവിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കുമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവായിരുന്നു കര്‍പ്പൂരി താക്കൂര്‍. മറ്റ് കാര്യങ്ങള്‍ക്ക് പുറമെ കര്‍പ്പൂരി താക്കൂര്‍ തന്റെ സ്വാധീനം കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരിക്കലും ഉപയോഗിച്ചില്ല എന്ന കാര്യം നമമ്ള്‍ ഓര്‍ക്കണം. ബിഹാറിലെയും രാജ്യത്തെയും സാധാരണക്കാരെക്കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നുവെന്നും നിതീഷ് പറഞ്ഞു.
എന്നാല്‍ ഇന്നത്തെ പല നേതാക്കളും അവരുടെ കുടുംബാംഗങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ കുടുംബാംഗങ്ങളെ ആരെയും പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും അദേഹം പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: