കരയും കായലും കടലും മാത്രമല്ല, ഉറവവറ്റാത്ത 44 നദികളുമുള്ള നാട്. കാലാവസ്ഥയാണെങ്കില്‍ കെങ്കേമം. കാലംതെറ്റിയ മഴകളുണ്ടാകാറുണ്ട്. അതും അതിരുവിടാറില്ല. എല്ലാംകൊണ്ടും വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ടനാട്. ഇതൊക്കെ പ്രകൃതിദത്തമാണ് കേട്ടോ. ആരും നിര്‍മ്മിച്ചെടുത്തതല്ല. കേരളമാണിത്. സഞ്ചാരികളുടെ പറുദീസ. ദൈവത്തിന്റെ സ്വന്തം നാട്. തുടങ്ങി പൊങ്ങച്ചം വിളമ്പാന്‍ ഇനിയുമുണ്ട് ഏറെ കാര്യങ്ങള്‍. ഇവയൊക്കെ അടുക്കും ചിട്ടയുമൊരുക്കിയാല്‍ പുകയില്ലാത്ത വ്യവസായം, അഥവാ വിനോദസഞ്ചാരം വഴി കേരളം സമ്പന്നമാകും. പക്ഷേ ഇതൊക്കെ നോക്കാനാരുണ്ട്!
വിനോദസഞ്ചാരത്തിന് സര്‍ക്കാരില്‍ വകുപ്പുണ്ട്. വകുപ്പിനൊരു മന്ത്രിയും ഉദ്യോഗസ്ഥപെരുമയുമുണ്ട്. എന്നിട്ടുമെന്തേ വിനോദസഞ്ചാരമേഖല പച്ചപിടിപ്പിക്കാത്തത് എന്നാരും ചോദിക്കരുത്. വിനോദസഞ്ചാരം പുഷ്ടിപ്പെടുത്താനുമുള്ള മാര്‍ഗം തേടി വിദേശ രാജ്യങ്ങള്‍ സഞ്ചരിക്കാറുണ്ട്. അവിടെയുള്ള സൗകര്യങ്ങള്‍ ആസ്വദിക്കുകയും അനുഭവിക്കുകയുമല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയം കിട്ടാറില്ല. ഇവിടെയാണ് സാഹചര്യങ്ങളും സമയങ്ങളും അവസരങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതെങ്ങിനെ എന്ന് നോക്കേണ്ടത്.
ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിനെ പരിഹസിച്ചവരുണ്ട്. അതിനുവേണ്ടി എന്തിനാണിത്രയും തുക ചെലവാക്കിയതെന്ന് നാക്കിട്ടടിച്ചവരുണ്ട്. നമ്മര്‍ദാ നദിയെ ശുദ്ധീകരിക്കുകയും തീരങ്ങളില്‍ ഉദ്യാനം കെട്ടിയതിനെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തവരുണ്ട്. എന്നാലിന്നോ ഗുജറാത്തിലെ ഏറ്റവും വലിയ സഞ്ചാരികളുടെ കേന്ദ്രമായി അത് വളര്‍ന്നു. പട്ടേലിന്റെ പ്രതിമയും നര്‍മ്മദയും പൂന്തോട്ടവും കാണാന്‍ ആയിരങ്ങളെത്തുന്നു. അതുണ്ടാക്കിയാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ചവരുടെ പട്ടിണിമാറ്റുന്നത് ആ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്.
ഏറ്റവും ഒടുവിലത്തേതും വലുതുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിവന്നു. അത് അയോധ്യയിലാണ്. ലോകത്താകമാനമുള്ളവര്‍ മനസ്സുകൊണ്ട് ഇതിനകം അയോധ്യയില്‍ എത്തിക്കഴിഞ്ഞു. ശരീരം കൊണ്ടെത്തുമ്പോള്‍ അയോധ്യയില്‍ രാമലല്ല മാത്രമല്ല സുന്ദരമായ ഒരു ടൗണ്‍ഷിപ്പ് തയ്യാറായി. ഒരേ ശൈലിയും നിറവുമുള്ള കെട്ടിടങ്ങളൊരുക്കി. അയോധ്യയിലേക്കെത്താന്‍ വിമാനത്താവളമുണ്ടാക്കി. റെയില്‍വേ സ്‌റ്റേഷനും വണ്ടികളും റെഡി. സരയൂ നദിയില്‍ ഗംഗാ ആരതി മാതൃകയില്‍ ആരതി. സുന്ദരമായ നടപ്പാത. അതില്‍ അതിനേക്കാള്‍ സൗന്ദര്യമുള്ള വര്‍ണവിളക്കുകള്‍. ശ്രീരാമചരിത്രവുമായി ബന്ധപ്പെടുത്തി ലൈറ്റ് ആന്റ് സൗണ്ട്‌ഷോകള്‍. നയാഘട്ടിന് സമീപം സരയൂനദിക്ക് സമാനമായി പുതിയ കുളം. രാമകഥാ പാര്‍ക്ക്. രാമകഥകള്‍ അയവിറക്കുന്ന ചിത്രങ്ങള്‍ അങ്ങിനെ എങ്ങും ഉത്സവലഹരി പകരുന്ന അന്തരീക്ഷം. മൊത്തം 2180 കോടിമുടക്കിയാണ് അയോധ്യ ടൗണ്‍ഷിപ്പ്. ലോകത്തെ തന്നെ ഒന്നാന്തരം തീര്‍ഥാടന ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യമാറാന്‍ പോവുകയാണ്.
ഹൈവേയില്‍ ഫൈസാബാദ് മുതല്‍ അയോധ്യ വരെയുള്ള ഭാഗത്ത് റോഡിലെ മീഡിയനു മുകളില്‍ രാമനും സീതയും ഹനുമാനുമൊക്കെ പ്രതിമകളായി ഉണ്ട്. ചൗക്കുമുണ്ട്. അവിടെയാണെങ്കില്‍ പടുകൂറ്റന്‍ വീണയുമുണ്ട്. ലതാമങ്കേഷ്‌കര്‍ ചൗക്കുണ്ടാക്കിയ ഭാഗത്തു നിന്ന് 10 രൂപയ്‌ക്ക് ഒന്നരക്കിലോമീറ്റര്‍ അകലെ രാമക്ഷേത്രത്തിനു സമീപത്തെ ഹനുമാന്‍ ഗഡിയിലേക്ക് എത്താമായിരുന്നു. അതിപ്പോള്‍ 25 രൂപയായിട്ടുണ്ട്. പുതിയ പ്രൗഢിയുടെ സാമ്പത്തിക ഗുണങ്ങള്‍ പരമാവധി മുതലാക്കാനുള്ള ശ്രമം എവിടെയും കാണാം. ചായക്കടയില്‍, തട്ടുകടയില്‍പോലും അതൊക്കെ പ്രകടമാണ്.
വന്‍ വാഹനങ്ങള്‍ക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഇതോടെ റിക്ഷ പോലുള്ള ചെറുവാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി. അയോധ്യയില്‍ പുതുതായി നൂറുകണക്കിനു ഹോട്ടലുകള്‍ വരുന്നുണ്ട്. പഴയ സത്രങ്ങളും ഗസ്റ്റ്ഹൗസുകളുമൊക്കെ പുതിയ പേരുകളില്‍ എല്‍ഇഡി പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. 2000 രൂപയ്‌ക്കുള്ളില്‍ കിട്ടിയിരുന്ന സത്രങ്ങളിലൊക്കെ തോന്നുന്നതാണ് ഇപ്പോള്‍ വാടക. 2500-4000 റെയ്ഞ്ചിലായി പൊങ്ങി. മാനസ് ഭവനു സമീപമൊക്കെ ജോലികള്‍ തകൃതിയായി നടക്കുന്നു. രാംലല്ലയെ ദര്‍ശിക്കാനെത്തുന്നവര്‍ മെറ്റാലിക് ഉപകരണങ്ങളൊന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ല. അതു സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യം ഇഷ്ടം പോലെയുണ്ട്. സര്‍ക്കാര്‍ സംവിധാനവുമുണ്ട്. കെട്ടിടം പണി നടക്കുന്നതു കൊണ്ട് ഇപ്പോള്‍ പരിമിതമാണ്. ദര്‍ശനം കഴിഞ്ഞെത്തുന്നവരുടെ കയ്യില്‍ നിന്നു പ്രസാദം തട്ടിയെടുക്കാന്‍ കാത്തിരിക്കുന്ന വാനര സംഘങ്ങളൊക്കെ ഇപ്പോള്‍ റോഡരികിലെ കെട്ടിടങ്ങളുടെ മുകളിലാണ്. നേരത്തേ രാമജന്മഭൂമി പരിസരത്തെ മരങ്ങളിലായിരുന്നു ഇവ. പണി തുടങ്ങിയതോടെ എല്ലാം നഗരത്തിലേക്കിറങ്ങി. കണ്ണു തെറ്റിയാല്‍ പ്രസാദം ഇലക്ട്രിക് പോസ്റ്റിനു മുകളിലെത്തും. ദര്‍ശനത്തിനോ ആരതിക്കോ ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങുകളൊന്നുമില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ വിഐപി ദര്‍ശനം, ഓണ്‍ലൈന്‍ പ്രസാദം എന്നീ ഓഫറുകളുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരക്കാരെ കരുതിയിരിക്കണമെന്നും ട്രസ്റ്റിന്റെ ഔദ്യോഗിക അറിയിപ്പില്ലാതെ ഇതൊന്നും ചെയ്യരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
15,700 കോടി രൂപയുടെ വികസന പദ്ധതികളാണ് അയോധ്യ ധാമില്‍ നടപ്പാക്കുന്നത്. ഇതില്‍ 11,100 കോടി രൂപ അയോധ്യ നഗരത്തിലും പരിസരത്തും മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് യുപിയില്‍ നടപ്പാക്കുന്നതാണ് 4000 കോടിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. അയോധ്യയിലെ പരിഷ്‌കരിച്ച റെയില്‍വേ സ്റ്റേഷനും മഹര്‍ഷി വാല്മീകിയുടെ പേരിലുള്ള വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ദല്‍ഹിയില്‍ നിന്നുള്ള വന്ദേഭാരത് ട്രെയിനുകളും അമൃത് ഭാരത് പുഷ്പുള്‍ ട്രെയിനുകളുമടക്കം പുതിയ ട്രെയിനുകളും പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും അയോധ്യയിലേക്ക് വിമാനസര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ദശരഥന്റെ പേരില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ്, അയോധ്യയെയും സുല്‍ത്താന്‍പുരിനെയും ബന്ധിപ്പിക്കുന്ന റോഡ്, മറ്റു നിരവധി റോഡുകള്‍, മേല്‍പ്പാലങ്ങള്‍, പഞ്ചകോശി പരിക്രമ മാര്‍ഗത്തിന്റെ വികസനം, ഹോമിയോപ്പതി മെഡിക്കല്‍ കോളജ്, തുടങ്ങിയവയുമുണ്ട്. വിശ്വാസികളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാന്‍ ഇതൊക്കെ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
ഇത് അവിടെ മാത്രമേ ചെയ്യാന്‍ പറ്റൂ എന്നുണ്ടോ? എന്തുകൊണ്ട് ഇതൊന്നും കേരളത്തിലായിക്കൂട. ശബരിമല ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമല്ലെ? കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം തീര്‍ത്ഥാടകര്‍ കൂടുതല്‍ ഇക്കൊല്ലമെത്തിയെന്നുപറയുന്നു. നടവരവുംകൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്. എണ്ണിയെടുക്കുന്നോളം 360 കോടി ആയത്രെ. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന കാര്യത്തിലോ ഒരു ശുഷ്‌കാന്തിയുമില്ല. ശബരിമല വിമാനത്താവളത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. എന്തെങ്കിലും നടന്നോ? സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന ഒരാവശ്യമെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞോ? അത് ചെയ്യേണ്ടത് മുഖ്യമന്ത്രിയല്ലെ. ദേവസ്വം മന്ത്രിയും വിനോദ സഞ്ചാരമന്ത്രിയുമല്ലെ. കേന്ദ്രം തരുന്ന പദ്ധതികള്‍ക്ക് മുകളില്‍ ഫഌക്‌സ് വച്ചാല്‍ എല്ലാം ആയോ? ചെയ്യാനുള്ളത് ഒരുപാടുണ്ട്. അതൊന്നും ചെയ്യില്ല. എന്നിട്ട് ഇല്ലാപ്പാട്ടും ദാരിദ്ര്യവും പാടിക്കൊണ്ടിരിക്കും. ‘എല്ലാവരും റാണിമാരാ. ആര് കോരും തണ്ണീര്’ എന്നപോലെയല്ലെ കൈരളിയുടെ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: