ഇടുക്കി: നേര്യമംഗലം റേഞ്ചിലെ വാളറ സ്റ്റേഷനില്‍ താത്കാലിക ഫയര്‍വാച്ചര്‍മാരെ നിയമിച്ചതിന്റെ മറവില്‍ പണം തട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്.
വാളറ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ടി. അരുണ്‍കുമാറിനെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇതേ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പഴമ്പിള്ളിച്ചാല്‍ മരംമുറി കേസില്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
ചില ഉന്നതര്‍ ഇടപെട്ട് മുക്കിയ സംഭവം പുറംലോകത്തെത്തിച്ചത് ജന്മഭൂമിയാണ്. പിന്നാലെയാണ് കേസില്‍ വിശദമായ അന്വേഷണം. കഴിഞ്ഞവര്‍ഷത്തെ ഫയര്‍ സീസണില്‍ സ്ഥലത്ത് പോലും എത്താത്ത അഞ്ചു പേരുടെ പേരിലാണ് മൂവരും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം രൂപ നോമിനല്‍ മസ്റ്റര്‍ റോള്‍ (എന്‍എംആര്‍) എഴുതി തട്ടിയത്. ഇതില്‍ മൂന്ന് പേര് അരുണിന്റെ ബന്ധുക്കളാണ്. ഒരാള്‍ കാപ്പ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും. ഇവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് 2023 ജനുവരിയില്‍ 79,336 രൂപയും ഫെബ്രുവരി യില്‍ 27,008 രൂപയും കൈമാറി. ഈ തുകയില്‍ നിന്ന് ചെറിയ ശതമാനം ഇവര്‍ക്ക് കമ്മിഷനായി നല്കിയ ശേഷം ബാക്കിയുള്ള തുക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.ജി. മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എം. ലാലു, പി.ടി. അരുണ്‍കുമാര്‍ എന്നിവര്‍ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
മൂവരും തങ്ങളുടെ ജോലിയില്‍ ഗുരുതര വീഴ്ചവരുത്തിയതായും ഉത്തരവില്‍ പറയുന്നു. കോതമംഗലം ഡിഎഫ്ഒ ആദ്യം അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറിയിരുന്നു. അതേസമയം ഈ കേസില്‍ നേരിട്ട് ഉള്‍പ്പെട്ട നേര്യമംഗലം റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇയാളെ ഇവിടെ നിന്ന് സ്ഥലം മാറ്റുക മാത്രമാണ് നിലവില്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: