തിരുവനന്തപുരം: വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫെറ്റോ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ നടത്തിയ സൂചനാ പണിമുടക്ക് സര്‍ക്കാരിന് കനത്ത താക്കീതായി. അദ്ധ്യാപകര്‍ ഉള്‍പ്പെടെ പണിമുടക്കിയതോടെ സര്‍ക്കാര്‍ ഓഫീസുകളെ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിശ്ചലമായി. അതേസമയം സമരം ചെയ്തവരെ ഇടത് സംഘടനാ നേതാക്കള്‍ കൈയേറ്റം ചെയ്ത് സമരത്തെ അടിച്ചമര്‍ത്താനും ശ്രമം നടത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണിനെ തള്ളിക്കളഞ്ഞാണ് ജീവനക്കാര്‍ പണിമുടക്കിയത്. വില്ലേജ്, താലൂക്ക്, പഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. സെക്രട്ടേറിയറ്റില്‍ 1400 പേര് പണിമുടക്കി. 40 ശതമാനത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു.
ക്ഷാമബത്ത കുടിശ്ശിക 18 ശതമാനം അനുവദിക്കുക, പങ്കാളിത്ത പെന്ഷന് അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ വിഹിതത്തോടെ കാര്യക്ഷമമാക്കുക, ശമ്പള-പെന്ഷന് പരിഷ്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഫെറ്റോയും മറ്റ് പ്രതിപക്ഷ സംഘടനകളും പണിമുടക്കിയത്. പണിമുടക്കിയ ഫെറ്റോ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും സമരം ചെയ്ത ജീവനക്കാര്‍ സിവില്‍ സര്‍വ്വീസിന്റെ സംരക്ഷണമാണ് ഏറ്റെടുത്തതെന്നും ജയകുമാര്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലെ ജീവനക്കാരോടും പെന്‍ഷന്‍കാരോടും കടുത്ത വഞ്ചനയാണ് തുടരുന്നത്. അടിമത്തം ബാധിക്കാത്ത, അവകാശങ്ങളെക്കുറിച്ച് ബോധമുള്ള മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായിയെന്നും ജയകുമാര്‍ പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് രമേശ് ടി.എന്‍. അധ്യക്ഷനായി. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സുനില്‍കുമാര്‍ പി., കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ആകാശ് രവി, എന്‍ടിയു സംസ്ഥാന സെക്രട്ടറി ശ്യാംലാല്‍, പിഎസ്സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്. ഹരികൃഷ്ണന്, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, പ്രസ് വര്‍ക്കേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ജയപ്രസാദ്, ഫെറ്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ശ്രീകുമാര്‍, പ്രദീപ് പുള്ളിത്തല, അനൂപ് ശങ്കരപിള്ള, എസ്. വിനോദ്കുമാര്‍, പാക്കോട് ബിജു, ജി. ഹരികുമാര്‍, സജീഷ്കുമാര്‍, സന്തോഷ് അമ്പറത്തലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടേറിയറ്റ് അനക്സില്‍ പണിമുടക്കിയവരെ ഇടത് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തു. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ)യുടെ സമരത്തിന് ഇടയിലൂടെ പലവട്ടം പ്രകോപനപരമായി ഭരണപക്ഷത്തിലെ ജീവനക്കാര്‍ വാഹനമോടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പലയിടത്തും പണിമുടക്കിയ ജീവനക്കാരെ ഇടത് സംഘടനാ നേതാക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പണിമുടക്കിന്റെ ഭാഗമാകരുതെന്നും അവധി പോലും എടുക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: