ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു ത്രൈമാസ പാദങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് ഭാരതം നേടിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്. ഈ സാഹചര്യത്തില്‍ ഭാരതം ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇനി വലിയ നാണയപ്പെരുപ്പം (വലിയ വിലക്കയറ്റം) ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് വിലയിരുത്തിയ വിദഗ്ധര്‍, സര്‍ക്കാരിന്റെ അതിശക്തമായ പിന്തുണയാണ്, സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്നും ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രം വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ഇത് വളരെ പ്രകടമാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 10 മുതല്‍ 23 വരെ 54 സാമ്പത്തിക വിദഗ്ധര്‍ക്കിടയിലാണ് റോയിട്ടേഴ്സ് അഭിപ്രായ സര്‍വേ നടത്തിയത്.
ഈ സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളരുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.3 ശതമാനവുമായിരിക്കുമെന്നും അവര്‍ പറയുന്നു.
അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ഭാരതമാണെന്ന് മുന്‍പ് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: