ന്യൂദല്‍ഹി: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് പര്യാപ്തമാകുംവിധത്തില് ഗവേഷണ, വ്യവസായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ഇന്ത്യ എഐ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അനുവാദം തേടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഇതുമായി ബന്ധപ്പെട്ട് 24,500 ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകള്‍ അടങ്ങുന്ന ത്രിതല കമ്പ്യൂട്ട് അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വര്‍ക്കിങ് ഗ്രൂപ്പുകള്‍ ശിപാര്‍ശ ചെയ്തതായും മന്ത്രി അറിയിച്ചു.
10,000 കോടി രൂപ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രൂപീകൃതമാവുന്ന ഇന്ത്യ എഐ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പര്യാപ്തമായ കമ്പ്യൂട്ടര്‍ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തെ സ്വകാര്യ ഡാറ്റാ സെന്ററുകളിലും പൊതുമേഖല സ്ഥാപനമായ സി ഡാക്ക് നടത്തുന്ന ഡാറ്റാ സെന്ററുകളിലും നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അര്‍ദ്ധചാലക കേന്ദ്രീകൃത സോഫ്റ്റ്വെയര് കമ്പനിയായ സിനോപ്സിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സിപിയു അടിസ്ഥാനമാക്കിയുള്ള സെര്‍വറുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയില്‍ ഡാറ്റ പ്രോസസ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ജിപിയു അടിസ്ഥാനമാക്കിയുള്ള സെര്‍വറുകളുടെ ആവശ്യം ലോകമെങ്ങും വര്‍ധിച്ചുവരികയാണ്. ഇലക്ട്രോണിക്സ്, അര്‍ദ്ധചാലക വ്യവസായത്തിന്റെ നിര്‍മാണ, നവീകരണ മേഖലകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമമാണ് ഭാരതം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: