മകൾ ഭാഗ്യ പ്രതീക്ഷിച്ചതിലും അതിമനോഹരമായാണ് നടൻ സുരേഷ് ഗോപി വിവാഹം നടത്തിയത്. നാനാഭാഗങ്ങളിൽ നിന്നായി സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ഒഴുകി എത്തിയത്. ഒരാളെപ്പോലും വിട്ടുപോകാതെ മകളുടെ കല്യാണത്തിന് എല്ലാവരേയും ഒരുപോലെ ക്ഷണിച്ച് ചേർത്ത് പിടിച്ചു സുരേഷ് ഗോപി. ഓടി നടന്ന് മകളുടെ വിവാഹത്തിന്റെ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി.
വലിപ്പം ചെറുപ്പം നോക്കി തരംതിരിച്ചല്ല സുരേഷ് ഗോപി ആളുകളെ വിവാഹത്തിന് ക്ഷണിച്ചതെന്ന് വിവാഹ ചടങ്ങുകളുടെ വീഡിയോ കണ്ടവർക്കെല്ലാം മനസിലാകും. വിവാഹത്തിന് എത്താൻ പറ്റാത്തവർക്കായി രണ്ടിടങ്ങളിലാണ് സുരേഷ് ഗോപി സൽക്കാരം ഒരുക്കിയത്. അടുത്തൊന്നും ഇത്ര മനോഹരമായ ഒരു സെലിബ്രിറ്റി വെഡ്ഡിങ് കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം കുറിച്ചത്.
താൻ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ച് ടിനി ടോം സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ആ വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ഏറ്റവും മഹീനയ സാന്നിധ്യമായി തനിക്ക് തോന്നിയത് മാസങ്ങൾക്ക് മുമ്പ് അകാലത്തിൽ ഈ ലോകത്ത് നിന്നും പോയ ഡോ. വന്ദന ദാസ് എന്ന പെൺകുട്ടിയുടെ അച്ഛനെയാണ് എന്നാണ് ടിനി ടോം കുറിച്ചിരുന്നത്.
‘ഈ അച്ഛനെ ഓർമ്മയുണ്ടോ… ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ… കൃത്യം എട്ട് മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു… ഡോ. വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വെച്ചാണ്.’
‘ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വെച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ. ഞാൻ അഡ്രസ്സ് മേടിച്ചു… ഇപ്പോൾ വീട്ടിൽ കാണാനെത്തി.’
ടിനിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തന്റെ മകളുടെ വിവാഹത്തിന് വന്ദനയുടെ കുടുംബത്തേയും ക്ഷണിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചും ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തി അവരുടെ വീട്ടിൽ ചെന്ന ടിനി ടോമിനെ പ്രശംസിച്ചും കമന്റുകളുണ്ട്. മറക്കാതെ സുരേഷ് ഗോപി സ്വന്തം മകളുടെ കല്ല്യാണത്തിന് വന്ദനയുടെ കുടുംബത്തെ ക്ഷണിച്ചല്ലോ… ആ മനസ്… എന്തൊരു കരുതലാണ് ആ മനുഷ്യന്, ടിനിയുടെ പ്രവൃത്തിക്ക് ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം എന്നിങ്ങനെയാണ് കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: