മോസകോ : തങ്ങള്‍ പിടികൂടിയ യുദ്ധ തടവുകാരെ യുക്രൈന് കൈമാറാന്‍ കൊണ്ടുപോകവെയാണ് സൈനിക വിമാനം തകര്‍ന്നുവീണതെന്ന് റഷ്യ. മൂന്ന് മിസൈലുകളേറ്റാണ് വിമാനം വീണതെന്നും റഷ്യന്‍ പാര്‍മെന്റില്‍ സംസാരിക്കവെ അംഗമായ ആന്ദ്രെ കര്‍തപോലൊവ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ യുക്രൈനാണെന്ന സൂചനയാണ് ആന്ദ്രെ കര്‍തപോലൊവ് നല്‍കുന്നത്. എന്നാല്‍ തെളിവുകള്‍ നല്കാന് അദ്ദേഹം തയാറായില്ല.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ റഷ്യയുടെ ഇല്യുഷിന്-76 സൈനിക വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന യുക്രൈനില്‍ നിന്നുളള യുദ്ധത്തടവുകാരായ 65 പേരാണ് കൊല്ലപ്പെട്ടത്.ആറ് ജീവനക്കാരുള്‍പ്പെടെ ഒമ്പത് പേര് കൂടി വിമാനത്തിലുണ്ടായിരുന്നതായി റിയ നോവോസ്റ്റി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ആയുധങ്ങളും ചരക്കും കടത്തുന്നതിനുളള സൈനിക വിമാനമാണിത്.
യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം താഴേക്ക് വീഴുന്നതും സ്ഫോടനശബ്ദം കേള്‍ക്കുന്നതും സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ട വീഡിയോയില്‍ കാണാം. രക്ഷാപ്രവര്‍ത്തകര്‍ വിമാനം വീണ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്ന രീതി റഷ്യയും യുക്രൈനും പിന്തുടരുന്നുണ്ട്. അതിര്‍ത്തി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പോരാട്ടം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: