മുംബൈ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിനും അതിന് മുമ്പും സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി മുംബൈ പോലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പതിനഞ്ചോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി. മഹാരാഷ്‌ട്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃകർ ആയിരുന്നു അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കിയത്.
പോലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. സംഘർഷത്തിൽ ആളുകൾ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ മീരാ റോഡിലെ നയാ നഗർ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരിന്നു. ഇതിൽ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃക സ്വീകരിച്ചുകൊണ്ടാണ് അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് എന്ന് പോലീസ് അറിയിച്ചു. അനധികൃത കയ്യേറ്റങ്ങൾ മാത്രമേ പോലീസ് പൊളിച്ച് നീക്കിയിട്ടുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു. അറസ്റ്റിലായവരുടെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
രാമശോഭയാത്രയ്‌ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: