അയോദ്ധ്യയിലെ രാമക്ഷേത്രത്തിലാണ് ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടന്നതെങ്കിലും ആസേതുഹിമാചലം ആ ദിവ്യമുഹൂര്‍ത്തം ആഘോഷിക്കപ്പെട്ടു. ദിവസങ്ങള്‍ നീണ്ട ചടങ്ങുകള്‍ക്ക് ഒടുവിലായിരുന്നു പ്രാണപ്രതിഷ്ഠ. ഈ ദിവസങ്ങളിലൊക്കെയും ഭക്തിപാരവശ്യവും ദേശാഭിമാനവും വഴിഞ്ഞൊഴുകുന്ന നിരവധി പരിപാടികളാണ് ഭാരതമെമ്പാടും നടന്നത്. ഇവയുടെ പരമകാഷ്ഠയായിരുന്നു പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഭാരതമെമ്പാടും കാണാന്‍ കഴിഞ്ഞത്. വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് അയോദ്ധ്യയിലേക്ക് ക്ഷണം ലഭിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ രാമജന്മഭൂമിയിലേക്ക് വരരുതെന്നും, സ്വന്തം വീടുകളില്‍ ഭദ്രദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ച കോടിക്കണക്കിന് ജനങ്ങള്‍ സ്വന്തം വീട്ടിലും നാട്ടിലും പ്രതിഷ്ഠാ ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനുമൊക്കെ അതീതമായി ഇത്രയേറെയാളുകള്‍, ജനകോടികള്‍തന്നെ ഭക്തിസാന്ദ്രമായ മനസ്സോടെ, ദേശാഭിമാനം നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തോടെ പങ്കുകൊണ്ട ഇതുപോലൊരു ആഘോഷം ഭാരതത്തിന്റെ ചരിത്രത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. ജയ്ശ്രീറാം വിളികളും, ശ്രീറാം ജയറാം ജയജയ റാം ഭജനകീര്‍ത്തനങ്ങളും മുഴങ്ങിയ മഹാനഗരങ്ങളിലും കുഗ്രാമങ്ങളിലും അയോദ്ധ്യയില്‍നിന്നുള്ള അലകള്‍ വന്നുനിറഞ്ഞു. എവിടെ നോക്കിയാലും രാമനെ മാത്രം കാണുന്ന അന്തരീക്ഷം സ്വഭാവികമായി സൃഷ്ടിക്കപ്പെട്ടു. നാമജപങ്ങളും രാമായണപാരായണവും പ്രാര്‍ത്ഥനകളും ദീപാലങ്കാരങ്ങളുമൊക്കെയായി മണ്ണിലും വിണ്ണിലും രാമന്റെ ചൈതന്യം നിറഞ്ഞു. അഞ്ഞൂറ് വര്‍ഷത്തിനുശേഷമുള്ള ബാലകരാമന്റെ മടങ്ങിവരവ് ജനങ്ങള്‍ അങ്ങേയറ്റത്തെ ആഘോഷമാക്കി മാറ്റുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശക്തിയാര്‍ജിച്ച അയോദ്ധ്യാ പ്രക്ഷോഭത്തോട് വിമുഖത കാണിച്ച കേരളത്തിലും വലിയ മാറ്റമാണ് പ്രകടമായത്. പാര്‍ട്ടികളുടെ നിലപാട് എന്തായാലും ജനസമൂഹം അയോദ്ധ്യയ്‌ക്ക് ഒപ്പം നിന്നു. സര്‍ക്കാരും നേതാക്കളും കാണിക്കാത്ത പക്വതയും വിവേചനബുദ്ധിയുമാണ് അവര്‍ കാണിച്ചത്. സമുദായസംഘടനകളും ഇതോടു ചെര്‍ന്നു നിന്നു. ഓരോ കുടുംബവും രാമനെ ഏറ്റെടുത്തു.
അയോദ്ധ്യയിലെ രാമജന്മഭൂമി സുപ്രീംകോടതി ഹിന്ദുക്കള്‍ക്ക് നല്‍കുകയും, അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് വിധി പറയുകയും ചെയ്തിട്ടും കേരളത്തിലെ ചിലര്‍ അത് അംഗീകരിച്ചിരുന്നില്ലല്ലോ. എന്നാല്‍, അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നുവന്നതോടെ നാടകീയമായ മാറ്റങ്ങളാണ് കേരളത്തിലുമുണ്ടായത്. പ്രാണപ്രതിഷ്ഠയുടെ അക്ഷതം സ്വീകരിക്കാനും അതൊരു അനുഗ്രഹമായി കാണാനും കവികളും കലാകാരന്മാരും എഴുത്തുകാരുമടക്കം സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ തയ്യാറായത് വലിയൊരു മാറ്റത്തെക്കുറിക്കുന്നു. അയോദ്ധ്യാ പ്രക്ഷോഭകാലത്തെ ശിലാപൂജയോടുള്ള കേരളത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ലെന്ന് ഓര്‍ക്കണം. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും അവിടേക്ക് പോകേണ്ടെന്നു തീരുമാനിച്ച പാര്‍ട്ടികളെ സ്വന്തം നേതാക്കളും മുഖ്യമന്ത്രിമാരുമൊക്കെ തിരുത്തുന്ന കാഴ്ചയാണ് ചില സംസ്ഥാനങ്ങളില്‍ കണ്ടത്. രാമനെ ബിജെപിക്കു വിട്ടുകൊടുക്കില്ലെന്നു പറയുന്ന ശശിതരൂരും ഇതില്‍പ്പെടുന്നു. രാമനെ ധര്‍മത്തിന്റെ വിഗ്രഹവും സംസ്‌കാരത്തിന്റെ പ്രതീകവുമായാണ് ബിജെപിയും ഹിന്ദുത്വ സംഘടനകളും എക്കാലവും കണ്ടത്. രാമനെ രാഷ്‌ട്രീയവല്‍ക്കരിച്ചവര്‍ക്കുള്ള കൃത്യമായ സന്ദേശമാണ് കേരളത്തിലെ ഉള്‍പ്പടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. കക്ഷി രാഷ്‌ട്രീയത്തിന്റെയും മതവിഭാഗീയതയുടെയും പിടിയില്‍ നിന്ന് കേരളത്തിന്റെ രാമപൈതൃകം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: