ഗുഹാവത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസാമിലെ ഗുവാഹത്തിയില്‍ പ്രവേശിച്ചപ്പോള്‍ പോലീസിന് നേരെ പ്രവര്‍ത്തകരുടെ അക്രമം. ബാരിക്കേഡുകള്‍ തകര്‍ത്തു. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിനെതിരെ കേസെടുക്കും.
ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് ആസാം സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പ്രധാന നഗര റോഡുകളിലൂടെയുള്ള പരിപാടി ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും അതിനാല്‍ ദേശീയ പാതയിലൂടെ പര്യടനം നടത്താനും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുവാഹത്തിയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്നാണ് ബാരിക്കേഡുകള്‍ തകര്‍ത്തതിനും ജനത്തെ പ്രകോപിപ്പിച്ചതിനും രാഹുലിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപി ജി.പി. സിങ്ങിന് നിര്‍ദേശം നല്‍കിയത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുന്നതിന്റെയും അക്രമം നടത്തുന്നതിന്റെയും വീഡിയോ യൂത്ത് കോണ്‍ഗസ് പ്രസിഡന്റ് ശ്രീനിവസ് വി.ബി. എക്സില്‍ പങ്കുവച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം പ്രവര്‍ത്തനം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല, നമ്മുടേത് സമാധാനപരമായ സംസ്ഥാനമാണ്. ഇത്തരം നക്സലൈറ്റ് തന്ത്രങ്ങള്‍ സംസ്കാരത്തിന് തികച്ചും യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള രാഹുലിന്റെ പ്രസംഗത്തിന്റെ വീഡിയോയും മുഖ്യമന്ത്രി പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം ആസാമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ബട്ടാദ്രവാ ധാനില്‍ അനുമതി നിഷേധിച്ചെന്നാരോപിച്ചും രാഹുല്‍ തെറ്റായ പ്രചാരണം നടത്തിയിരുന്നു. തിരക്കും സുരക്ഷാ പ്രശ്നങ്ങളും കാരണം വൈകിട്ട് മൂന്നിന് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ക്ഷേത്രം അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാതെയാണ് സന്ദര്‍ശനത്തിനെത്തിയത്. ഇത് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് തനിക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു എന്ന തരത്തില്‍ പ്രതിഷേധവും പ്രസ്താവനയും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: