ചെന്നൈ: ഗാന്ധിജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ലെന്നും 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങള്‍ അവസാനിച്ചെന്നും രവി പറഞ്ഞു. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ ഗിണ്ടിയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1942ന് ശേഷം ഗാന്ധി നടത്തിയ സമരങ്ങള്‍ ഫലം കണ്ടില്ല. ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടതിന്റെ കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടങ്ങളല്ല. മറിച്ച് ഭാരതത്തിന്റെ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാര്‍ ഇവിടം വിടാന്‍ കാരണം. ഭാരതത്തിനകത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലായിരുന്നെങ്കില്‍ 1947ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആര്‍.എന്‍ രവി പറഞ്ഞു. നേരത്തെ ഇത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് വളരെക്കാലം കഴിഞ്ഞപ്പോള്‍ നമ്മുടെ പൈതൃകവും സംസ്‌കാരവും ആത്മീയ ശ്രേഷ്ഠതയും നാം മറന്നു. സ്വാതന്ത്ര്യ സമര സേനാനികളെ നമ്മള്‍ മറന്നു. നേതാജി നിര്‍മ്മിച്ച ഭാരതത്തിന്റെ സൈന്യത്തില്‍ ധാരാളം തമിഴര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല. നേതാജി സൈന്യത്തില്‍ വനിതാ സേന രൂപീകരിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 7 തലമുറകള്‍ക്ക് ശേഷമാണ് ഭാരതത്തിന്റെ സൈന്യത്തില്‍ സ്ത്രീകള്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുന്നതെന്നും ആര്‍. എന്‍ രവി പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസാണ് ഭാരതത്തിന്റെ യഥാർത്ഥ രാഷ്‌ട്രപിതാവ്. രാജ്യത്തെ സര്‍വകലാശാലകള്‍ നേതാജിയെകുറിച്ചും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ കുറിച്ചും ഗവേഷണങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ രവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: