Categories: NewsKeralaErnakulam

വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനം; മഹാരാജാസ് കോളേജ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

Published by

കൊച്ചി : വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മഹാരാജാസ് കോളേജ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ, കെഎസ് യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചതാണ്. തുടര്‍ന്ന് കോളേജ് അധികൃതരും പോലീസും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാരാജാസ് കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേയ്‌ക്ക് അടച്ചുപൂട്ടിയത്.

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളേജ് തുറക്കുന്നത്. വൈകിട്ട് ആറ് മണിയ്‌ക്കുതന്നെ കോളേജ് ഗേറ്റ് അടയ്‌ക്കും. കുറച്ചു ദിവസത്തേയ്‌ക്ക് കോളേജ് പരിസരത്ത് പോലീസ് സാന്നിധ്യവുമുണ്ടാകും. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ മുപ്പതിലേറെ വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക