ന്യൂദൽഹി: അഞ്ചു നൂറ്റാണ്ടിനിപ്പുറം രാമ ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതിന് പിന്നാലെ അയോദ്ധ്യായാത്രയുമായി ബിജെപി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അയോദ്ധ്യയിലേക്ക് എത്തിക്കാനായി ഈ മാസം 25 തൊട്ട് മാർച്ച് 25വരെ പ്രത്യേക യാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ദിവസം അരലക്ഷം പേരെ വരെ അയോദ്ധ്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഒരു മണ്ഡലത്തിൽ നിന്ന് ആയിരം പേരെ കൊണ്ടുപോകും. താമസവും ഭക്ഷണവും ഒരുക്കണമെന്ന് ഉത്തർപ്രദേശിലെ പ്രവർത്തകർക്ക് ബിജെപി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നാളെ തൊട്ട് ബിജെപി നേതാക്കൾ കുടുംബത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകും.
പതിനൊന്നു ദിവസത്തെ നിഷ്ഠാപൂര്‍ണമായ വ്രതപുണ്യത്തോടെ ഈ മാസം 22ന് 12.05നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലേക്കു നടന്നുകയറിയത്. ഗര്‍ഭഗൃഹത്തില്‍ ഡോ. മോഹന്‍ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും പ്രാണപ്രതിഷ്ഠാ പൂജകളില്‍ പങ്കാളികളായി. ഗണപതി വിഗ്രഹത്തിലും പഴയ രാംലല്ല വിഗ്രഹത്തിലുമായി 24 മിനിറ്റ് പ്രത്യേക പൂജകള്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 12.29നു ശേഷമുള്ള 84 സെക്കന്‍ഡിന്റെ വിശേഷ മുഹൂര്‍ത്തത്തില്‍ ബാലകരാമന് നേത്രോന്മീലനം നടത്തി പ്രാണപ്രതിഷ്ഠ.
പോരാട്ടങ്ങളും ബലിദാനങ്ങളുമേറെക്കണ്ട അയോദ്ധ്യയുടെ മണ്ണും വിണ്ണും മനസ്സും നിറഞ്ഞു. ഒരിക്കല്‍ നിണമൊഴുകിയ സരയൂസ്‌നാനഘട്ടങ്ങള്‍ സുവര്‍ണ ശോഭയണിഞ്ഞു… തലമുറകളുടെ കാത്തിരിപ്പിന്, തപസ്സിന്, പ്രാര്‍ത്ഥനകള്‍ക്ക്, സാക്ഷാത്കാരം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: