ന്യൂദല്‍ഹി: രാംലല്ലയുടെ പ്രാണപ്രതിഷ്ഠ മഹോത്സവമാക്കി ഭാരതം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ പ്രദേശങ്ങളും രാമനാമമുഖരിതമായി. വൈകിട്ട് രാമജ്യോതി തെളിയിച്ച് ദീപാവലി കാഴ്ചയൊരുക്കി.
അതിശൈത്യമായിട്ടും ദല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ഇന്നലെ നേരത്തെ ഉണര്‍ന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അയോദ്ധ്യയില്‍ നേരിട്ടെത്താന്‍ സാധിക്കാത്തതിനാല്‍ കോടിക്കണക്കിന് രാമഭക്തര്‍ വിവിധക്ഷേത്ര ങ്ങളില്‍ സജ്ജീകരിച്ച കൂറ്റന്‍ എല്‍ഇഡി സ്ക്രീനുകളിലും വീടുകളിലിരുന്ന് ടിവിയിലും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തത്സമയം വീക്ഷിച്ചു. പൂജകളില്‍ പങ്കെടുത്തും രാമമന്ത്രങ്ങള്‍ ഉരുവിട്ടും ഭജന ആലപിച്ചും അവര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പ്രസാദവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കുശേഷം ദല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് വസതിയില്‍ രാമജ്യോതി തെളിയിച്ചു. ക്ഷേത്രങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും വീടുകളിലും രാമജ്യോതി തെളിച്ച് ദീപാവലിയൊരുക്കി. ദല്‍ഹിയും മുംബൈയും സൂറത്തും അഹമ്മദാബാദുമുള്പ്പെടെയുള്ള വന്‍നഗരങ്ങളില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ചെരാതുകളാണ് തെളിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രസാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും ദല്‍ഹിയിലെ ലക്ഷ്മി നാരായണ മന്ദിറിലിരുന്നാണ് പ്രാണപ്രതിഷ്ഠ തത്സമയം കണ്ടത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ജണ്ടേവാലന്‍ മന്ദിറിലെ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് വീട്ടില്‍ തന്നെ പൂജകളില്‍ പങ്കെടുത്തു. രാജ്യത്തെ വന്‍നഗരങ്ങളിലെല്ലാം ഇന്നലെ വലിയ തോതിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കൂറ്റന്‍ എല്‍ഇഡി സ്ക്രീനുകളില്‍ പ്രാണപ്രതിഷ്ഠ കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. മിക്ക നഗരങ്ങളും വൈദ്യുത ദീപങ്ങളാലും കാവിക്കൊടികളാലും അലങ്കരിച്ചിരുന്നു. ശ്രീരാമന്റെ കൂറ്റന്‍ കട്ടൗട്ടുകളും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ കൂറ്റന്‍ മാതൃകകളും പലയിടത്തും സ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: