അയോദ്ധ്യയില്‍ ശ്രീരാമപ്രതിഷ്ഠയ്‌ക്ക് വേദി ഉണരുമ്പോള്‍ മലയാളികള്‍ക്കിടയില്‍ ‘ശ്രീരാമഗീതയും രാമഹൃദയവും’ പ്രചരിപ്പിച്ച നീലകണ്ഠ തീര്‍ഥപാദാശ്രമം ചരിത്ര നിര്‍വൃതിയിലാണ്.
ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്ന നീലകണ്ഠതീര്‍ത്ഥപാദര്‍ (1872-1921) ശ്രീരാമഗീത എന്ന കൃതി പരിഭാഷപ്പെടുത്തിയത് 1903ലാണ്. പിന്നീട് രാമഹൃദയം കീര്‍ത്തനവും രചിച്ചു. ശ്രീരാമഗീതയ്‌ക്ക് ഗദ്യത്തിലും പദ്യത്തിലും ആദ്യമായി മലയാള പരിഭാഷ നടത്തിയത് തീര്‍ഥ സ്വാമികളായിരുന്നു.
ഇവ വായിച്ച ശേഷം ശേഷഗിരിപ്രഭു എന്ന പ്രശസ്ത പണ്ഡിതന്‍ എഴുതിയത് ശ്രീരാമഗീത മുതലായ ഭാഷാ ശ്ലോകങ്ങളിലൂടെ കേരളം മുഴുവന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു എന്നാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരേന്ത്യന്‍ പര്യടനം നടത്തിയ നീലകണ്ഠ തീര്‍ത്ഥപാദര്‍ അയോദ്ധ്യ സന്ദര്‍ശിക്കുകയും രാമക്ഷേത്രത്തെ കുറിച്ച് തന്റെ ഡയറിക്കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തു.
‘ശ്രീരാമന്റെ അവതാരമണിയറയായിരുന്ന സ്ഥലത്ത് നവാബ് പള്ളി കെട്ടുകയാല്‍ ദേവമന്ദിരം പള്ളിക്ക് വലതുവശം മാറ്റിയിരിക്കുകയാണെന്ന് അവിടുത്തുകാര്‍ പറയുന്നു’വെന്ന് ജീവ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുനാള്‍ അയോദ്ധ്യയില്‍ കഴിഞ്ഞ നീലകണ്ഠതീര്‍ത്ഥ പാദര്‍ അക്കാലത്തുതന്നെ ഗ്രന്ഥശാല തീര്‍ത്ഥാടനങ്ങള്‍ നടത്തിയിരുന്നു.
മഹാഗുരു ചട്ടമ്പിസ്വാമികളാണ് 1921ല്‍ ശിഷ്യന്റെ സമാധിപ്രതിഷ്ഠ നടത്തിയത് എന്നതും ചരിത്രത്തിലെ അപൂര്‍വതയാണ്. അയോദ്ധ്യയില്‍ നടക്കുന്ന ശ്രീരാമപ്രതിഷ്ഠാ വേളയില്‍ കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠ തീര്‍ഥപാദാശ്രമത്തില്‍ ശ്രീരാമഗീതാപാരായണം നടക്കും.
ഡോ. സുരേഷ് മാധവ് (ചരിത്ര ഗവേഷകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: