ഭഗവാന് ശ്രീരാമന് എല്ലാ രാഷ്ട്രീയങ്ങള്‍ക്കും അപ്പുറമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. അയോദ്ധ്യയില്‍ രാമകഥാ മ്യൂസിയത്തിലെ അന്താരാഷ്ട്ര മാധ്യമ കേന്ദ്രത്തില്‍ വച്ച് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അയോദ്ധ്യ നല്കുന്ന സന്ദേശം?
= അഞ്ഞൂറു വര്‍ഷത്തെ പ്രക്ഷോഭങ്ങളുടെ ചരിത്രം അയോദ്ധ്യയ്ക്ക് പറയാനുണ്ട്. എന്നാല്‍ ആ സങ്കടകാലമെല്ലാം അതിജീവിച്ച് ഭഗവാന് ശ്രീരാമന് അയോദ്ധ്യയിലേക്ക് വീണ്ടുമെത്തുകയാണ്. രാമന് എല്ലാവരുടേതുമാണ്. മുഴുവന്‍ ഭാരതവുമാണ് രാമനെ വരവേല്‍ക്കുന്നത്. അവിടെ മറ്റു വ്യത്യാസങ്ങളുണ്ടാവില്ല. പഴയതെല്ലാം മറന്ന് ഒരുമിച്ച് മുന്നോട്ട് പോകാം. എല്ലാവരേയും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് വിളിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ചിലര്‍ പങ്കെടുക്കുന്നില്ല. അവരെല്ലാം വരും ദിവസങ്ങളില്‍ അയോദ്ധ്യയിലെത്തും. രാഷ്ട്രീയത്തിനപ്പുറമായി അയോദ്ധ്യയെ കാണേണ്ടതുണ്ട്. രാമന് ഏതെങ്കിലും പാര്‍ട്ടിയുടെയല്ല. മര്യാദാ പുരുഷോത്തമനാണ്. തുച്ഛമായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാമനെ തള്ളിപ്പറയേണ്ടതില്ല. രാമന് തെരഞ്ഞെടുപ്പ് വിഷയമല്ല. എല്ലാവരും യോജിച്ച് സാമൂഹ്യസമരസതയുടെ മാര്‍ഗത്തില്‍ മുന്നേറേണ്ടതുണ്ട്. യുദ്ധമില്ലാത്ത നാട് എന്നാണ് അയോദ്ധ്യയുടെ അര്‍ത്ഥം.
പ്രാണപ്രതിഷ്ഠാ വിവാദങ്ങള്‍?
= പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിസഭായോഗമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. സോമനാഥ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ തന്നെ വിഗ്രഹ പ്രതിഷ്ഠ നടത്തുകയായിരുന്നു. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് സോമനാഥ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കര്‍മ്മങ്ങളില്‍ മുഖ്യ യജമാന സ്ഥാനത്ത് പങ്കെടുത്തത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പത്തുവര്ഷങ്ങള് കഴിഞ്ഞാണ് സോമനാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിച്ചതെന്നോര്ക്കണം. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും പണി പൂര്‍ത്തിയാവാത്ത നിരവധി ക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വിഗ്രഹപ്രതിഷ്ഠ നടത്തുക എന്നതാണ് എല്ലായിടത്തേയും പതിവ്. ക്ഷേത്രം പൂര്‍ത്തിയാവുന്നതു വരെ വര്‍ഷങ്ങളോളം ബാലാലയത്തില്‍ കഴിയാന്‍ ആരെങ്കിലും ഭഗവാനെ അനുവദിക്കുമോ?
പ്രാണപ്രതിഷ്ഠയെപ്പറ്റി?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 11.30ന് എത്തും. നാലുമണിക്കൂര്‍ അദ്ദേഹം അയോദ്ധ്യയില്‍ ചിലവഴിക്കും. മറ്റു പൊതു സമ്മേളനങ്ങളൊന്നും തന്നെ ഉണ്ടാവില്ല. റോഡ് ഷോ അടക്കം അദ്ദേഹം അയോദ്ധ്യയില്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ നടത്തിയിരുന്നു. ഇത്തവണ ക്ഷേത്രചടങ്ങുകള്ക്കായി മാത്രമാണ് എത്തുന്നത്. പതിനൊന്നു ദിവസത്തെ വ്രതത്തിന് ശേഷമാണ് അദ്ദേഹം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെത്തുന്നത്. ചടങ്ങുകളുടെ ഭാഗമാകുന്ന മറ്റു വ്യക്തികളും കഠിന വ്രതങ്ങളിലാണ് കഴിയുന്നത്. ദിവസങ്ങളായി നിരവധി പൂജകളും യജ്ഞങ്ങളും രാമജന്മഭൂമിയില്‍ നടക്കുന്നു. പ്രാണപ്രതിഷ്ഠയെന്ന ചടങ്ങ് അത്രയും മഹത്വപൂര്‍ണമാണ്. അഞ്ഞൂറു വര്‍ഷത്തെ സമര ചരിത്രമാണ് അയോദ്ധ്യയ്ക്ക് പറയാനുള്ളത്. എന്നാല്‍ അത്തരം പഴയ കാര്യങ്ങളെല്ലാം മറന്ന് പുതിയൊരു അയോദ്ധ്യയ്ക്കായാണ് രാജ്യം മുഴുവന്‍ ഉത്സാഹത്തോടെ പ്രതീക്ഷിച്ചു കഴിയുന്നത്.
# തയാറാക്കിയത് എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: