ചെന്നൈ: തന്നില്‍ തന്നെ വിശുദ്ധി നിറയ്ക്കാനുള്ള ശ്രമമാണ് മോദി 11 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ചെയ്തതെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. കഴിഞ്ഞ 500 വര്‍ഷത്തെ ജനങ്ങളുടെ അഭിലാഷമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സദ് ഗുരു പറഞ്ഞു.
ഒരു മൂര്‍ത്തിയെ പ്രതിഷ്ഠിക്കുക എന്ന് വെച്ചാല്‍ അതിനുള്ളിലെ പ്രാണസ്വരൂപത്തെ സുസ്ഥിരപ്പെടുത്തുകയും അത് മികച്ച ഗുണരൂപത്തില്‍ പുറത്തേക്ക് വമിക്കുന്നുവെന്ന് ഉറപ്പുവരുത്തലുമാണ്. നമ്മള് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അതേ ഗുണഭാവം ആ മൂര്‍ത്തിക്ക് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്നത്തെ സംസ്കൃതിയില്‍ നമുക്ക് ദിവ്യത്വം മുകളില്‍ നിന്നും താഴേക്ക് പ്രവഹിക്കണമെന്ന് കരുതാന്‍ കഴിയില്ല. പകരം നമ്മള് നമുക്കുള്ളില്‍ തന്നെ ദിവ്യത്വത്തിന്റെ ഒരു സുസ്ഥിരാവസ്ഥ സൃഷ്ടിക്കുക പ്രധാനമാണ്. ഇതിനെയാണ് സംസ്കൃതത്തില്‍ അനുഷ്ഠാന എന്ന് പറയുക. ഹിന്ദിയില്‍ അനുഷ്ഠാന്‍ എന്നും പറയും. നമ്മുടെ ശരീരം തന്നെ ജീവസ്സുറ്റ ക്ഷേത്രമാക്കി മാറ്റുക എന്നതാണ് പ്രധാനം. ദൈവവിശുദ്ധിയെ അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ഇതാവശ്യമാണ്. ഞങ്ങളും ഇവിടെ ആശ്രമത്തില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ എല്ലാവരോടും ധ്യാനിക്കാന്‍ പറയും. വിശുദ്ധിയെ ഉള്ളിലേക്ക് ആവാഹിക്കാനാണ് ഈ സാധന. അങ്ങിനെ നമ്മുടെ ഉള്ളില്‍ തന്നെ പ്രാണസ്വരൂപത്തിന്റെ ഒരു സുസ്ഥിരമായ അടിത്തറ പാകിയാല്‍ അതാണ് പിന്നീട് നമ്മള് പ്രാണപ്രതിഷ്ഠയിലൂടെ വിഗ്രഹത്തിലേക്ക് പകരുന്നത്.
ഈ അനുഷ്ഠാനം പല കാലങ്ങളിലും പലരും അനുഷ്ഠിച്ചിട്ടുണ്ട്. ചിലര്‍ ആറ് മാസം, മൂന്ന് മാസം, ഇരുപത് ദിവസം, പതിനൊന്ന് ദിവസം, പത്ത് ദിവസം എന്നിങ്ങനെ പലരും പലവിധത്തില്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കും. എന്തായാലും ഈ അനുഷ്ഠാനങ്ങളിലൂടെ ദിവ്യത്വത്തെ നമ്മുടെ ഉള്ളിലെ കോശങ്ങളിലേക്ക് ആവാഹിക്കുകയാണ്.
നമ്മുടെ ഹിന്ദുസ്ഥാനിലെ മേധാവി തന്നെ (മോദി) ഇത്തരമൊരു അനുഷ്ഠാനത്തിലൂടെ കടന്നുപോകുന്നവെന്നത് ആഹ്ളാദം പകരുന്ന അറിവാണ്. ശ്രീരാമനെ അടിസ്ഥാനമാക്കിയാണ് മോദിയുടെ 11 ദിവസത്തെ അനുഷ്ഠാനം. ഭാരതത്തെ രാമരാജ്യമാക്കാന്‍ എല്ലാ പ്രജകളും അനുഷ്ഠാനം ആചരിക്കണമെന്നും സദ്ഗുരു പറഞ്ഞു.
ഇളനീരും പഴങ്ങളും മാത്രമാണ് ഭക്ഷിച്ചിരുന്നു.വെറും നിലത്ത് കിടന്നായിരുന്നു ഉറക്കം. രാജ്യത്തെ പല ഭാഗങ്ങളിലുമുള്ള ശ്രീരാമക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. പ്രത്യേക പൂജകളും നടത്തി. തിങ്കളാഴ്ചയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: