മധുര: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിക്ക് മടങ്ങി. ഇന്ന് രാവിലെ രാമേശ്വരത്തിന്റെ തെക്കേ അറ്റമായ അരിചാല്‍മുനൈ സന്ദര്‍ശിച്ച അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ധ്യാനത്തിലിരിക്കുകയും ചെയ്തു.
ശ്രീരാമന് വാനരസേനയുമൊത്ത് ശ്രീലങ്കയിലേക്ക് കടക്കാനായി രാമസേതു നിര്‍മ്മിച്ചെന്ന് പുരാണങ്ങള്‍ പറയുന്ന സ്ഥലത്ത് പ്രധാനമന്ത്രി ബി ജെ പി പതാക ഉയര്‍ത്തി. പ്രത്യേക പൂജയും നടത്തി. ധനുഷ്കോടിയിലെ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
തുടര്‍ന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്ററില്‍ രാമേശ്വരത്ത് നിന്ന് മധുരയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി ന്യൂദല്‍ഹിയിലേക്ക് പ്രത്യേക വിമാനത്തില്‍ മടങ്ങി. മധുര വിമാനത്താവളത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എല്‍.മുരുകന് ബിജെപിയുടെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ട്രിച്ചി ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തിയിരുന്നു. വൈകിട്ട് രാമേശ്വരം ക്ഷേത്രദര്‍ശനം നടത്തി ഇവിടെയുളള കിണറുകളില്‍ നിന്ന് ജലമെടുത്ത് സ്നാനവും നടത്തി. സമുദ്രത്തില്‍ മുങ്ങുകയും ചെയ്തു. ക്ഷേത്രത്തില്‍ ഭജനയിലും രാമായണ പാരായണ ചടങ്ങിലും സംബന്ധിച്ചു.
തിങ്കളാഴ്ചയാണ് അയോധ്യയിലെ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ്. ഉച്ചയ്ക്ക് 12.20നും 12 30നും മധ്യേയാണ് പ്രതിഷ്ഠ.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി 11 ദിവസത്തെ വ്രതത്തിലാണ് പ്രധാനമന്ത്രി. നിലത്ത് ഉറങ്ങുകയും ഫലവര്‍ഗ്ഗങ്ങള്‍ മാത്രം ഭക്ഷിക്കുകയുമാണ് ഈ ദിവസങ്ങളില്‍ ചെയ്യുക. പ്രതിഷ്ഠാ ചടങ്ങില്‍ യജമാനനാണ് നരേന്ദ്രമോദി.
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: