ഇരുപത് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി കര്‍സേവകപുരത്ത് എത്തിയ യുവതിയുടെ കഥ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളിലൊന്നാണ്. പിഞ്ചുമകനുമായി സുല്‍ത്താന്‍പൂരില്‍ നിന്ന് കര്‍സേവകപുരത്ത് എത്തിയ ബിന്ദു എന്ന യുവതിക്ക് സംന്യാസിമാര്‍ക്കും മറ്റും ആഹാരം വിളമ്പാനുള്ള ചുമതലയാണ് നിശ്ചയിച്ചിരുന്നത്. ബിന്ദുവിന്റെ ഇളയ സഹോദരി സനമും ഒപ്പമുണ്ടായിരുന്നു. രാമജന്മഭൂമി മുക്തിയജ്ഞ സമിതി ദേശീയ സെക്രട്ടറിമാരിലൊരാളായ മഹേഷ് നാരായണ്‍ സിങ്ങിന്റെ സഹോദരിയുടെ മകളായിരുന്നു ബിന്ദു.
1989 ഫെബ്രുവരിയില്‍ ബിന്ദു അയോദ്ധ്യയിലെത്തുമ്പോള്‍ നാടെങ്ങും ശിലാപൂജയുടെ നാളുകളായിരുന്നു. 1990ലെ കര്‍സേവയും വെടിവയ്പും സംഘര്‍ഷങ്ങളുമൊക്കെയായപ്പോള്‍ രാംജന്മസ്ഥാന്‍ സര്‍ക്കാര്‍ സീല്‍ ചെയ്തു. അന്നത്തെ സംഘര്‍ഷങ്ങള്‍ വേദനാജനകമായിരുന്നുവെന്ന് ബിന്ദുദീദി ഓര്‍ക്കുന്നു. അയോദ്ധ്യയിലെ തെരുവുകളിലൂടെ കര്‍സേവകരെ രഹസ്യമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട ചുമതല ദീദിയടക്കമുള്ള മഹിളാ കര്‍സേവകര്‍ ഏറ്റെടുത്തു. കര്‍സേവകപുരത്ത് പഴയ മാനസ് ഭവനിലായിരുന്നു ദീദിയുടെ താമസം. മകനെ മറ്റൊരു സ്ത്രീയെ ഏല്പിച്ചിട്ടാണ് അവര്‍ കര്‍സേവകരെ സഹായിക്കാന്‍ പോയത്.
1992 ഡിസംബര്‍ ആറിന്റേത് മറക്കാനാകാത്ത സംഭവമാണ്. മാനസ്ഭവന്‍ അടക്കം അയോദ്ധ്യയില്‍ മുഴുവനും കര്‍സേവകരെയും മാധ്യമപ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. എല്ലാവരും തര്‍ക്കമന്ദിരത്തിലേക്ക് നീങ്ങുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. മനസ് മാനസ് ഭവനില്‍ നിന്നില്ല. രണ്ട് വയസായ മകനെയും തോളിലെടുത്ത് ഞാനും കര്‍സേവകര്‍ക്കൊപ്പം നീങ്ങി. സനമും കൂടെ വന്നു. ഞങ്ങളും തര്‍ക്കമന്ദിരത്തിന്റെ പരിസരത്തേക്ക് ഓടി. ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രകാലം അനേകായിരം പേര്‍ തപസിരുന്നതെന്ന് തോന്നിപ്പോയി… അനുഭവങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ ബിന്ദുദീദി മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു. ഒരു നിമിഷം അവര്‍ വര്‍ത്തമാനം നിര്‍ത്തി, മുന്നിലെ സ്‌ക്രീനില്‍ സ്ത്രീകളുടെ രാംധുന്‍, പുറത്ത് സംന്യാസിമാരുടെ ജയ്ശ്രീറാം വിളികള്‍… ഉത്സവാന്തരീക്ഷമാണ് എവിടെയും…
നോക്കൂ… ഈ ഉല്ലാസത്തിന് വേണ്ടിയാണ് അന്ന് ആ ദിവസം പിറന്നത്… ബിന്ദു ദീദി തുടര്‍ന്നു. ഞങ്ങള്‍ അവിടെവരുന്നത് അന്ന് അമ്മാവന്‍ വിലക്കിയിരുന്നു. പക്ഷേ മനസ് സമ്മതിക്കണ്ടെ… കര്‍സേവകര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. അനിയത്തി സനമും ആ കെട്ടിടത്തിന്റെ ഭിത്തികളില്‍ കയറിപ്പറ്റി. അവളുടെ വസ്ത്രങ്ങളാകെ കീറിപ്പോയിരുന്നു. മകനെയും കൈയിലെടുത്ത് എനിക്ക് അതിന് ആകുമായിരുന്നില്ല… എന്നോട് എല്ലാവരും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാനസ് ഭവനിലേക്ക് മടങ്ങുമ്പോള്‍ പിന്നില്‍ ആ കെട്ടിടം നിലംപൊത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജന്മസ്ഥാന്‍ ഏറ്റെടുത്തു. എല്ലാവരെയും തേടി പോലീസ് വന്നു. മാനസ് ഭവനില്‍ എന്റെ മുറിവാതിലിലും മുട്ടി. ഈ ചെറിയ കുട്ടിയുമായി ഞാനെവിടെപ്പോകാനാണെന്ന് പോലീസുകാരനോട് ചോദിച്ചു. അയാള്‍ക്ക് കരുണ തോന്നി. വാതില്‍ തുറക്കാതെ മിണ്ടാതെ കിടന്നോളൂ എന്ന് അയാള്‍ പറഞ്ഞു. രാത്രി മുഴുവന്‍ ആളുകള്‍ ഓടുന്ന ശബ്ദം. മാനസ്ഭവന്‍ രാവിലെ ശൂന്യമായിരുന്നു. പിറ്റേന്ന് രാവിലെ ഞാന്‍ അവിടെ നിന്നും പോയി. തര്‍ക്കസ്ഥലം സൈന്യം കൈയടക്കി. പക്ഷേ കര്‍സേവകര്‍ ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു…
ബിന്ദു അയോദ്ധ്യയില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്ക് മടങ്ങിയില്ല. രാമനഗരിയിലുള്ളവര്‍ക്ക് അവര്‍ ഇപ്പോള്‍ ലക്ഷ്മിബായ് ആണ്… ഝാന്‍സിയിലെ ലക്ഷ്മിബായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: