ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള എയര്‍ ആംബുലന്‍സിന് അനുമതി നിഷേദിച്ചതിനെ തുടര്‍ന്ന് പതിനാലുകാരന് മരിച്ചതില്‍ മാലിദ്വീപിലെങ്ങും പ്രതിഷേധം. മാലദ്വീപിന്റെ ഭാഗമായ വില്ലിങ്ങിലി എന്ന ദ്വീപിലെ ആണ്‍കുട്ടിയാണ് മരിച്ചത്. മസ്തിഷ്കത്തില്‍ ട്യൂമറും പക്ഷാഘാതവും ബാധിച്ച കുട്ടി രോഗം മൂര്‍ച്ഛിച്ച് കുട്ടിക്ക് അടിയന്തിര ചികിത്സയ്ക്കായി കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ എയര്‍ ആംബുലന്‍സിന് അനുമതി ലഭിക്കാത്തതിനാല്‍ മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി പക്ഷാഘാതം വന്നതോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. ഉടന്‍ കുടുംബം എയര്‍ ആംബുലന്‍സിനായി അധികൃതരെ വിളിച്ചു. പൊതുവേ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച് ഇന്ത്യ മാലദ്വീപിന് നല്കിയ ഡോണിയര്‍ വിമാനമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യ- മാലിദ്വീപ് ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് മാലിദ്വീപ് പ്രസിഡന്റ് ഈ എയര്‍ ആംബുലന്‍സിന് അനുമതി നല്‍കിയിരുന്നില്ല.
അതുകൊണ്ടുതന്നെ കുട്ടിയുടെ കുടുംബാംഗങ്ങളുടെ ഫോണ്‍വിളികള്‍ ആരും എടുത്തില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് വ്യോമയാന ഓഫീസിലെ അധികൃതര്‍ പ്രതികരിച്ചത്. അടിയന്തിര ചികിത്സ വേണ്ടകുട്ടിക്ക് 16 മണിക്കൂറോളം വൈകിയാണ് ചികിത്സ ലഭിച്ചത്. മാലെയിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ അവരുടെ ജീവന് ത്യജിക്കേണ്ടതില്ല എന്ന് എം.പിയായ മീകൈല്‍ നസീം എക്സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസന്ത കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ട ചുമതലയുള്ളത്. ഫോണ്‍വിളി ലഭിച്ച ഉടന്‍ തങ്ങള്‍ എയര്‍ ആംബുലന്‍സ് സജ്ജമാക്കിയെന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്. വൈകിയതിന് കാരണം സാങ്കേതിക തകരാറാണെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: