വജ്രത്തില്‍ തീര്‍ത്ത ശ്രീരാമക്ഷേത്രമാതൃക അയോധ്യയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി സൂററ്റിലെ ഒരു കൂട്ടം വജ്രാഭരണ ശില്പികള്‍. പ്രാണപ്രതിഷ്ഠയുടെ തരംഗം വജ്രാഭരണരംഗത്തും കത്തിപ്പടരുന്നതിനിടയിലാണ് ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയില്‍ നെക്‌ലേസ് തീര്‍ത്ത് സൂററ്റിലെ വ്യാപാര യൂണിറ്റായ രാസേഷ് ജ്യൂവല്‍സ് ശ്രദ്ധേയമാവുന്നത്.
സൂററ്റിലെ സരസന ആഭരണ പ്രദര്‍ശന വേദിയിലാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും രാജധാനിയുടെയും ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെയും രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അയ്യായിരം അമേരിക്കന്‍ വജ്രവും രണ്ട് കിലോ വെള്ളിയുമാണ് മനോഹരമായ നെക്‌ലേസ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. നാല്പത് കരകൗശല വിദഗ്ധരുടെ മുപ്പത് ദിവസത്തെ പരിശ്രമമാണ് ഇതിന് പിന്നിലുള്ളത്. ഇത് ശ്രീരാമന് വേണ്ടിയുള്ള സമര്‍പ്പണമാണെന്നും പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഭഗവാന് സമര്‍പ്പിക്കുമെന്നും ശില്പികള്‍ പറഞ്ഞു.
വിഗ്രഹ നിര്‍മാണത്തില്‍ വിലയേറിയ ലോഹങ്ങളും രത്‌നക്കല്ലുകളും ഉപയോഗിക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണ്. മാല വില്പനയ്‌ക്ക് ലക്ഷ്യം വച്ചല്ല നിര്‍മ്മിച്ചതെന്ന് രസേഷ് ജുവല്‍സിന്റെ ഡയറക്ടര്‍ കൗശിക് കകാഡിയ പറഞ്ഞു. അയോധ്യയ്‌ക്ക് സൂററ്റിന്റെ സമര്‍പ്പണമാണിത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: