അയോദ്ധ്യയിലെ രാമജന്മഭൂമി മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് ശക്തിപകര്‍ന്നവരില്‍ ഒരാളാണ് മലയാളിയായ കെ.കെ. മുഹമ്മദ്. രാമജന്മഭൂമിയില്‍ ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്ന് ഉത്ഖനനത്തില്‍ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്ന ഈ പുരാവസ്തു ഗവേഷകനുമായി സത്സംഗം മാസിക ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖം
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിനുള്ള അംഗീകാരമാണ് അവിടെ നടക്കുന്ന ഭൂമി പൂജയെന്ന് 2020 ഓഗസ്റ്റ് അഞ്ചിന്, അതായത് ഭൂമി പൂജ നടക്കുന്നതിന് തലേദിവസം താങ്കള്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞതായി കണ്ടു. ഇന്നിപ്പോള്‍ മൂന്നരവര്‍ഷത്തിനുശേഷം ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന ചടങ്ങിലേക്ക് ഒരു ക്ഷണിതാവ് ആയി പങ്കെടുക്കാനിരിക്കെ എന്തുതോന്നുന്നു?
എനിക്ക് വളരെ സംതൃപ്തിയുള്ള ദിവസങ്ങളാകും അന്ന്. കാരണം ഒന്ന്, ക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്. അത് വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. എനിക്ക് അവിടെ അന്ന് പോകാന്‍ സാധിക്കുകയില്ലെങ്കിലും അതിന്റെ എല്ലാ പ്രകാശവും ഞാന്‍ എന്റെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നു. അതൊരു ‘ഹിസ്റ്റോറിക് മൊമന്റ്’ ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അയോദ്ധ്യയുമായി ബന്ധപ്പെട്ട് താങ്കളുടെ അനുഭവങ്ങള്‍ എവിടെനിന്നാണ് തുടങ്ങുന്നത്?
1976-77 ലാണ് അയോദ്ധ്യയിലേക്കു പോകുന്നത്. അപ്പോള്‍ മുതലാണ് അതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുടങ്ങുന്നത്. അന്ന് മസ്ജിദിന്റെ മുമ്പില്‍ അവിടെ ഒരു സത്രം ഉണ്ടായിരുന്നു; അവിടെയായിരുന്നു താമസിച്ചിരുന്നത്. അവിടെ ക്ഷേത്രത്തില്‍ ആരാധന, പൂജ, കീര്‍ത്തനങ്ങള്‍ ഇതു കേട്ടുകൊണ്ടായിരുന്നു ഞങ്ങള്‍ ഉറങ്ങാറുണ്ടായിരുന്നത്, ഉണരാറുണ്ടായിരുന്നത്. ലക്ഷോപലക്ഷം ജനങ്ങള്‍ ഒരു ദര്‍ശനത്തിനുവേണ്ടി വളരെ വിദൂരമായ സ്ഥലങ്ങളില്‍നിന്നും, ബംഗാള്‍ ബീഹാര്‍ പോലുള്ള സ്ഥലങ്ങളില്‍നിന്നും അവിടെയെത്താറുണ്ടായിരുന്നു. ചിലര്‍ വാഹനത്തിലായിരിക്കും, ചിലര്‍ നടന്നായിരിക്കും. ഇങ്ങനെയൊക്കെ വരുന്ന എത്രയോ ആളുകള്‍… വേണ്ടത്ര വസ്ത്രമില്ലാത്ത, അതുപോലെ ചെരുപ്പുകള്‍ പോലും ഇല്ലാത്ത അങ്ങനെ വരുന്ന ആ ആളുകളെ ഇപ്പോഴും എനിക്ക് എന്റെ മനസ്സില്‍ കാണാന്‍ കഴിയും. അത് വല്ലാത്തൊരു ഫീല്‍ ആയിരുന്നു. അവര്‍ക്കൊക്കെ ഒരേയൊരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുന്‍പ് ശ്രീരാംജിയുടെ മുഖം ഒന്നു ദര്‍ശിക്കണം. അവരുടെ അചഞ്ചലമായ ആ ഒരു ഭക്തിയാണ് എന്നെ വളരെയേറെ സ്വാധീനിച്ചത്.
ജെഎന്‍യുവിലെ ചരിത്രകാരന്മാരായ എസ്. ഗോപാല്‍, റോമിലെ ഥാപര്‍, വിപിന്‍ചന്ദ്ര എന്നിവര്‍ അയോദ്ധ്യയ്ക്ക് രാമായണവുമായി ബന്ധമില്ലെന്നും, അയോദ്ധ്യ ഒരു ബുദ്ധ-ജൈന പശ്ചാത്തലമുള്ള ഭൂമിയായിരുന്നുവെന്നും ഒരു വാദമുയര്‍ത്തിയിരുന്നു. അവര്‍ പറയുന്നത് മന്ദിരം പൂര്‍ണമായും പണിതുയര്‍ത്തിയത് ബാബര്‍ ആയിരുന്നു എന്നാണോ?
അയോദ്ധ്യ എന്നത് ഒരു വിശാലതയില്‍ നോക്കിയാല്‍ രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് അയോധ്യ പ്രോപ്പര്‍, ജന്മസ്ഥാന്, ശ്രീരാമന് ജനിച്ച സ്ഥലം. പിന്നൊന്നുള്ളത് അതിന്റെ ഒരു 5 കി.മീറ്റര്‍ ദൂരെയുള്ള വിശാലമായ അയോദ്ധ്യയാണ്. ആ വിശാലമായ അയോദ്ധ്യയില്‍ ഒരുകാലത്ത് ജൈനന്മാരുണ്ടായിരുന്നു. ബുദ്ധന്മാരുണ്ടായിരുന്നു. ജൈനമതത്തില്പ്പെട്ട ആദിതീര്ത്ഥങ്കരനായിരുന്നു ആദിനാഥ് ഉള്‍പ്പെടെ 5 തീര്ത്ഥങ്കരന്മാര് ജനിച്ച സ്ഥലമാണ് ഈ പറയുന്ന അയോദ്ധ്യ. ശ്രീരാമന് ജനിച്ച അയോദ്ധ്യയില്‍ ജൈനന്മാരുമായിട്ടോ ബുദ്ധന്മാരുമായിട്ടോ ബന്ധപ്പെട്ട യാതൊന്നുമില്ല. ജെഎന്‍യുവിലെ ഈ പറഞ്ഞ ചരിത്രകാരന്മാര് ഇത് കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്തത്. സാധാരണക്കാര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാവില്ല. ആളുകളെ കണ്‍ഫ്യൂഷനാക്കാന്‍ വേണ്ടി ഇത് കൂട്ടിക്കുഴയ്ക്കുന്ന പരിപാടിയാണ് ഈ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര് ചെയ്തിട്ടുള്ളത്.
യഥാര്‍ത്ഥത്തില്‍ അയോദ്ധ്യ ഒരു തര്‍ക്കവിഷയമാക്കി മാറ്റിയത്. ഈ ജെഎന്‍യു, അലിഗഡ് പോലുള്ള സര്‍വകലാശാലകളിലെ ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും ആണെന്നു പറയാമോ?
ആര്‍ക്കിയോളജിസ്റ്റുകള്‍ അതില്‍പ്പെടില്ല. അക്കൂട്ടത്തില്‍ ആരും ആര്‍ക്കിയോളജിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. ജെഎന്‍യു-അലിഗഡ് ഹിസ്റ്റോറിയന്‍സ് ആണ് ഈ തകരാറുകള്‍ ഉണ്ടാക്കിയത്. മുസ്ലിങ്ങളില്‍ തന്നെ നല്ലൊരു വിഭാഗം ഇതു വിട്ടുകൊടുത്ത് പരിഹരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. കേരളത്തില്‍ തന്നെ അങ്ങനെ അഭിപ്രായമുള്ളവരുണ്ടായിരുന്നു. ഞാനന്ന് അലിഗഡിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇതുവിട്ടു കൊടുക്കരുത്. പ്രൊഫ.ലാല്‍ എക്സവേഷന്‍ ചെയ്തതില്‍നിന്ന് അദ്ദേഹത്തിന് ഒന്നും കിട്ടിയിട്ടില്ല എന്നു പറഞ്ഞത്, ആര്‍ക്കിയോളജിയെക്കുറിച്ച് ഒന്നുമറിയാത്ത ഈ ചരിത്രകാരന്മാരാണ് ആര്‍ക്കിയോളജി ഒരു ടെക്നിക്കല്‍ സബ്ജക്ട് ആണ്. ഇതിനെപ്പറ്റിയൊന്നും അറിയാത്ത ചരിത്രകാരന്മാരാണ്. ഈ കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കിയതും. മുസ്ലിങ്ങളെ മിസ്ഗൈഡ് ചെയ്തതും. ആ മിസ്ഗൈഡില് മുസ്ലിങ്ങള്‍ പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് വലിയൊരു മാറ്റം ഉണ്ടാകുമായിരുന്നു, മുസ്ലിം-ഹിന്ദു ബന്ധത്തില്‍.
ഭാരതത്തിലെ സര്‍വകലാശാലകളില്‍ ഇക്കാലമത്രയും ഒരു ഇടതു-ഇസ്ലാമിക കൂറു പുലര്‍ത്തിയിരുന്ന ചരിത്രകാരന്മാരുടെ ആധിപത്യമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ഇസ്ലാമിക ചരിത്രകാരന്മാര് എന്നു പറഞ്ഞിട്ട് ആരുമുണ്ടായിരുന്നില്ല. ഒരു എക്സപ്ഷന് ഉള്ളത് ഇര്ഫാന് ഹബീബ് മാത്രമാണ്. കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്ക്കുവേണ്ടി എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് അവരെ മുതലെടുക്കുകയായിരുന്നു ഇവര്‍. ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന വലിയൊരു വര്ഗമുണ്ടായിരുന്നു. ഈ കൂട്ടുകെട്ടാണ് കാര്യങ്ങളെ ഇത്രയും കുഴപ്പത്തിലാക്കിയത്. ഇതു മനസ്സിലാക്കാന്‍ മുസ്ലിങ്ങള്‍ ശ്രമിച്ചതുമില്ല. ഇത് നല്ലരീതിയില്‍ ആക്കിത്തീര്‍ക്കുവാന്‍ വലതുപക്ഷമെന്നു പറയുന്നവര്‍ക്കും സാധിച്ചിട്ടില്ല. അവരും ചില കോംപ്ലിക്കേഷനില്‍ പെട്ടുപോയി.
ആര്.കെ.മജുംദാറിനെ പോലുള്ളവര്‍ നിഷ്പക്ഷവും അതേസമയം ആധികാരികവുമായി ചരിത്രം കൈകാര്യം ചെയ്തവരായി കണക്കാക്കിക്കൂടേ?
തീര്‍ച്ചയായും ആര്.കെ. മജുംദാര്‍ വളരെ നിഷ്പക്ഷനായ ചരിത്രകാരനായിരുന്നു. വളരെ മികച്ച രീതിയില്‍ അദ്ദേഹം ചരിത്രം കൈകാര്യം ചെയ്തു. അതുപോലെ ജുദുനാഥ് സര്‍ക്കാര്‍. ഇവരൊക്കെ തികച്ചും നിഷ്പക്ഷരായ ആളുകളായിരുന്നു. അവരെയാണ് നമ്മള് അവലംബിക്കേണ്ടത്. അവര്‍ക്കൊന്നും വേണ്ടത്ര സ്ഥാനം കിട്ടാതെയായിപ്പോയി. മാര്‍ക്സിസ്റ്റുകാര്‍ അവരുടെ ആളുകളെ മാത്രമല്ല പ്രൊമോട്ട് ചെയ്യൂ. ആ ഒരു ഗുണം സമ്പാദിക്കാന്‍ വലതു രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും സാധിച്ചില്ല. അവരുടെ സഹായ സംഘടനകള്‍ക്കും കഴിഞ്ഞിട്ടില്ല.
അയോധ്യാ വിഷയം ഇത്രയേറെ സങ്കീര്‍ണമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചത് ഇര്ഫാന് ഹബീബ് ആണെന്നു പറയാമോ? താങ്കളുടെ പുസ്തകത്തില്‍ ആ നിലയിലുള്ള സൂചനകള്‍ ഉണ്ട്.
അയാളാണ് മറ്റാളുകളെ നിര്‍ബന്ധിച്ചു ചെയ്യിക്കുകയും അവരെ അങ്ങനെയൊരു കുരുക്കില്പ്പെടുത്തിയെന്നു തോന്നുന്ന രൂപത്തില്‍ എത്തിച്ചതും. ഇവരില്‍ ഒന്ന് രണ്ട് ആളുകളെ എനിക്കറിയാം. അവരൊന്നും അങ്ങനെ എക്സ്ട്രിമിസ്റ്റുകളായിരുന്നില്ല, ആര്.എസ്.ശര്‍മയും മറ്റും.
അയോദ്ധ്യ ഒരു തര്ക്കവിഷയമായിത്തീരുന്ന കാലഘട്ടത്തില്‍ താങ്കള്‍ അതിന്റെ നിജസ്ഥിതി കൃത്യമായി കണ്ടു മനസ്സിലാക്കിയ ഒരാളാണെന്നു പറയാം. ഒരു ദൃക്സാക്ഷി എന്നുപറയാവുന്ന രീതിയില്‍ കാര്യങ്ങള്‍ക്ക് ഒരു ട്വിസ്റ്റ് സംഭവിക്കുന്നത് ഉള്‍പ്പെടെ എല്ലാം നോക്കിക്കണ്ടയാള്‍ എന്നാണ് ഉദ്ദേശിച്ചത്.
അതെ, ഞാന്‍ കാര്യങ്ങള്‍ വളരെ അടുത്തുനിന്നും നോക്കിക്കണ്ട ഒരാളാണ്. ഒന്ന്, ആദ്യത്തെ ഉത്ഖനനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അതുപോലെ ഈ സംഭവങ്ങളുടെ വളര്‍ച്ചയില്‍ ഞാന്‍ അവിടെ നോര്‍ത്ത് ഇന്ത്യയില്‍ത്തന്നെയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ സംഭവഗതികള്‍ മുഴുവനും നോക്കിക്കണ്ട അപൂര്‍വം ആളുകളില്‍ ഒരാളാണ് ഞാന്‍.
76-77 ആണല്ലോ താങ്കള്‍ അവിടം സന്ദര്‍ശിക്കുന്നത്. അന്ന് അങ്ങോട്ടുപോകുമ്പോള്‍ എന്തെങ്കിലും ഒരു മുന്‍ധാരണ മനസ്സിലുണ്ടായിരുന്നോ? അതോ ബ്ലാങ്ക് ആയിട്ടാണോ അതിനുള്ളിലേക്ക് കടന്നചെന്നത്?
അങ്ങനെയൊരു മുന്‍ധാരണ ആര്‍ക്കും ഉണ്ടായിരുന്നില്ല. ലാല്സാറിനുമില്ല. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അതുപോലെ വിദ്യാഭ്യാസ മന്ത്രി നൂറുല്‍ ഹസ്സനാണ്. നൂറുല്‍ ഹസ്സനും ലാല്‍ സാറും ഉറ്റ സുഹൃത്തുക്കളായിരുന്നു. അങ്ങനെയൊരു വിധിയെഴുത്ത് ഇല്ലാതെയാണ് ഞങ്ങള്‍ പോകുന്നത്.
ഞാനുദ്ദേശിച്ചത് നിങ്ങളുടെ പ്രതീക്ഷയ്ക്കുവിരുദ്ധമായ കാര്യങ്ങളായിരിക്കുമോ, മന്ദിരത്തിനുള്ളില്‍ കാണാനുണ്ടാവുക എന്ന സന്ദേഹം ഉണ്ടായിരുന്നോ എന്ന അര്‍ത്ഥത്തിലാണ്. അതായത് നിങ്ങള്‍ പ്രവേശിക്കുന്നത് ഒരു മസ്ജിദിന്റെ ഉള്ളിലേക്ക് എന്ന ധാരണയില്ലായിരുന്നല്ലോ?
അത് ക്ഷേത്രം പൊളിച്ച് പണ്ടുള്ളത് മാറ്റിയതാണ് എന്ന കാര്യം എനിക്കു അവിടെ പോവുന്നതിനു മുമ്പേ അറിയാമായിരുന്നു.
അതെങ്ങനെ?
അത് ഞങ്ങളുടെ കോഴ്സിന്റെ പല ഭാഗങ്ങള്‍ പഠിക്കുന്ന കൂട്ടത്തില്‍ ആര്‍ക്കിടെക്ചറിന്റെ ഒരു പഠനമുണ്ട്. അതിലിത് മനസ്സിലാക്കാന്‍ പറ്റും. ഇതിലെന്താണ് സംഭവിച്ചത് എന്നൊക്കെ. ഞാന്‍ പഠിക്കുന്ന സമയത്ത് കുറച്ചുകാലം താമസിച്ചിരുന്നത് കുത്തബ് മിനാറിനടുത്തായിരുന്നു. അതിന്റെ അടുത്ത് ഒരു പള്ളിയുണ്ട്. കൂവത്തുല്‍ ഇസ്ലാം. (Quwwat UI Islam) കുത്തബ് മിനാര്‍ ഹിന്ദു സ്ട്രക്ചര്‍ അല്ല കേട്ടോ. പക്ഷേ കുവ്വത്തുല്‍ ഇസ്ലാം എന്നുള്ളത് ഒരു ഹിന്ദു സ്ട്രക്ചര്‍ ആയിരുന്നു. ഒന്നല്ല കുറേ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. 27 ക്ഷേത്രങ്ങള്‍ എന്നാണ് അവിടെ എഴുതിവച്ചത്. ഇതൊക്കെ ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
മന്ദിരം നേരിട്ട് സന്ദര്‍ശിച്ച് അതിനെക്കുറിച്ച് പഠിച്ചതോടെ താങ്കളുള്‍പ്പെടെയുള്ളവരുടെ മുന്‍ധാരണകള്‍ ശാസ്ത്രീയമായി ബോധ്യപ്പെട്ടു എന്നു പറയാം.
അതിനുവേണ്ടിയല്ല ഞങ്ങള്‍ എസ്കവേറ്റ് ചെയ്തത്. ചരിത്രപരമായി എത്രവര്‍ഷങ്ങള്‍ പുറകിലേക്ക് പോവുന്നു എന്നറിയാനാണ്. ആന്റിക്വിറ്റി ഓഫ് അയോദ്ധ്യ. അവിടെ എന്നുമുതലാണ് ജനവാസം തുടങ്ങിയതെന്ന് കണ്ടെത്താനാണ് 76-77 ല്‍ ഞങ്ങളുടെ സംഘം എസ്കവേഷന്‍ നടത്തിയത്.
നിങ്ങളുടെ സംഘത്തില്‍ എത്രപേരുണ്ടായിരുന്നു?
ഞങ്ങള്‍ 10 പേര്. പിന്നെ കുറച്ചു സ്റ്റാഫ് ഉണ്ടായിരുന്നു. ഏകദേശം 20 പേര് അടങ്ങിയ ഒരു ഗ്രൂപ്പ് ആയിരുന്നു.
നിങ്ങളുടെ ടീം നടത്തിയ എസ്കവേഷന്‍ എത്രകാലം നീണ്ടുനിന്നു?
രണ്ടു മാസം.
അയോദ്ധ്യയില്‍ എന്നു മുതല്‍ ജനവാസം ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്?
ഏകദേശം ബി.സി. 1400-1300 കാലത്തേക്കു പോകും അതിന്റെ ചരിത്രം എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
1976-77 ല്‍ നിങ്ങള്‍ നടത്തിയ പഠനഗവേഷണത്തിനു മുന്‍പ് ആരെങ്കിലും മന്ദിരത്തിനുള്ളില്‍ ഒരു പഠനം നടത്തിയിരുന്നോ?
ആരും മന്ദിരത്തിനുള്ളില്‍ നടത്തിയിരുന്നില്ല. ബനാറസ് യൂണിവേഴ്സിറ്റി ഒരു പഠനം നടത്തിയിരുന്നെങ്കിലും അത് ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെയാണ്.
അതായത് ക്ഷേത്രത്തിന്റെ കാലപ്പഴക്കവും അയോദ്ധ്യയില്‍ ജനവാസം എന്നു മുതലാണ് ഉണ്ടായിരുന്നത് എന്നൊക്കെ നിര്‍ണയിക്കാനുള്ള ശ്രമത്തിനിടെ യാദൃച്ഛികമായി വെളിപ്പെട്ട ഒന്നാണോ സ്ട്രക്ടചര്‍ മുന്‍പ് ഒരു അമ്പലമായിരുന്നു എന്ന യാഥാര്‍ത്ഥ്യം?
അതെ. അത് യാദൃച്ഛികമായി കണ്ടെത്തിയതാണ്. എന്നാല്‍ അക്കാര്യം ലാല്‍ സാര്‍ ഹൈലൈറ്റ് ചെയ്യുകയും ചെയ്തില്ല. കാരണം, അതു ഹൈലൈറ്റ് ചെയ്താല്‍ പിന്നെയത് പ്രശ്നമായി പൊന്തിവരും. അതിനെക്കുറിച്ച് റഫറന്‍സ് കൊടുത്തു. അത് അക്കോഡമിക്സിനു മാത്രം മനസ്സിലാകുന്ന രൂപത്തില്‍.
ശാസ്ത്രീയമായി ബോധ്യപ്പെട്ട കാര്യം, അതായത് അവിടെ കണ്ടെത്തിയ സ്ട്രക്ച്ചര്‍ ഒരു ക്ഷേത്രമായിരുന്നു എന്നത് പുറംലോകത്തെ അറിയിച്ചില്ല എന്നാണോ?
ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ആയിരുന്നില്ല. ആക്ച്വല്‍ റിപ്പോര്‍ട്ട് ആയിരുന്നു കൊടുത്തത്.
മീഡിയകള്‍ക്ക് ഈ വിവരം കൈമാറിയിരുന്നോ?
ഇല്ല. ഞങ്ങള്‍ അന്നു മീഡിയകള്ക്കൊന്നും അങ്ങനെയുള്ള കാര്യങ്ങള്‍ കൊടുക്കാറില്ലായിരുന്നു. ആ തെറ്റ് ചെയ്തത് ഇവരാണ്. 1990ല്‍ കമ്യൂണിസ്റ്റ് ഹിസ്റ്റോറിയന്‍സ് ആണ് ആ തെറ്റു ചെയ്തത്. ഇവര്‍ പത്രക്കാരോട് പറഞ്ഞു. ”അവര്‍ എസ്കവേറ്റ് ചെയ്തിട്ട് യാതൊന്നും കിട്ടിയിട്ടില്ല.” അതായത്, അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് യാതൊരുവിധ തെളിവുകളും കിട്ടിയിട്ടില്ല എന്ന് പ്രചരിപ്പിച്ചു.
ഇക്കാര്യത്തില്‍ ഒരു ചോദ്യം വരുന്നത് നിങ്ങള്‍ ഒരു സദുദ്ദേശം വച്ചിട്ടാണ് തര്‍ക്ക മന്ദിരം ക്ഷേത്രമായിരുന്നു എന്ന കാര്യം പരസ്യപ്പെടുത്താതിരുന്നെങ്കിലും, അതിനകത്ത് ദൂരവ്യാപകമായ ഒരു പിഴവ് സംഭവിച്ചു എന്നു കണ്ടുകൂടേ? 76-77 ല്‍ നിങ്ങള്‍ നടത്തിയ പഠനഗവേഷണത്തില്‍ കണ്ട കാര്യം ലോകത്തോടു വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ 90 ല്‍ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്ക്ക് മന്ദിരം ക്ഷേത്രമായിരുന്നില്ല എന്ന രീതിയിലുള്ള വ്യാഖ്യാനം നടത്താനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നോ?
ഞങ്ങള്‍ അങ്ങനെ ഒരു കാര്യവും മീഡിയയ്ക്കു മുന്നില്‍ പറയാറില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു പ്രധാന ക്യാരക്ടര്‍ ആണത്. അക്കാഡമിക്സിന്റെ മുന്നില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ഡിസ്കസ് ചെയ്യുന്നത്. ഇടതു ചരിത്രകാരന്മാര് ഔട്ട്സ്മാര്‍ട്ട് ചെയ്യാന്‍ വേണ്ടി നോക്കിയതാണ്. അവര്‍ ലാല്‍സാറിനെ ഔട്ട്സ്മാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. അങ്ങനെ വസ്തുതകളല്ലാത്ത കാര്യങ്ങള്‍ വസ്തുതയാണെന്ന് അവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഋഷിതുല്യനായ അദ്ദേഹം റിയാക്ട് ചെയ്യാന്‍ നിര്‍ബന്ധിതനായി.
ഈ വ്യാജ പ്രചാരണം നടത്തിയില്ലായിരുന്നെങ്കില്‍ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ വൈകിയേക്കുമെന്ന് വിചാരിക്കാമോ?
പുറത്തുവരുമായിരുന്നു വളരെ കാലത്തിനുശേഷം. പക്ഷേ ഈ രൂപത്തിലായിരിക്കുകയില്ല. ഒരു അക്കാഡമിക് ഇന്‍വെസ്റ്റിഗേഷന്‍ എന്നുള്ള രൂപത്തിലായിരിക്കും വരിക.
രണ്ടാമത്തെ എസ്കവേഷന്‍ എപ്പോഴാണ് നടക്കുന്നത്?
അത് 2003 ലാണ്. ബി.ആര്.മണിയുടെ നേതൃത്വത്തില്‍.
രണ്ടാമത് നടക്കുന്ന ഈ എസ്കവേഷനില്‍ മതപരമായ പക്ഷപാതിത്വം എന്ന രീതിയിലുള്ള ആക്ഷേപം ഉയരാതിരിക്കാനാണോ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്?
അത് അവരുടെ ഡിമാന്‍ഡ് ആയിരുന്നു. എസ്കവേഷന്‍ നടത്തുന്ന ജോലിക്കാരില്‍ 45 ആള്ക്കാര് മുസ്ലിങ്ങള്‍ ഉണ്ടാവണം എന്നുള്ളത്. അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്തു.
നിങ്ങളുടെ ആദ്യ ഉത്ഖനനത്തില്‍ മന്ദിരം ക്ഷേത്രമായിരുന്നു എന്നതിന് ഉപോത്ബലകമായി എന്തൊക്കെ തെളിവുകളായിരുന്നു കണ്ടെത്തിയത്?
ആദ്യം കണ്ടെത്തുന്നത് മന്ദിരത്തിനുള്ളിലുള്ള തൂണുകള്‍. അതില്‍ പൂര്‍ണ കലശം കൊത്തിവച്ചിരുന്നു. പൂര്‍ണകലശം ക്ഷേത്രകലയിലെ എട്ട് ഐശ്വര്യ ചിഹ്നങ്ങളില്‍ ഒന്നാണ്. പിന്നെ കുറേ ദേവീദേവന്മാരുടെ മൂര്‍ത്തികള്‍ ഉണ്ടായിരുന്നു. അത് ഛേദിക്കപ്പെട്ട നിലയിലായിരുന്നു. അതാണ് ആദ്യം കിട്ടുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ കുറെ പ്രതിമകള്‍ കിട്ടി. അതൊക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ടവയാണ്. പിന്നീട് കണ്ടത് അമ്പലത്തിന്റെ തൂണുകള്‍ നില്ക്കുന്ന ബ്രിക്ബേസ് താഴത്തുണ്ടായിരുന്നു. തൂണുകള്‍ താഴ്ന്നുപോകരുതല്ലോ. അത്തരം ബ്രിക്ബേസുകള്‍ കിട്ടിയിരുന്നു. ഈ മൂന്നുകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയത്.
അന്ന് അതിന്റെയൊക്കെ ഫോട്ടോഗ്രാഫ് എടുത്തിരുന്നോ?
ഫോട്ടോഗ്രാഫ്സ് ഉണ്ട്. എവിടെയൊക്കെയോ ഞാന്‍ കണ്ടിരുന്നു. പക്ഷേ അതൊന്നും ആരും അങ്ങനെ എടുത്തുവയ്ക്കാറില്ല. ഇതിങ്ങനെ, ഒരു ഇഷ്യു ആയിട്ട് വരുമെന്ന് അന്ന് ആരും കണക്കാക്കിയിരുന്നില്ലല്ലോ.
അന്ന് മന്ദിരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഒരു ക്ഷേത്രത്തിന് അകത്തേക്കു കടക്കുന്ന ഫീല്‍ അനുഭവപ്പെട്ടിരുന്നോ?
ഇല്ല. ആ രൂപത്തില്‍ പറയാന്‍ പറ്റില്ല. രണ്ടുംകൂടി മിക്സഡ് ആയിട്ടുള്ള ഒരു അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിലാണെങ്കില്‍, അതിന്റെ ഗര്ഭഗൃഹത്തില് സൂര്യവെളിച്ചം നന്നേ കുറവായിരിക്കും. എന്നാല്‍ പള്ളിയിലേക്ക് കുറേക്കൂടി ഓപ്പണ്‍ ആയിരിക്കും. ഇത് രണ്ടിന്റെയും കൂടി മിക്സഡ് ആയിട്ടുള്ള അവസ്ഥയാണ് കാണപ്പെട്ടത്.
ഒരു ക്ഷേത്രത്തെ പള്ളിയാക്കി രൂപാന്തരപ്പെടുത്തുന്നത് വലിയ വിജയമായി കണ്ടു എന്നു തോന്നുന്നുണ്ടോ. അതോ ക്ഷേത്രത്തിന്റെ അടയാളങ്ങള്‍ പലതും അതേപടി അവശേഷിപ്പിച്ച നിലയിലായിരുന്നോ?
പൊതുവെ അവര്‍ ഒരു വിജിഗീഷുക്കളായിട്ടാണ് വരുന്നത്. ഇന്‍വേഡേഴ്സ്. അതായത് നമ്മെ കീഴടക്കി നമ്മുടെ ഏറ്റവും വിശുദ്ധമായിട്ടുള്ള ക്ഷേത്രങ്ങള്‍ പോലുള്ളവ തകര്‍ത്തുകഴിഞ്ഞാല്‍ ബാക്കി നമുക്കൊന്നും അവശേഷിക്കുന്നില്ലല്ലോ. നമ്മുടെ അഭിമാനവും എല്ലാം അവര്‍ക്കു പണയം വച്ചു എന്നുള്ള രൂപത്തിലായി മാറും. അങ്ങനെയാണ്, ഈ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനെ കാണേണ്ടത്. പിന്നെ, ബിംബാരാധനയോടുള്ള കടുത്ത എതിര്‍പ്പ്. ഇതൊക്കെയാണ് ക്ഷേത്രങ്ങള്‍ക്കു മേലുള്ള അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
കാലങ്ങളായി കമ്യൂണിസ്റ്റ് ഹിസ്റ്റോറിയന്‍സ് ഇവിടെ പ്രചരിപ്പിച്ചുവരുന്ന ഒരു കാര്യമുണ്ട്. ഇസ്ലാമിക അധിനിവേശം ക്ഷേത്രധ്വംസനം നടത്തിയത് ധനാപഹരണത്തിനുവേണ്ടി മാത്രമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതായിരുന്നില്ല. ബിംബാരാധനയോടുള്ള എതിര്‍പ്പ് തന്നെയാണ് ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ മുസ്ലിം അക്രമകാരികളെ പ്രേരിപ്പിച്ച പ്രധാന കാരണം. പണം കവര്‍ച്ച ചെയ്യുക എന്നതൊക്കെ അതിനുശേഷം വരുന്ന കാര്യമാണ്.
ഇവിടെ സാന്ദര്‍ഭികമായി ചോദിക്കട്ടേ, ഇതുതന്നെയല്ലേ ഇന്ത്യയിലെ ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കിയത്? കമ്യൂണിസ്റ്റ് ചരിത്രകാരന്മാര് കാലങ്ങളായി ഇവിടെ പ്രചരിപ്പിച്ച് ആളുകള്‍ വിശ്വസിപ്പിച്ചുപോരുന്നത് ശങ്കരാചാര്യരും മറ്റുമാണ് ഇന്ത്യയില്‍ ബുദ്ധമതത്തെ തകര്‍ത്തത് എന്നാണ്. ബുദ്ധവിശ്വാസികളെ, ഹിന്ദുക്കള്‍ കായികമായി അമര്‍ച്ച ചെയ്തു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മദ്ധ്യകാലഘട്ടത്തില്‍ കടന്നുവന്ന ഇസ്ലാമിക അക്രമകാരികള്‍ നഗരകേന്ദ്രങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്ന ബുദ്ധിസ്റ്റ് മൊണസ്ട്രീസ് തകര്‍ക്കുകയും ഭിക്ഷുക്കളെ വ്യാപകമായി കൊലചെയ്യുകയുമായിരുന്നില്ലേ? അടുത്തകാലത്ത് അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രതിമകള്‍ക്കു നേരെയുള്ള അക്രമം ലോകം കണ്ടതാണല്ലോ. അതായത് ഇസ്ലാമിക അധിനിവേശം തന്നെയല്ലേ അഫ്ഗാനിസ്ഥാനിലെ ബുദ്ധമതത്തിനു സംഭവിച്ചതുപോലെ ഇന്ത്യയിലെ ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്കും പ്രശ്നകാരണമായി മാറിയത്?
ബക്തിയാര്‍ ഖില്ജിയൊക്കെ നളന്ദ നശിപ്പിച്ചല്ലോ. അതുപോലെ വിക്രമശിലയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഇന്വേഷന്സ് തന്നെയാണ് ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണം എന്നു കാണാം. ശങ്കരാചാര്യരുടേത് ഇന്റലക്ച്വല്‍ ആയിട്ടുള്ള ഒരു എന്‍ഗേജ്മെന്റ് ആയിരുന്നു. ശങ്കരാചാര്യര്‍ ബുദ്ധമതത്തെ ബുദ്ധിപരമായി ചോദ്യം ചെയ്യുകയാണ് ചെയ്തത്. താര്‍ക്കികവും, ദാര്‍ശനികവുമായുള്ള ചോദ്യങ്ങള്‍ മാത്രമേ അദ്ദേഹം അവര്‍ക്കെതിരെ ഉയര്‍ത്തിയുള്ളൂ. എന്നാല്‍ മറ്റു രീതിയിലുള്ള ഉന്മൂലനം നടത്തിയത് ബക്തിയാര്‍ ഖില്‍ജിയെപ്പോലുള്ള അക്രമികളായിരുന്നു.
ഭാരതത്തില്‍ ഏറ്റവുമേറെ സ്ഥലനാമങ്ങളുള്ളത് രാമന്റെ പേരുമായി ചേര്‍ന്നിട്ടാണ്. കേരളത്തില്‍ത്തന്നെ രാമപുരം, രാമനാട്ടുകര, രാമന്തളി എന്നിങ്ങനെ എത്രയോ ഉണ്ട്, വയനാട്ടിലെ പുല്‍പ്പള്ളിയിലും കൊല്ലത്തുള്ള ജടായുമംഗലത്തും എല്ലാം രാമായണവുമായി ബന്ധപ്പെട്ട കഥകളുണ്ട്. അതുപോലെ തമിഴ്നാട്ടിലെ രാമേശ്വരം, കുംഭകോണം, കര്‍ണാടകയില്‍ ഇന്ന് ഹംപി എന്ന പേരില്‍ അറിയപ്പെടുന്ന കിഷ്കിന്ധ ഇതൊക്കെ രാമായണവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ്. കേരളത്തിലുള്‍പ്പെടെ സൗത്ത് ഇന്ത്യയിലാകെത്തന്നെ നിരവധി രാമക്ഷേത്രങ്ങളും കണ്ടെത്താന്‍ കഴിയും. ഇന്ത്യയില്‍ ആകമാനം തന്നെ രാമനും രാമായണവും ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. ഏതു നിലയില്‍ നോക്കിയാലും രാമന് ഇന്ത്യയുടെ ഏറ്റവും വലിയ ഒരു വികാരവും യാഥാര്‍ത്ഥ്യവുമാണെന്ന് നമുക്കു സമ്മതിക്കേണ്ടിവരും.
തീര്‍ച്ചയായും. രാമനെന്നു പറഞ്ഞാല്‍ മര്യാദാ പുരുഷോത്തമന് ആയിട്ടാണ് നമ്മള് മനസ്സിലാക്കുന്നത്. രാമോ വിഗ്രഹവാന്‍ ധര്‍മഃ. ധര്‍മത്തിന്റെ പ്രതീകമാണ് രാമന്. സാധുസത്യ പരാക്രമഃ നല്ലവരായ ആളുകളെ സംരക്ഷിക്കുന്നവനാണ് രാമന്. ഇതു മാരീചന് പറഞ്ഞതാണ് ആരണ്യകാണ്ഡത്തില്‍. മാരീചന് രാമന്റെ ശത്രു ആണല്ലോ. ”നിങ്ങള്‍ വേഷം മാറി രാമനെ പറ്റിക്കണം. അപ്പോള്‍ ഞാന്‍ സീതയെ അപഹരിക്കും” എന്നു പറഞ്ഞ അവസരത്തില്‍ അദ്ദഹം രാവണനെ വിലക്കി. നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. കാരണം രാമോ വിഗ്രഹവാന്‍ ധര്‍മ, സാധുസത്യപരാക്രമ. നമ്മളെല്ലാം രാമനെ കാണുന്നത് ആ ഒരു രൂപത്തിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലങ്ങള്‍ ഇന്ത്യയില്‍ മുഴുവനും ഉണ്ടാകുവാനുള്ള കാരണം.
അയോദ്ധ്യയിലെ പുതിയ ക്ഷേത്രത്തിന്റെ പിറവി ഭാരതത്തിന്റെ യശസ്സ് ലോകമെങ്ങും പൂര്‍വാധികം ഉയര്‍ത്തും എന്നു പ്രതീക്ഷിക്കാമല്ലോ?
തീര്‍ച്ചയായും. അത് ടൂറിസത്തെയും വളരെയേറെ അഭിവൃദ്ധിപ്പെടുത്തും. പില്‍ഗ്രിം ടൂറിസം വളരെ നല്ലയനില് ഡവലപ് ചെയ്യും.
തീര്‍ച്ചയായും. ഇപ്പോള്‍ നമുക്ക് പുതിയ ഫെസിലിറ്റീസ് ധാരാളമുണ്ട്. ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ഇടമായി മാറുകയാണ് അയോദ്ധ്യ. അതിനനുസരിച്ച് ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടിവരും. അതൊക്കെ നടന്നേ പറ്റൂ.
അവസാനമായി ഒരു ചോദ്യം കൂടി. ക്ഷേത്രങ്ങള്‍ വീണ്ടും സജീവമാകുന്നതുവരെ ഇന്ത്യക്കു വീണ്ടും ഇന്ത്യയാവാന്‍ കഴിയില്ലെന്ന് ഓഷോ ‘മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍’ എന്ന പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയ്ക്ക് എല്ലാം തന്നെ ലഭിച്ചത് ക്ഷേത്രങ്ങളിലൂടെയാണ് ഭാരതീയ ഗ്രാമങ്ങളുടെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സഹജമായ ലാളിത്യവും സൗന്ദര്യവും നിഷ്കളങ്കതയും കൈവന്നത് ക്ഷേത്രങ്ങളിലൂടെയാണ്. ഒരു ഗ്രാമം അത് എത്രയും ദരിദ്രമായിരുന്നാലും അവിടെ ഒരു ക്ഷേത്രമുണ്ടായിരിക്കുക എന്നുള്ളത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. ക്ഷേത്രങ്ങളുടെ അഭാവത്തില്‍ എല്ലാം കുഴഞ്ഞുമറിഞ്ഞതുപോലെ, താളപ്പൊരുത്തമില്ലാത്തതുപോലെ തോന്നിപ്പിക്കുന്നു. അയോദ്ധ്യയിലെ ക്ഷേത്രം ഉയരുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ അതിമഹത്തായ ക്ഷേത്ര പാരമ്പര്യത്തെക്കുറിച്ച് മഹാജ്ഞാനിയായ ഓഷോ പറഞ്ഞ ഈ വാക്കുകള്‍ ഓര്‍മവരികയാണ്.
ആരാധനാലയങ്ങള്‍ എല്ലാം ഒരു കാലഘട്ടത്തില്‍ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. എല്ലാ മതങ്ങളെ സംബന്ധിച്ചും അതായിരുന്നു സ്ഥിതി എന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: