രാജ്യം രാമമയമായി എന്നത് ഒരു സത്യംതന്നെയാണ്. ജനുവരി 22 ന്റെ പ്രധാന്യം എത്ര പറഞ്ഞാലും അധികമാവില്ല. ഇതിന് ചരിത്രപരവും രാഷ്ട്രീയവും സാമുദായികവും അന്തര്‍ദേശീയവും സാമ്പത്തികവുമായ വലിയ മാനങ്ങളുണ്ട്. ഇതു ബിജെപിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കുമോ എന്നത് ഒരു കാല്‍പ്പനികതയും സ്വാഭാവികതയും തന്നെ.
എന്നാല്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ സാധ്യമായി എന്നത്, നമ്മുടെയെല്ലാം ജീവിതകാലത്ത് സാധ്യമായി എന്നത്, ഭാരതത്തിന്റെ അനിവാര്യമായ പരമവൈഭവത്തിലേക്കുള്ള പ്രയാണത്തിന്റെ അടിസ്ഥാനമായി എന്നത്, ഏറ്റവും പ്രിയങ്കരമായ കാര്യമാണ്.
ഭാരതത്തിന്റെ ദേശീയതയുടെ പുനരാവിഷ്ക്കാരം എന്നാണ് രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതി ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദ് സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍വ്വാധിപത്യവും സര്‍ദാര്‍ പട്ടേലിന്റെയും രാജേന്ദ്രപ്രസാദിന്റെയും കെ.എന്‍ മുന്‍ഷി, പുരുഷോത്തംദാസ് ഠണ്ടന് എന്നീ നേതാക്കളുടെ മരണവും, കോണ്‍ഗ്രസിനു മേല്‍ നെഹ്റു കുടുംബത്തിന് ശാസ്ത്രിയുടെ മരണശേഷം കിട്ടിയ അപ്രമാദിത്വവും ഭാരത ദേശീയതയെ പിന്നോട്ടടിച്ചു.
നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധങ്ങള്‍ക്കും കണക്കറ്റ ബലിദാനങ്ങള്‍ക്കും ശേഷമാണ് ഈ രാജ്യത്തിന്റെ ദേശീയ വൈഭവം വീണ്ടെടുത്തത്. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ ഉത്തരേന്ത്യന്‍ സാഹിത്യകാരന്മാരും നിരീക്ഷകരും, രാവണ വധത്തിന് ശേഷം ലങ്കയില്‍ നിന്നുള്ള ശ്രീരാമന്റെ വിജയയാത്രയോട് ഉപമിക്കുന്നു. ആധുനിക യുഗത്തിലെ ദീപാവലിയായി അതാഘോഷിക്കാന്‍ ഉദ്ഘോഷിക്കുന്നു.
വിശ്വഹിന്ദു പരിഷത്തും പിന്നീട് ബിജെപിയും രാമജന്മഭൂമി സമരം ഏറ്റെടുത്തു. 1528 ല്‍ രാമജന്മഭൂമിയിലെ ഭവ്യക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് സ്ഥാപിച്ചതു മുതലാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഈ സംഘര്‍ഷങ്ങള്‍ ഒരിക്കലും മുസ്ലിം വിരുദ്ധമായിരുന്നില്ല. വിദേശികളായ അക്രമണകാരികള്‍, രാഷ്ട്രത്തിന്റെ അടിസ്ഥാന സ്തംഭങ്ങളായ ക്ഷേത്രങ്ങളും സര്‍വ്വകലാശാലകളും പാഠശാലകളും ആത്മാഭിമാന ചിഹ്നങ്ങളും തകര്‍ത്ത കൂട്ടത്തിലാണ് അയോദ്ധ്യയും കാശിയും മഥുരയും തകര്‍ക്കപ്പെട്ടത്. തക്ഷശിലയും നളന്ദയും സോമനാഥ ക്ഷേത്രവും നാശോന്മുഖമാക്കി.
പാലംപൂരില്‍ 1988ല്‍ നടന്ന ബിജെപി ദേശീയ സമ്മേളനമാണ് ഐതിഹാസികമായ തീരുമാനമെടുക്കുന്നത്. രാമജന്മഭൂമിക്ക് വേണ്ടിയുള്ള ഭക്തരുടെ സമരം, ദേശീയ നവോത്ഥാനത്തിനായുള്ള ഒരു ജനതയുടെ വീര്‍പ്പുമുട്ടലിന്റെ പരിണാമമാണെന്നും അതിനെ പിന്തുണയ്ക്കണമെന്നും പങ്കുചേരണമെന്നും ബിജെപി തീരുമാനിച്ചു. ആര്‍എസ്എസ് നേതാവ് മോറോപന്ത് പിംഗളെയുടെ ഭാവനയില്‍ ജനിച്ച രാമശിലാ യാത്രയും പിന്നീട് അദ്വാനി നയിച്ച സോമനാഥ് മുതല്‍ അയോദ്ധ്യ വരെയുള്ള രഥയാത്രയും ഈ സമരത്തിന് വലിയ ജനപിന്തുണ ഉണ്ടാക്കി.
ഏക് രുപയാ ദേ ദോ ഭായ്, രാംശിലാ കെ നാം പര്, മന്ദിര്‍ വഹീം ബനായേഗേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ഏറെ പരിണാമം സംഭവിച്ചിട്ടുണ്ട്. ജോ മന്ദിര്‍ ബനായേഗേ ഉസ്കോ വോട്ട് ദോ ദേംഗേ (ആരാണോ ക്ഷേത്രം പണിയുന്നത്, അവര്‍ക്കാണ് വോട്ട്) എന്ന തരത്തില്‍ 2024ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ അയോദ്ധ്യാ വിഷയം മാറുകയാണ്.
ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളും ലക്ഷണക്കണക്കിന് ഹിന്ദു വീടുകളും ആയിരത്തിലധികം ഹിന്ദുക്കളുടെ ജീവനും 1985നും 2014നും ഇടയിലായി രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഭാരതത്തിലും ഹിന്ദുക്കള്‍ വലിയ വില നല്‍കേണ്ടിവന്ന പ്രക്ഷോഭമാണിത്.
സമസ്തിപൂരില്‍ അദ്വാനിയുടെ രഥയാത്ര തടഞ്ഞ് അറസ്റ്റ് ചെയ്തതാണ് 1991ലെ വി.പി. സിങ് സര്‍ക്കാരിന്റെ പതനത്തില്‍ കലാശിച്ചത്. 1992 ഡിസംബറില്‍ അദ്വാനിയുടേയും മുരളീ മനോഹര്‍ ജോഷിയുടേയും രാജമാതാ വിജയരാജ സിന്ധ്യയുടേയും സിക്കന്ദര്‍ ഭക്തിന്റെയും നേതൃത്വത്തില്‍ നാല് രഥയാത്രകളാണ് അയോദ്ധ്യയില്‍ സംഗമിച്ചത്. ഈ യാത്രകളുടെ അവസാനം നടന്ന കര്‍സേവയിലാണ് ഡിസംബര്‍ ആറിന് രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണത്. തുടര്‍ന്ന് ലോകമെമ്പാടും പ്രതിഷേധമുയരുകയും, രാജ്യത്ത് നാല് ബിജെപി സര്‍ക്കാരുകളുടെ പുറത്താക്കലിനും വഴിവെച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ എണ്ണമറ്റ ക്ഷേത്ര ധ്വംസനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും ഹിന്ദു വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും ലക്ഷക്കണക്കിന് ഹിന്ദു ഭവനങ്ങള്‍ കൊള്ളയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു.
മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ആര്‍എസ്എസ് സര്‍സംഘചാലക് സുദര്‍ശന്‍ജിയും ഉറങ്ങിക്കിടന്ന ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായും സ്വാഭിമാനത്തിന്റെ പുനരാവിഷ്ക്കാരമായും അയോദ്ധ്യാ സംഭവത്തെ വിശേഷിപ്പിച്ചു. ഇതിലൂടെ ഭാരതത്തിന്റെ ദേശീയ സ്വഭാവവും സാംസ്ക്കാരിക പൈതൃകവും മറ്റൊരിക്കലുമില്ലാത്ത വിധം പുനര്നിര്വഹിച്ചപ്പെട്ടു എന്നത് ശ്രദ്ധേയമായി. വലിയ സാഹിത്യ രചനകള്‍ക്കും സര്‍ഗാത്മകമായ ആവിഷ്ക്കാരങ്ങള്‍ക്കും സാംസ്ക്കാരികവും സാമൂഹ്യവുമായ മാറ്റങ്ങള്‍ക്കും പുനര്‍ ചിന്തനത്തിനും വ്യാഖ്യാനങ്ങള്‍ക്കും വഴിതെളിച്ചു. ദേശീയ-സംസ്ഥാന തലത്തില്‍ മുതല്‍ ഗ്രാമീണ തലങ്ങളില്‍ വരെ പുതിയ നേതൃത്വം ഉടലെടുത്തു.
മിഥ്യാ മതേതരത്വ കാഴ്ചപ്പാടുകളില്‍ നന്ന് പലരും മാറി. ഭാരതത്തില്‍ ദേശീയതയും മതേതരത്വവും പുനര്‍ വ്യാഖ്യാനത്തിന് വഴിവെച്ചു. ആദ്ധ്യാത്മികതയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംന്യാസിവര്യന്മാര് വരെ പൊതുജന മധ്യത്തില്‍ ഇറങ്ങി ശ്രീരാമന്റെ രാഷ്ട്രീയ, സാംസ്ക്കാരിക പ്രാധാന്യങ്ങളെപ്പറ്റി സംസാരിച്ചു. അയോധ്യാ പ്രക്ഷോഭത്തെ ഒരു വലിയ സാംസ്ക്കാരിക നവോത്ഥാനമായി മാറ്റി. വി.എസ് നയ്പാള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ‘ഒരു രാഷ്ട്രം ഏറെ നാളത്തെ അടിമത്വത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഒരു ജനത അന്നോളം അവരെ അപമാനിച്ച, അവനില്‍ അധമ ബോധം വളര്‍ത്തിയ ചിഹ്നങ്ങളെയെല്ലാം പിഴുതെറിയും. ഇത് ചരിത്രത്തിന്റെ സ്വാഭാവികതയാണ്’ എന്നായിരുന്നു.
സാധ്വി ഋതംഭര, സ്വാമി ചിന്മയാനന്ദ, ആചാര്യ ധര്‍മ്മേന്ദ്ര, ഉമാഭാരതി, മഹന്ദ് അവൈദ്യനാഥ്, അയോധ്യയിലും ദക്ഷിണഭാരതത്തിലെയും അഖാഡകള്‍, മതപാഠശാലകള്‍, നാഗസംന്യാസിമാര്‍, ശങ്കരാചാര്യന്മാര് എന്നിവരെല്ലാം അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ഭാഗമായവരാണ്. 1991 ലെ കര്‍സേവ സമയത്ത് മുലായം സിങ്ങിന്റെ വെടിയുണ്ടകള്‍ നേരിട്ട നൂറുകണക്കിന് കര്‍സേവകര്‍ സരയൂ നദിയില്‍ വീണ് ബലിദാനികളായി. അയോദ്ധ്യയിലേക്ക് ഒരു പക്ഷി പോലും കടക്കില്ലെന്ന് വീമ്പുപറഞ്ഞ മുലായം സിങ്ങിനെ വെല്ലുവിളിച്ച് ആയിരക്കണക്കിന് കര്‍സേവകര്‍ ജന്മഭൂമിയിലെത്തി. ലാത്തിയടിയും ടിയര്‍ ഗ്യാസ് ഷെല്ലുകളും വെടിയുണ്ടകളും നേരിട്ട് കര്‍സേവ നടത്തി. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ തല പൊട്ടി ചോരയൊലിക്കുന്ന വിഎച്ച്പി നേതാവ് അശോക് സിംഘാളിന്റെ ചിത്രം ആവേശമായിരുന്നു. സ്വാമി വിവേകാനന്ദന് പ്രവചിച്ചതു പോലെ ഭാരതാംബയുടെ ഉന്മേഷോജ്വലമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളമായിരുന്നു അത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. 1992നും 2024നും ഇടയില്‍ ഭാരതം ഏറെ മാറിക്കഴിഞ്ഞു. വലിയ തോതില്‍ വികസിച്ച രാജ്യമാണിന്ന്. രാഷ്ട്രീയ സാഹചര്യങ്ങളും വലുതായി മാറി. ഇതിനെല്ലാം പിന്നില്‍ മഹത്തായ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ സ്വാധീനം വലുതാണ്. ലക്ഷ്യബോധവും രാഷ്ട്രീയ ധാരണകളും സ്മൃതി വിട്ടുണര്‍ന്ന ജനതയില്‍ സമ്മേളിച്ചപ്പോഴാണ് ഇതെല്ലാം സാധ്യമായത്. ഒരു രാഷ്ട്രത്തിന്റെ സ്വാഭിമാനത്തിന്റെ മൂര്‍ത്തീഭാവമായാണ് രാമക്ഷേത്രത്തെ ലോകം ഇന്നു കാണുന്നത്. രാമന് വീണ്ടും ജന്മഭൂമിയിലെത്തുകയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത ചരിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: