ന്യൂദല്‍ഹി: ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ പ്രാണപ്രതിഷ്ഠ നടത്തരുതെന്ന ജ്യോതിഷ് മഠ് ശങ്കരാചാര്യരുടെ വാദം തള്ളിക്കളഞ്ഞ് ശ്രീ ശ്രീ രവിശങ്കര്‍. തമിഴനാട്ടിലെ രാമേശ്വരത്ത് ശിവലിംഗ് പ്രതിഷ്ഠിച്ച് സാക്ഷാല്‍ ശ്രീരാമഭഗവാന്‍ തന്നെ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ അവിലെ അമ്പലമേ ഇല്ലായിരുന്നു. പിന്നീിടാണ് അവിടെ രാമേശ്വരം ക്ഷേത്രം ഉയരുന്നത്- ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ട നടത്തുന്നതിനാല്‍ ജനവരി 22ന്റെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശങ്കരാചാര്യ മഠങ്ങളിലെ അധികാര തര്‍ക്കങ്ങളും സിവില്‍ കേസുകളും അടക്കം പലവിധ വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ചില ശങ്കരാചാര്യന്മാരുടെ കോണ്‍ഗ്രസ് വിധേയത്വം. അവിമുക്തേശ്വരാനന്ദ് ജ്യോതിര്‍മഠ ശങ്കരാചാര്യ പദവിയിലേക്ക് എത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നെഹ്രു കുടംബവുമായുള്ള മുന്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദയുടെ ബന്ധവും ശക്തമായിരുന്നു. പലവട്ടം കോടതി കയറിയിറങ്ങിയാണ് ശങ്കാരാചാര്യ പദവിയിലേക്ക് സ്വരൂപാനന്ദ കോണ്‍ഗ്രസ് സഹായത്തോടെ എത്തിയത്. 1990ല്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയിലേക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും താമസത്തിനെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത് ദ്വാരകാ ശങ്കരാചാര്യരായിരുന്നുവെന്നോര്‍ക്കണം. അയോദ്ധ്യാ കേസില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധി വരികയാണെങ്കില്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സോണിയാഗാന്ധിയും സംഘവും തീരുമാനിച്ചിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തെ നയിച്ച വിഎച്ച്പിയെയും ബിജെപിയേയും അടക്കം അയോദ്ധ്യയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമായിരുന്നു അത്. 2002ല്‍ ഈ ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ദിഗൗരിയില്‍ ധര്‍മ്മ സംസദും നടത്തി. മൂന്നു ശങ്കരാചാര്യന്മാര്‍ പങ്കെടുത്ത ധര്‍മ്മ സംസദ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങിന്റെ കൂടി ആശയമായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ സമവായമുണ്ടാക്കാന്‍ മുസ്ലിം കക്ഷികളെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഭൂമി ഭാഗിച്ചെടുക്കുന്ന പ്രത്യേക ഫോര്‍മുലയും കോണ്‍ഗ്രസും ദ്വാരകാ ശങ്കരാചാര്യരും ചേര്‍ന്ന് തയ്യാറാക്കി. എന്നാല്‍ മുസ്ലിം കക്ഷികള്‍ ഇതു ബഹിഷ്‌ക്കരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം പാളിയത്. ഹിന്ദുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ അയോദ്ധ്യയില്‍ നിന്ന് ബിജെപിയേയും വിഎച്ച്പിയേയും പുറത്താക്കുകയാണ് ശങ്കരാചാര്യരുടെ സഹായത്തോടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിച്ചിരുന്നു. ദ്വാരകാ ശങ്കരാചാര്യര്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് 99-ാം വയസ്സില്‍ മരിക്കും വരെ കോണ്‍ഗ്രസിനു വേണ്ടി നിരന്തരം രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ മറ്റൊരുതരം അസ്വസ്ഥതയാണ് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവേ ചില ശങ്കരാചാര്യന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വ്യക്തം. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് പുരി, ബദരി ശങ്കരാചാര്യന്മാരുടെ നിലപാട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളുടേയും ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിഷ്ഠ നടത്താറുണ്ട് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നതിനുപിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: