ന്യൂദൽഹി: മ്യാൻമറിലെ അതിർത്തിയിൽ ഭാരതം വേലി നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ സംഘട്ടനങ്ങളിൽ നിന്ന് രക്ഷതേടി മ്യാൻമാർ സൈനികർ ഭാരതത്തിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
ഭാരതത്തിലേക്കുള്ള സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ അസം പോലീസ് കമാൻഡോ പാസ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ മ്യാൻമറുമായുള്ള അതിർത്തിയും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാരതം-മ്യാൻമാർ അതിർത്തിയിലെ മ്യാൻമാർ കരസേനയുടെ ക്യാമ്പ് ഗോത്ര സായുധസംഘടനയായ അരാകൻ സേന ആക്രമിച്ചതിനെ തുടർന്ന് നിരവധി സൈനികരാണ് മ്യാൻമാർ അതിർത്തി കടന്നെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാൻമർ സൈനികരാണ് ഭാരതത്തിലേക്ക് കടന്നെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ എത്തിയ സൈനികർ മിസോറാമിലെ ലോങ്ട്ലായ് ജില്ലയിൽ അഭയം പ്രാപിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേ സമയം മ്യാന്മറില് നിന്നെത്തിയ സൈനികരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഉറപ്പാക്കണമെന്ന് നേരത്തേ മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: