ന്യൂദല്ഹി: ആഭ്യന്തര വിനോദ സഞ്ചാരികളെ കൂടുതലായി കേരളത്തിലേക്ക് ആകര്ഷിക്കുന്നതിനായി ദല്ഹിയില് കേരള ടൂറിസം വകുപ്പ് ബിടുബി മീറ്റ് സംഘടിപ്പിച്ചു. മാര്ച്ചു വരെ ഭോപ്പാല്, ലഖ്നൗ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലും ബിടുബി മീറ്റ് സംഘടിപ്പിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര് പി.ബി. നൂഹ് മാധ്യമങ്ങളോട് പറഞ്ഞു.
2023 ജനുവരി മുതല് സപ്തംബര് വരെയുള്ള കാലയളവില് 1.59 കോടി ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളം സന്ദര്ശിച്ചത്. 19.34% റെക്കോര്ഡ് വളര്ച്ചയാണുണ്ടായത്. സഞ്ചാരികളെ ആകര്ഷിക്കുന്നതിനായി പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ഹെലി ടൂറിസം ഉള്പ്പെടെയുള്ള പദ്ധതികള് സംസ്ഥാനം നടപ്പാ ക്കുന്നുണ്ട്. സ്കൈ എസ്കേപ്സ് എന്നാണ് ഹെലി ടൂറിസത്തിന് പേരിട്ടിരിക്കുന്നത്. സമഗ്രമായ ഹെലി ടൂറിസം നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഹെലികോപ്റ്റര് നല്കുന്ന യാത്രാ പാക്കേജുകളുടെ വിവരങ്ങളടങ്ങിയ മൈക്രോസൈറ്റ് പുറത്തിറക്കിയെന്നും നൂഹ് പറഞ്ഞു.
സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി സംസ്ഥാനത്തെ മാറ്റുന്നതിനായി ഈ വര്ഷം നാല് അന്താരാഷ്ട്ര സാഹസിക കായിക മത്സരങ്ങള് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: