തൊടുപുഴ: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഗുരുതര കണ്ടെത്തലുമായി വിജിലന്‍സ്. എംഎല്‍എയെ ഇന്നലെ പകല്‍ വിജിലന്‍സിന്റെ തൊടുപുഴ മുട്ടം ഓഫീസില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് ശേഷമാണ് നിര്‍ണായകമായ കണ്ടെത്തലുകളിലേക്ക് വിജിലന്‍സ് എത്തിയത്. എംഎല്‍എ 50 സെന്റ് മിച്ചഭൂമി കൈയേറിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പുറമ്പോക്ക് ഭൂമി കൈയേറി മതിലും നിര്‍മിച്ചു. 1.20 ഏക്കര്‍ ഭൂമിയാണ് നിയമപ്രകാരം ഇവിടെയുള്ളത്. ഇത് രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേടുണ്ട്. 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്ട്രേഷന്‍ സമയത്ത് മറച്ചുവെച്ചു. ഇതിലൂടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയതായാണ് സൂചന.
കുഴല്‍നാടന്റെ കൈവശമുള്ള വസ്തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണ്. ഈ ഭൂമി എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമാകാനുണ്ട്. രജിസ്ട്രേഷന്‍ നടത്താന്‍ പാടില്ലാത്ത ഭൂമിയാണിത്. മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണ് എന്നറിഞ്ഞാണോ ഇടപാട് നടത്തിയതെന്ന ചോദ്യത്തിന് അറിഞ്ഞിരുന്നില്ലെന്നും അന്ന് ലഭ്യമായിരുന്ന എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇടപാട് നടത്തിയതെന്നും മറുപടി നല്‍കിയതായി കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമ്പതു സെന്റ് ഭൂമി അധികമായി വന്നത് എങ്ങനെയെന്നറിയില്ലെന്നും തന്നയാള്‍ സ്ഥാപിച്ചിരുന്ന അതിരുകള്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു മറുപടി. എംഎല്‍എ ആകുന്നതിന് മുമ്പ് നടന്ന ഇടപാടായതിനാല്‍ അഴിമതി നിരോധന നിയമം ചേര്‍ക്കാനാവില്ല. പക്ഷേ എംഎല്‍എ ആയശേഷം പോക്കുവരവ് നടത്തിയിട്ടുണ്ട്. ഇത് ഈ നിയമത്തിന്റെ പരിധിയില്‍ വരും. 1000 ചുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം എന്തുകൊണ്ട് ആധാരത്തില്‍ കാണിച്ചില്ലെന്ന ചോദ്യത്തിന് നിയമപരമായി അങ്ങനെയൊരു കെട്ടിടം ഉള്ളതായി രേഖകള്‍ ഒന്നുമില്ലായിരുന്നെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു കെട്ടിടം. കച്ചവടത്തില്‍ ഈ കെട്ടിടത്തിന് പ്രത്യേകം മൂല്യം കൂട്ടിയിട്ടില്ലാത്തതിനാലാണ് ആധാരത്തില്‍ കാണിക്കാത്തതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇത് പഴയ കെട്ടിടമല്ലെന്നും പൂര്‍ത്തിയാകാത്ത പുതിയ കെട്ടിടമാണെന്നും വിജിലന്‍സ് അധികൃതര്‍ പറയുന്നത്. 17 ലക്ഷം രൂപയാണ് വിജിലന്‍സ് കണക്കാക്കുന്ന മൂല്യം. ഇതിന്റെ എട്ട് ശതമാനം നികുതി വരും. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മറ്റൊരു വാണിജ്യ കെട്ടിടത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് അനുവദിച്ച് കിട്ടിയിട്ടില്ല. എന്നാല്‍ ഈ തട്ടിപ്പില്‍ എംഎല്‍എയ്‌ക്ക് നേരിട്ട് പങ്കുള്ളതായുള്ള തെളിവുകള്‍ വിജിലന്‍സിന് ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: