ബെംഗളൂരു: വീണാ വിജയന്റെ കമ്പനി എക്സാലോജിക് വെറും കടലാസ് കമ്പനിയോയെന്ന് പരിശോധിക്കണമെന്ന് എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിഎംആര്‍എല്‍ നല്കിയ മറുപടി അവ്യക്തമാണ്. വീണയുടെ കമ്പനിയും കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കരിമണല്‍ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയുടെ കണക്കുകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം എക്സാലോജിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയ്ക്കു മൗനം. കൊച്ചിയിലെ ശശിധരന് കര്‍ത്തയുടെ സിഎംആര്‍എല്ലില്‍ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുപോലും കര്‍ണാടക രജിസ്ട്രാര്‍ ഒാഫ് കമ്പനിക്കു വിശദീകരണം നല്‍കാതെ വീണ ഒഴിഞ്ഞുമാറുകയായിരുന്നു.
സിഎംആര്‍എല്ലുമായുള്ള കരാറില്‍ എക്സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായും കൈപ്പറ്റി. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്തിയിട്ടില്ല. ഒഴിഞ്ഞുമാറല്‍ തന്ത്രം നടപ്പില്ലെന്നും ചോദ്യത്തിനാധാരമായ റിപ്പോര്‍ട്ട് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവാണെന്നും എക്സാലോജിക് മരവിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വീണ യോഗ്യതയുള്ള സോഫ്റ്റ്വെയര് പ്രൊഫഷണലാണെന്നും അവര്‍ക്കു സ്വന്തം നിലയില്‍ സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്‍സി സേവനത്തിന് അര്‍ഹതയുണ്ടെന്നുമാണ് എക്സാലോജിക് ആര്‍ഒസിക്കു കൊടുത്ത മറുപടി. എന്നാല്‍ വ്യക്തിപരമായ നിലയില്‍ വീണ ഐടി, മാര്‍ക്കറ്റിങ് സേവനങ്ങള്‍ നല്‍കാനുള്ള കരാറൊന്നും സിഎംആര്‍എല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്, കമ്പനി വിശദീകരിക്കുന്നു.
വേണമെങ്കില്‍ വീണയ്ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികള്‍ തമ്മിലാണെന്നും അംഗീകരിക്കാം, എന്നാല്‍ അപ്പോഴും എക്സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി, വീണ എന്തു സേവനമേകി എന്നൊക്കെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. കമ്പനി സമര്‍പ്പിച്ച രേഖകള്‍ തീര്‍ത്തും അപര്യാപ്തമാണ്, ആര്‍ഒസി പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ എക്സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാര്‍ ഉന്നയിക്കുന്നുണ്ട്.
എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, അഴിമതി നിരോധന നിയമങ്ങള്‍ ലംഘിച്ചതായും ആര്‍ഒസി റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: