മള്ളിയൂര്‍(കോട്ടയം): ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 103-ാം ജയന്തി ആഘോഷവും അഖിലഭാരത ഭാഗവതാമൃത സത്രവും 21ന് ആരംഭിച്ച് ജയന്തിദിനമായ ഫെബ്രുവരി രണ്ടിന് സമാപിക്കും. പന്ത്രണ്ട് ദിവസത്തെ യജ്ഞത്തില്‍ അന്‍പതോളം ആചാര്യന്മാര്‍ പങ്കെടുക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മുഖ്യ ആചാര്യന്‍. മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍ യജ്ഞാചാര്യന്മാര്‍.
കഥകളി, ഭക്തിഗാനസുധ, സമ്പ്രദായഭജന, ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതസദസ്, ലക്ഷദീപം തുടങ്ങിയവയും നടക്കും. മള്ളിയൂര്‍ ആചാര്യന്റെ രാമായണ ചിന്തകള്‍ ക്രോഡീകരിച്ച് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി തയാറാക്കിയ ‘മള്ളിയൂരിന്റെ രാമായണ ചിന്തകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആരംഭദിവസം നടക്കും. അന്ന് വൈകിട്ട് ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ സമാപനത്തില്‍, സീതാദേവിയെ അവതരിപ്പിക്കുന്ന കലാകാരന്‍ അതേവേഷത്തോടെ ഹനുമാന് പുസ്തകം നല്‍കിയാണ് പ്രകാശനം.
നടുവില്‍മഠം അച്യുതഭാരതി സ്വാമിയാര്‍, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രി, സ്വാമി ചിദാനന്ദപുരി, വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍, വിശാഖ ഹരി, സ്വാമി ഉദിത് ചൈതന്യ, ഉടയാളൂര്‍ കല്യാണരാമന്‍, പുല്ലൂര്‍മണ്ണ് രാമന്‍ നമ്പൂതിരി, വെണ്‍മണി രാധാ അന്തര്‍ജ്ജനം, ഈറോഡ് ബാലാജി ഭാഗവതര്‍, കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ്മ, ശിവം ശുക്ല മഹാരാജ് വൃന്ദാവനം തുടങ്ങിയവര്‍ പങ്കെടുക്കും.
21ന് വൈകിട്ട് ഏഴിന് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം, തുടര്‍ന്ന് കഥകളി-ശ്രീരാമപട്ടാഭിഷേകം. 22ന് കലാമണ്ഡപത്തില്‍ രാവിലെ 8.30ന് സംഗീതസദസ്, വൈകിട്ട് ഏഴിന് ഭക്തിഗാനസുധ.
ഫെബ്രുവരി ഒന്നിന് കലാമണ്ഡപത്തില്‍ ഉച്ചയ്‌ക്ക് 12.30ന് നാമസങ്കീര്‍ത്തനം, വൈകിട്ട് ഏഴിന് സംഗീതസദസ്. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ദിനമായ രണ്ടിന് രാവിലെ ഭാഗവത സത്രസമര്‍പ്പണം, 11.30ന് പ്രഭാഷണം-സ്വാമി ചിദാനന്ദപുരി, ഉച്ചയ്‌ക്ക് ഒന്നിന് 103-ാമത് ഭാഗവതഹംസ ജയന്തി അനുസ്മരണം. തുടര്‍ന്ന് നാമസങ്കീര്‍ത്തനം.











