കണ്ണൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയെയും മകളെയും അതിശക്തമായി പ്രതിരോധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ജയരാജന് ചൂണ്ടികാട്ടി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്.
ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. കഴിവും പ്രാപ്തിയുമുള്ള സ്വയം സംരംഭകയാണ് അവര്‍. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോയതിനെക്കുറിച്ചു നിലവാരം കുറഞ്ഞ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്. രണ്ടു കമ്പനികളിലായി 4000 കോടിയുടെ മൂന്ന് പദ്ധതികളാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ വന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയില്ലെങ്കില്‍ അതിനും കുറ്റം പറയും. ഭരിക്കുന്നവരുടെ ചുമതലയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കല്‍.
രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുഖ്യമന്ത്രിയെ കുറിച്ചു പറയാന്‍ അവകാശമില്ല. അവര്‍ കമ്പനിയുടെ ആദായ നികുതികള്‍ മാത്രം നോക്കേണ്ട കമ്പനിയാണ്. രാഷ്ട്രീയം പറയാനുള്ള അവകാശം അവര്‍ക്കില്ല. മാധ്യമങ്ങള്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. ആര്‍ഒസി റിപ്പോര്‍ട്ടില്‍ വസ്തുതയുണ്ടോ? ആരാണ് ആ റിപ്പോര്‍ട്ട് കണ്ടിട്ടുള്ളതെന്നും ജയരാജന് ചോദിച്ചു. മാധ്യമങ്ങള്‍ക്ക് എന്തും വിളിച്ചു പറയാനുള്ള അധികാരമുണ്ടോ? ഒരു പെണ്‍കുട്ടി ഐടി മേഖലയില്‍ പ്രഗത്ഭയായതു കൊണ്ട് അവരെ വേട്ടയാടുകയാണ്. ഇവിടെ ആരൊക്കെ വ്യാപാരവും കച്ചവടവും നടത്തുന്നുണ്ട്. ഒരു ഏജന്‍സിയും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ല. ആര്‍ഒസി റിപ്പോര്‍ട്ട് കോടതി വിധിയല്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജയരാജന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: