മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷത്തിന്റെ സ്വര്‍ണവേട്ട. രണ്ടുപേരില്‍ നിന്നുമായാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ട്രോളിയിലും കളിപ്പാട്ടത്തിലെ ബാറ്ററിയിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമുണ്ടായിരുന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ വേങ്ങര സ്വദേശി മുഹമ്മദ് ലുഖുമാന്റെ ബാഗേജില്‍ നിന്നും 1331 ഗ്രാം സ്വര്‍ണത്തരികളാണ് കണ്ടെത്തിയത്. യുവാവിന്റെ ബാഗേജുകള്‍ ആദ്യം പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട്, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗിനകത്ത് വളരെ രഹസ്യമായി അടിത്തട്ടില്‍ ഒളിപ്പിച്ച നിലയില്‍ പൊടിരൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തിയത്. ഇതില്‍നിന്ന് 50 ലക്ഷം രൂപയുടെ 24 കാരറ്റിന്റെ 796 ഗ്രാം സ്വര്‍ണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
ജിദ്ദയില്‍നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഷബീബ് അലി (25) ആണ് കളിപ്പാട്ട റിമോട്ടുമായി പിടിയിലായത്. സംശയത്തെത്തുടര്‍ന്നു വീണ്ടും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. റിമോട്ടിനുള്ളില് ബാറ്ററിയുടെ ഭാഗത്തായിരുന്നു സിലിണ്ടര്‍ രൂപത്തിലുള്ള സ്വര്‍ണം. അഞ്ച് ലക്ഷം രൂപയുടെ 79 ഗ്രാം സ്വര്‍ണം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. എന്നാല്‍, രണ്ടുപേരും ഈ അടുത്തകാലത്തൊന്നും കരിപ്പൂരില്‍ പരീക്ഷിക്കാത്ത തരത്തിലാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: