മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ എതിരില്ലാത്ത വിജയത്തോടെ നിലിവിലെ ജേതാവ് ആരൈന സബലെങ്ക. 28-ാം സീഡ് താരമായി ഇറങ്ങിയ ഉക്രൈന്റെ ലെസിയ സുറെങ്കോയെ സ്‌കോര്‍: 6-0, 6-0ന് സബലെങ്ക നിഷ്പ്രഭയാക്കി.
ഇതുവരെ നടന്ന മൂന്ന് റൗണ്ടുകളിലും താരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്. നാളെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സീഡില്ലാതെ ഇറങ്ങുന്ന അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവ ആണ് സബലെങ്കയുടെ എതിരാളി.
മൂന്നാം റൗണ്ട് വനിതാ സിംഗിള്‍സ് മത്സരത്തില്‍ അമേരിക്കയുടെ കോകോ ഗൗഫും എതിരാളിയെ തൂത്തുവാരുന്ന പ്രകടനത്തോടെയാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. സ്വന്തം നാട്ടുകാരിയായ അലിസിയ പാര്‍ക്‌സിനെ സ്‌കോര്‍: 6-0, 6-2നാണ് താരം കീഴടക്കിയത്.
പത്താം സീഡായി ഇറങ്ങിയ ബ്രസീലിന്റെ ബിയാട്രീസ് ഹദ്ദാദ് മായിയ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. സീഡില്ല താരമായി ഇറങ്ങിയ മരിയ തിമോഫീവയാണ് താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6(9-7), 6-3.
മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവ, മഗ്ദലേന ഫ്രെച്ച്, മിറ ആന്‍ഡ്രീവ, മാര്‍ത്ത കോസ്റ്റിയൂക്ക് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലേക്ക് മുന്നേറി.
ഇന്നലെ നടന്ന പുരുഷ ഡബിള്‍സില്‍ ഭാരതാരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം റൗണ്ട് പോരാട്ടം വിജയിച്ചു. ഓസ്‌ട്രേലിയക്കാരനായ എബ്‌ഡെനൊപ്പം ബൊപ്പണ്ണ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയന്‍ സഖ്യത്തെയാണ്. സ്‌കോര്‍: 6-2, 6-4. ടൂര്‍ണമെന്റില്‍ രണ്ടാം സീഡ് ജോഡികളായാണ് ബൊപ്പണ്ണയും എബ്‌ഡെനും മത്സരിക്കുന്നത്.
പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മുന്‍നിര താരങ്ങള്‍ മിക്കതും നേരിട്ടുള്ള സെറ്റുകള്‍ക്ക് മൂന്നാം റൗണ്ട് മത്സരങ്ങള്‍ വിജയിച്ചു. ആന്‍േ്രഡ റുബ്ലേവ് ഇന്നലെ തോല്‍പ്പിച്ചത് സെബാസ്റ്റ്യന്‍ കോര്‍ഡയെ ആണ്. അര്‍ജന്റീനയുടെ കരുത്തന്‍ താരം ടോമസ് എച്ചാവെറിയെ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നോവാക് ദ്യോക്കോവിച് മറികടന്നു. സ്‌കോര്‍: 6-3, 6-3, 7-6(7-2).
ഓസ്‌ട്രേലിയയുടെ അലെക്‌സ് ഡി മിനോര്‍, ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, ഇറ്റലിയുടെ ജാന്നിക് സിന്നര്‍ എന്നിവര്‍ അനായാസം മൂന്നാം റൗണ്ട് മത്സരം വിജയിച്ചു. ഇന്നലെ നടന്ന മറ്റ് മൂന്നാം റൗണ്ട് പോരാട്ടങ്ങളില്‍ ടെയ്‌ലര്‍ ഫ്രിട്‌സ്, കാരെന്‍ ഖചനോവ്, അഡ്രിയാന്‍ മന്നാറിനോ എന്നിവര്‍ ജയിച്ച് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: