ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി കൂടിക്കാഴ്ച നടത്തി. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചേരിചേരാ പ്രസ്ഥാനത്തിന്റെ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ജയശങ്കര്‍ കമ്പാലയില്‍ എത്തിയത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന സംഭാഷണം നടന്നതായി ജയശങ്കര്‍ എക്സില്‍ കുറിച്ചു. ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് മൂസ സമീര്‍ എക്സില്‍ കുറിച്ചു. ഭാരതസൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്തതായും അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി ചൈന സന്ദര്‍ശിച്ചു. മാലദ്വീപിലെ ഭാരതത്തിന്റെ സൈനിക സാന്നിധ്യം മാര്‍ച്ച് 15ന് മുമ്പായി അവസാനിപ്പിക്കണമെന്നും മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: