എക്സ്-റേ അഥവാ എക്സ്-കിരണങ്ങള്‍ പരിചയമില്ലാത്ത മനുഷ്യരുണ്ടാവില്ല. അറിയാതെ അകത്തായ സേഫ്ടി പിന് കണ്ടെത്താന്‍ വരെ ‘എക്സ്റെ’ കൂടിയേ തീരൂ. പക്ഷേ ഈ കിരണങ്ങള്‍ കണ്ടെത്തിയ വില്യം കോണ്‍റാഡ് റോന്ജന് എന്ന മഹാശാസ്ത്രജ്ഞനെ അധികം പേരും അറിയില്ല. താന്‍ കണ്ടുപിടിച്ച എക്സ്-റേ കിരണത്തിന് ഒരിക്കലും പേറ്റന്റ് എടുത്ത് സ്വന്തമാക്കാന്‍ കൂട്ടാക്കാതെ കാലയവനികയില്‍ മറഞ്ഞ മനുഷ്യസ്നേഹിയായ ആ ഊര്ജതന്ത്രജ്ഞന് അന്തരിച്ചിട്ട് 2024 ഫെബ്രുവരി 10ന് 101 വര്‍ഷം തികയും.
1895 നവംബര്‍ എട്ടിന് വേഴ്സ് ബര്‍ഗ് സര്‍വകലാശാലയിലെ തന്റെ ഗവേഷണശാലയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം എക്സ്-കിരണങ്ങളെ കണ്ടെത്തുന്നത്. അതാകട്ടെ തികച്ചും ആകസ്മികമായി. (അതിന്റെ സ്മരണ നിലനിര്‍ത്തി എല്ലാ വര്‍ഷവും നവംബര്‍ എട്ടിന് ലോക ‘റേഡിയോഗ്രഫി’ ദിനം ആചരിക്കുന്നു). ഉന്നത വോള്‍ട്ടേജുള്ള കാതോഡ്-റേ ക്യൂബില്‍ പരീക്ഷണം നടത്തി വരുമ്പോഴാണ് തൊട്ടടുത്ത ഫ്ളൂറസെന്റ് സ്ക്രീനില്‍ നേരിയ ഒരു പച്ച തെളിയുന്നത് അദ്ദേഹം ശ്രദ്ധിച്ചത്. കട്ടിയുള്ള കറുത്ത കടലാസുകൊണ്ട് ആവരണം ചെയ്ത കാതോഡ് ട്യൂബില്‍നിന്ന് പുറത്തുചാടിയ ഹരിതപ്രഭയ്ക്ക് അദ്ദേഹം നല്കിയ പേരാണ് ‘എക്സ്’ അഥവാ അജ്ഞാത കിരണങ്ങള്‍. ഈ അജ്ഞാത കിരണങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തെ ഫിസിക്സ് നൊബേല്‍ സമ്മാനം (1901) അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തില്‍ എക്സ്-റേ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പട്ടാളക്കാരുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനും, ശരീരത്തിലെ ഒടിവും ചതവും കൃത്യമായി നിശ്ചയിക്കുന്നതിനും ഒക്കെ. ശൂന്യതയില്‍ പ്രകാശവേഗം കൈവരിക്കുന്ന ഈ ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് കരുതുംപോലെ സുരക്ഷിതമല്ലെന്നും അധികം വൈകും മുന്‍പ് തെളിഞ്ഞു. നിരന്തരമായി എക്സ്-റേ കിരണവുമായി ഇടപഴകിയ തോമസ് ആല്‍വാ എഡിസന്റെ സഹായി ക്ലാരന്‍സ് ഡാലി തൊലിപ്പുറ അര്‍ബുദം ബാധിച്ച് മരണമടഞ്ഞു. നിക്കൊളാസ് ടെസ്ല, വില്യം മോര്‍ടണ്‍, തോമസ് എഡിസന് തുടങ്ങിയ ശാസ്ത്രജ്ഞര്‍ എക്സ്-റേയുടെ സുരക്ഷിതത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
അങ്ങനെ എക്സ്-റേയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൂടുതല്‍ സുരക്ഷിതത്വ ഏര്‍പ്പാടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മനുഷ്യശരീരവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ യന്ത്രങ്ങള്‍ വന്നു. പക്ഷേ ഏക്സ്-റേയുടെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലണ്ടനിലെ സയന്‍സ് മ്യൂസിയം 2009 ല്‍ നടത്തിയ ഒരു സര്‍വേയില്‍ ലോകത്തിലെ ഏറ്റവും വലിയ ആധുനിക സാങ്കേതിക വിദ്യയായി എക്സ്-റേ തെരഞ്ഞെടുക്കപ്പെട്ടത്. വിഖ്യാത ആന്റിബയോട്ടിക്കായ പെനിസിലിന് രണ്ടാം സ്ഥാനം മാത്രമാണ് സര്‍വ്വേയില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: