ന്യൂദൽഹി: സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കുറഞ്ഞ പരിരക്ഷ തുക ഇരട്ടിയാക്കിയേക്കുമെന്ന് സൂചന. ദേശീയ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്യാൻസർ, അവയവ ദാനം തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങൾ നേരിടുന്നതിന് സാമ്പത്തിക സഹായം ആവശ്യമായി വരുന്നത് കണക്കിലെടുത്താണ് സർക്കാർ മാറ്റത്തിന് പദ്ധതിയിടുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഇടക്കാല കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം. നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന പരിരക്ഷ തുക. എന്നാൽ ഇത് 10 ലക്ഷമാക്കി ഉയർത്താനാണ് പദ്ധതിയെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.
ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബി പിഎം-ജെഎവൈ) പ്രകാരം ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി 100 കോടിയാക്കാനും കിസാൻ സമ്മാൻ നിധി സ്വീകർത്താക്കൾ, നിർമാണ തൊഴിലാളികൾ, കൽക്കരി ഇതര തൊഴിലാളികൾ, ആശാ തൊഴിലാളികൾ എന്നിവർക്കും ആനുകൂല്യങ്ങൾ നൽകാനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായും റിപ്പോർട്ടിലുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്‌പിറ്റലൈസേഷനായി പ്രതിവർഷം 5 ലക്ഷം രൂപ വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: