ന്യൂദല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ ആധികാരിതയിൽ സംശയം പ്രകടിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഇന്ത്യ സഖ്യത്തിൽ വിള്ളല്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുട്യൂബ് ചാനല്‍ വഴി കപില്‍ സിബലുമായുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു പരാമര്‍ശം ഫാറൂഖ് അബ്ദുള്ള നടത്തിയത്.
ഇന്ത്യ സഖ്യത്തില്‍ നിന്ന് ചില പാര്‍ട്ടികള്‍ പുറത്തുപോകാനും, പ്രത്യേക ബ്ലോക്കായി മാറി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു. സീറ്റ് വിഭജനം കൃത്യമായ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ ഇതെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ രണ്ട് തട്ടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതൃത്വങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ കൃത്യമായ സമയത്ത് തീർക്കാൻ നേതാക്കൾക്ക് സാധിക്കുന്നില്ല. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന കാര്യത്തിലുള്ള വ്യക്തതക്കുറവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അതേസമയം സമയബന്ധിതമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഇന്ത്യ സഖ്യത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയായിരിക്കും. ചിലര്‍ ചേര്‍ന്ന് മറ്റൊരു സഖ്യം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതാണ് ഏറ്റവും വലിയ അപകടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും എവിടെയുമെത്താതെ വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ള പരാമര്‍ശവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: