രാമരാജ്യമാണ് ഭാരതം. രാമനും കൃഷ്ണനുമില്ലാത്ത ഒരു ഭാരതത്തെക്കുറിച്ച് സങ്കല്പിക്കുവാന് പോലും നമുക്കാവുകയില്ല. അത്രമാത്രം ഗാഢാശ്ലേഷിയായ ബന്ധമാണ് ആ അവതാരപുരുഷന്മാരുമായി ഈ നാടിനുള്ളത്. ഒരാള്‍ സത്യത്തിന്റെ പ്രത്യക്ഷ പുരുഷനായിരുന്നെങ്കില്‍ മറ്റൊരാള്‍ ധര്‍മത്തിന്റെ കാവല്‍ ദേവതയായിരുന്നു. സത്യമേവ ജയതേ എന്നും ‘യഥോധര്മസ്തതോജയ’ എന്നും കേട്ടുപഠിച്ചുവളര്ന്ന ഒരു ജനയെ സ്വാധീനിച്ചിട്ടുള്ളത് രാമനും കൃഷ്ണനുമാണ്. അതുകൊണ്ടുതന്നെ ഈ രാഷ്ട്രഹൃദയത്തിന്റെ ശില്പികളായി അവരെ നാം കാണുന്നു.
രാമന്ജീവിച്ചിരുന്നത് ത്രേതായുഗത്തിലാണ്, കൃഷ്ണന് ദ്വാപരയുഗത്തിലും. സത്യയുഗം എന്നുകൂടി പേരുള്ള ത്രേതായുഗത്തില്‍ അയോധ്യയിലെ രാജാവായിരുന്നു ശ്രീരാമചന്ദ്രന്. അയോധ്യയെന്നാല്‍ യുദ്ധമില്ലാത്ത സ്ഥലം എന്നുമാത്രമല്ല, ദുഷ്ടശക്തികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടം എന്നുകൂടി അര്‍ത്ഥമുണ്ട്. അവിടെ സമസ്തൈശ്വര്യ പൂര്‍ണമായും സമാധാനപരമായുമുള്ള ഒരന്തരീക്ഷം സൃഷ്ടിക്കുവാന്‍ ദശരഥപുത്രനായ രാമനു കഴിഞ്ഞു. പരമമായ സത്യത്തെ പരിരക്ഷിക്കുവാന്‍ എല്ലാം ഉപേക്ഷിക്കുവാന്‍ തയ്യാറായ രാമന് മറ്റൊരു വിശേഷണം കൂടിയുണ്ട്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്നാണത്. ധര്‍മ്മം ഉടലാര്ന്നതുപോലെയുള്ള ശ്രീരാമചന്ദ്രന് മാതൃകാപുരുഷോത്തമനായിരുന്നു. സര്‍വസമ്മതനും സര്വജനാരാധ്യനുമായിരുന്നു. രാജാവായിരുന്നിട്ടും ഒരു സാധാരണക്കാരനെപോലെ ജീവിച്ചു. അതുപോലെ കഴിയുവാന്‍ ഇവിടെയാര്ക്കാണാവുക. എല്ലാവരുടെയും ഹൃദയത്തിലായിരുന്നു രാമനു സ്ഥാനം. അതുകൊണ്ടുതന്നെ അദ്ദേഹം ആത്മാരാമനായി ആരാധിക്കപ്പെട്ടു. എല്ലാവരെയും രമിപ്പിക്കുന്നവനായ അഥവാ, സന്തോഷിപ്പിക്കുന്ന ആ രാമന് ഹൈന്ദവവിശ്വാസമനുസരിച്ച് മഹാലക്ഷ്മിയുടെ ഭര്‍ത്താവാണ്. സാക്ഷാല്‍ മഹാവിഷ്ണു. ആ ഒരു വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ആയിരത്താണ്ടുകളായി ഭാരതം പുലര്‍ത്തിപ്പോരുന്നത്. അതിന് ഇന്നോളം ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല.
ആദര്ശോത്കൃഷ്ടമായ ഒരു ജീവിത സംസ്കാരത്തിന്റെ ക്രിയാപാഠങ്ങള്‍ ഈ നാടിനുപകര്ന്നുതന്നത് ശ്രീരാമനാണ്. മനുഷ്യ ബന്ധങ്ങളുടെ ഈടുറപ്പില്‍ ആ സംസ്കാരം എങ്ങനെയാണ് പോഷിപ്പിക്കേണ്ടതെന്ന് രാമായണം ബോധ്യപ്പെടുത്തുന്നു. ആ ബോധം വെളിച്ചം നല്കുന്ന വിശ്വോത്തരമായ വിശിഷ്ടകാവ്യമാണ് ആദികവിയായ വാല്മീകിയുടെ ഇതിഹാസകാവ്യം. അതില്‍ മനുഷ്യര്‍ മാത്രമല്ല സര്‍വചരാചരങ്ങളും കഥാപാത്രങ്ങളാകുന്നു. ശരിക്കുപറഞ്ഞാല്‍ സമസ്ത പ്രപഞ്ചവും പ്രതിഫലിക്കുന്ന സമഗ്രവും സാരസമ്പൂര്‍ണവുമായ ഇതുപോലൊരു കൃതി ഒരു ഭാഷയിലും ഒരു ദേശത്തുമുണ്ടായിട്ടില്ല. അതിന്റെ മഹത്വത്തെക്കുറിച്ചോ പ്രസിദ്ധിയിയെക്കുറിച്ചോ ആരും ആരേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതായില്ല. അത്രമാത്രം ഈ ദേശത്തിന്റെ ആത്മസത്തയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ആ കഥാകാവ്യത്തിന്റെ സ്വരശ്രുതിയില് ഇവിടുത്തെ ജനജീവിതം തളര്ക്കുകയും പൂക്കുകയും ചെയ്യുന്നു. അതിനു നിമിത്തമാവുന്നത്, അഥവാ നിരതിശയകരമായ നിസര്‍ഗ കര്‍മങ്ങള്‍ക്ക് അന്തര്പ്രേരണയരുളുന്നത് ശ്രീരാമചന്ദ്രനാണ്. ആ രാമനെ ഭാരതത്തിന്റെ ഹൃദയത്തിലാണ് നാം പ്രതിഷ്ഠിച്ചിട്ടുള്ളത്. ആ പ്രതിഷ്ഠ വൈദേശിക ശക്തികളും തദ്ദേശീയ ഭരണകൂടങ്ങളും ചേര്‍ന്ന് തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ഇടക്കാലത്ത് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ, സത്യസ്വരൂപനായ ഭഗവാന്റെ സാന്നിധ്യം ഈ മണ്ണില്‍ നിന്ന് മായ്ക്കുവാനോ മറയ്ക്കുവാനോ ആവുകയില്ല എന്ന് വെളിപ്പെടുത്തുന്നവിധത്തിലാണ് ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച് പ്രാണപ്രതിഷ്ഠ ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നത്.
ആ മംഗളകര്‍മ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ സുകൃതമുള്ളവര്ക്കേയാവൂ. രാമമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ചെന്നുനില്ക്കുവാനും ആത്മശുദ്ധി കൈവരിക്കുവാനും അവസരവും ക്ഷണവുമൊക്കെ കിട്ടിയിട്ടും പുറംതിരിഞ്ഞുനില്ക്കുന്നവര് ഭാരതീയരല്ല, ഭാരതം നമ്മുടെ ജന്മഭൂമിയാണ്. ‘ജനനീ ജന്മഭൂമി സ്വര്‍ഗാദപി ഗരിയസി’ എന്നാണ് രാമന് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പിറന്നനാടും പെറ്റമ്മയും സ്വര്‍ഗത്തേക്കാള്‍ മഹത്വപൂര്മാണ്. ഈ ഉദ്ബോധനം ആര്‍ക്കാണ് മറക്കാനാവുക. രാവണ വധാനന്തരം ലങ്കാ മഹാരാജ്യം ചുറ്റിനടന്നുകണ്ടുമടങ്ങിയ ലക്ഷ്മണന് ജ്യേഷ്ഠനോട് ഒരു സ്വകാര്യം പങ്കുവച്ചു. സമസ്തൈശ്വര്യപൂര്ണമായ ലങ്ക അയോധ്യയേക്കാള്‍ എത്രസുന്ദരം! നമുക്ക് എല്ലാവര്ക്കും ഇങ്ങോട്ടുപോന്നാലെന്താണ് എന്നായിരുന്നു അ ഇളയ ബുദ്ധിയുടെ മതിഭ്രമം. അതുകേട്ട് വാത്സല്യത്തോടെ രാമന് പറയുന്നതാണ് മേലുദ്ധരിച്ചത്. ഇതുപോലെ എത്രയെത്ര ജീവിതപാഠങ്ങള്‍. ലക്ഷ്മണോപദേശം മാത്രം ശ്രദ്ധിച്ചാല്‍ മതി രാമായണ കാവ്യത്തിന്റെയും രാമന്റെയും മഹത്വം തൊട്ടറിയുവാന്‍.
ആ രാമന്റെ പേരിലുണ്ടായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍, അതോരോ ഭാരതീയനും അഭിമാന നിമിഷമാണ്. അവിടെ ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ രാഷ്ട്രീയമോ ഒന്നും പ്രശ്നമാകുന്നില്ല. രാമന് എല്ലാവരുടെയും സ്വത്താണ്. അത് തിരിച്ചറിയാതെ രാവണന് കോട്ടയില്‍ കഴിയുന്ന ഒരു പറ്റം ഇന്നും ഇവിടെയുണ്ടെന്നുള്ളത് വേദനാജനകമാണ്. എല്ലാ സൗഭാഗ്യങ്ങളും ജനങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ച പുണ്യപുരുഷന്റെ നാമമന്ത്രങ്ങളാണ് ഐഹിക ജീവിതത്തിന്റെ കരകാണാകടലില് തുഴയുന്ന ജനതതിക്കൊരാലംബമായുള്ളത്. ‘രാമരാമ ഹരേരാമ’ എന്ന നാമം ഈ നാടിന്റെ മോചനത്തിനുള്ള ജീവമന്ത്രമാണ്. ആ രാമന്റെ രാജ്യം സ്വപ്നം കണ്ട രാഷ്ട്രപിതാവിന്റെ നാവിന്തുമ്പില് നിന്നടര്‍ന്നത് ‘ഹേ റാം’ എന്ന ശബ്ദമായിരുന്നു.
എല്ലാറ്റിനും ഒരു നേരോം കാലവുമുണ്ട്. പുണ്യചരിതമായ ഭാരതാംബയുടെ തിരുഹൃദയത്തില്‍ രാമക്ഷേത്രം ഉയരുമ്പോള്‍, അതീനാടിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള ഉറച്ച ചുവടുവയ്പാണ്. അതേ, രാമരാജ്യത്തിലേക്കുള്ള ഒരു സ്വര്‍ഗവാതില്‍ തുറക്കുന്നതുപോലെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: