മൂന്നുനാല് ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്നതും, ഏറെ ജനത്തിരക്കുള്ളതുമായ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി സൗകര്യമൊരുക്കാന്‍ സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞ വാക്കുകള്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് സജ്ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അംഗീകാരമാണ്. സേവനമെന്നാല്‍ സേവാഭാരതിയാണെന്നും, മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ഗൈഡന്‍സ് സെന്ററുകളായാണ് അത് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്. കേരളത്തില്‍ സേവാഭാരതി ഇതുവരെ നടത്തിയതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞു പ്രശംസിക്കുകയും ചെയ്തു. ജാതിയും മതവും നോക്കിയല്ല സേവാഭാരതിയുടെ പ്രവര്‍ത്തനമെന്നും, ദരിദ്രനെയും ദുഃഖിതനെയും ഈശ്വരനായി കണ്ട സ്വാമി വിവേകാനന്ദന്റെ പാതയാണ് സംഘടന അവലംബിക്കുന്നതെന്നും ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആര്. വന്നിയരാജന്‍ തദവസരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് നല്കുന്നതുപോലുള്ള സേവനം കേരളത്തിലെ മറ്റെല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളുമായും ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്നുവിതരണം, ആംബുലന്‍സ് സേവനം, രക്തദാനം, ആഹാര വിതരണം എന്നിങ്ങനെയുള്ള സേവനങ്ങള്‍ സേവാഭാരതി വര്‍ഷങ്ങളായി നടത്തിപ്പോരുകയാണ്.
സേവാഭാരതി എന്ന വാക്കും ആ പേരിലുള്ള സംഘടനയും കേരളത്തിന് സുപരിചിതമാണ്. ഓരോ വ്യക്തിക്കും പ്രാഥമിക സൗകര്യങ്ങളും തുല്യ അവസരങ്ങളും അന്തസ്സുള്ള ജീവിതവും ലഭ്യമാകുന്ന ഒരു സമൂഹ നിര്‍മിതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ആവശ്യമുള്ളവര്ക്കൊക്കെ സഹായഹസ്തം നീട്ടുകയും, നിസ്വാര്‍ത്ഥ സേവനത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ തടസ്സങ്ങളെ തട്ടിനീക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യം, വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം, പ്രകൃതി ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സേവനത്തിന്റെ വിശുദ്ധിയുമായി സേവാഭാരതി കര്‍മനിരതമാണ്. ആര്‍എസ്എസിന്റെ മൂന്നാം സര്‍സംഘചാലക് ബാലാ സാഹെബ് ദേവറസിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ജനജീവിതത്തിന്റെ വിവിധ തുറകളിലേക്ക് സേവന മനോഭാവവുമായി സ്വയംസേവകര്‍ കടന്നുചെന്നതാണ് ഈ സംഘടനയുടെ മഹത്തായ തുടക്കം. ഗുജറാത്തിലെ മോര്‍ബി അണക്കെട്ട് ദുരന്തമുണ്ടായപ്പോഴും, ആന്ധ്രയിലെ ചുഴലിക്കാറ്റ് ദുരന്തത്തിലും, ഹരിയാനയിലെ വിമാനാപകടത്തിലുമൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നപ്പോള്‍ ദുരന്തമുഖങ്ങളില്‍ പ്രവര്‍ത്തനനിരതരായത് സ്വയംസേവകരായിരുന്നു. ഇതൊക്കെ പക്ഷേ സേവനരംഗത്തെ പ്രത്യേക സംഘടനയെന്ന നിലയ്ക്കായിരുന്നില്ല. ആന്ധ്രയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഒരു സര്‍വോദയ നേതാവ് ആര്‍എസ്എസിനെ ‘റെഡി ഫോര്‍ സെല്ഫ്ലെസ് സര്‍വീസ്’ എന്നു വിശേഷിപ്പിച്ചത്.
ബാലാസാഹേബ് ദേവറസിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആദ്യമായി സംഘടന രൂപീകരിച്ചത് കേരളത്തിലാണ്. സേവാഭാരതി എന്ന ഈ സംഘടന തലസ്ഥാന ജില്ലയിലെ മുട്ടത്തറ എന്ന ഗ്രാമം തെരഞ്ഞെടുത്ത് നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ആ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമസേവാ സമിതിയും ഒരു മുന്‍ഗാമിയാണ്. പില്ക്കാലത്ത് ദേശീയ സേവാഭാരതിയെന്ന നിലയ്ക്ക് രാജ്യവ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ഇന്ന് 600 ലേറെ ജില്ലകളിലായി ലക്ഷക്കണക്കിനാളുകള്‍ക്ക് ദേശീയ സേവാഭാരതി വിവിധ തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ലക്ഷങ്ങളുടെ ജീവനെടുത്ത ഗുജറാത്തിലും ദല്‍ഹിയിലുമുണ്ടായ ഭൂകമ്പങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ മിന്നല്‍ പ്രളയങ്ങളും മണ്ണിടിച്ചിലും, മരണത്തെ മുന്നില്‍ കണ്ട് ജനങ്ങള്‍ മരവിച്ചുനിന്ന കൊവിഡ് മഹാമാരി എന്നിങ്ങനെയുള്ള മഹാദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ സേവനത്തിന്റെ മഹത്വം എന്താണെന്ന് സേവാഭാരതി ലോകത്തെ കാണിച്ചുകൊടുക്കുകയായിരുന്നു. കേരളത്തിന്റെ കാര്യമെടുത്താല്‍ പെരുമണ്‍-കടലുണ്ടി തീവണ്ടിയപകടങ്ങള്‍, തീരപ്രദേശങ്ങളില്‍ വീശിയടിച്ച സുനാമികള്‍, ഒന്നിനുപുറകെ ഒന്നായി വന്ന രണ്ട് പ്രളയങ്ങള്‍, നിരവധി ഉരുള്‍പൊട്ടലുകള്‍ എന്നിങ്ങനെ ജനങ്ങള്‍ കഷ്ടപ്പെട്ടപ്പോഴൊക്കെ കണ്ണീരൊപ്പാന്‍ സേവാഭാരതി മുന്നിലുണ്ടായിരുന്നു. ആലംബഹീനരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് സേവാഭാരതി വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. സേവനത്തെ സ്വന്തം കടമയായി കാണുന്ന സേവാഭാരതിക്ക് നിരവധി സുമനസ്സുകളാണ് തങ്ങളുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തു മുഴുവന്‍ സൗജന്യമായി നല്‍കിയത്. വിശ്വാസ്യതയുടെ പ്രതിരൂപമായി മാറാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: